മാള മേലഡൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. മേലഡൂർ ചെട്ടിയാട്ടിൽ രഘുവരനാണ് പരിക്കേറ്റത്. ഇയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂർ: എൻ.എഫ്.ടി.സിയക്കെതിരെ വ്യാജ പരാതി നൽകിയ വി.വി.പി നായർ വെട്ടിൽ ! ഇയാൾ പണ്ട് സ്ഥാപനത്തിൻ്റെ ഭാഗമായിരുന്നു. ഇത് മറയാക്കി നിക്ഷേപകരെ ആശങ്കയിലാക്കി സ്ഥാപനത്തെ ഏതുവിധേനയും തകർക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. ഗോവയിലെ രഹസ്യ കേന്ദ്രത്തിലിരുന്ന് തൃശ്ശൂരിലെ ഒരു ഗൂഡ സംഘത്തെ വിലയ്ക്കെടുത്തു വളരെ നാളായി ഭീഷണി തുടരുകയായിരുന്നു. സ്ഥാപനത്തിൻ്റെ ആസ്തിയിൽ കയ്യിട്ടുവാരാനുള്ള നീക്കത്തിനെതിരെ സൗത്ത് ഇന്ത്യൻ ചെയർമാൻ മനോജ് കുമാർ പി.കെ നിലപാടെടുത്തതോടെയാണ് ഇയാൾ കള്ള പാരാതികൾ അയച്ചു സ്ഥാപനത്തെ തകർക്കാനുള്ള കുതന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയത്.
കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ എൻ എഫ് ടി സി യുടെ ചെയർമാനായിരുന്ന വി വി പി നായർ ഇപ്പോൾ ആ സ്ഥാനത്തില്ലെന്നു മാനേജിങ് ഡയറക്ടർ രാം നരേഷ് താക്കൂർ അറിയിച്ചു. ഒരു വര്ഷം മുൻപ് സ്ഥാപനം നിയമ നടപടി നേരിട്ടതോടെ ഈ സ്ഥാനത്ത് തുടരാ നാകില്ലെന്നു നിർദേശം വന്നതാണ്. അതോടെ പുറത്തായി. നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് നേരെ വി വി പി നായർ വ്യാജ പ്രചാരണം നടത്തുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
2021 മാർച്ച് 21 നു ആര്ബിട്രേഷനിൽ ആയതോടെ ഡയറക്ടർ ബോർഡും ചെയർമാനും ഇല്ലാതായി. ഇപ്പോൾ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ് ഭരണം. ഇക്കാര്യം കാണിച്ച് മാനേജിങ് ഡയറക്ടർ രേഖയും പുറത്തിറക്കിയിട്ടുണ്ട്. നിയമാവലി പ്രകാരം സ്ഥാപനത്തിന് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ അവകാശമുണ്ട്. അതുപ്രകാരമാണ് നിക്ഷേപം സ്വീകരിക്കുന്നത്. ആവശ്യത്തിന് റിസേർവ് ഫണ്ട് ഉള്ളതിനാൽ ഏതുസമയത്തും തിരികെ നല്കാനാകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്
ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് രാത്രി 7 ന് നാടിന് സമര്‍പ്പിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, വി. അബ്ദുറഹിമാന്‍, കെ. രാജന്‍, ഡോ. ആര്‍. ബിന്ദു, എന്‍.കെ. അക്ബര്‍ എംഎല്‍എ, ടി.എന്‍. പ്രതാപന്‍ എംപി എന്നിവര്‍ വിശിഷ്ടാതിഥികളാകും.
എംഎല്‍എമാരായ എ.സി. മൊയ്തീന്‍, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, സനീഷ് കുമാര്‍ ജോസഫ്, പി. ബാലചന്ദ്രന്‍, വി.ആര്‍. സുനില്‍കുമാര്‍, സി.സി. മുകുന്ദന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാം, സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ വി. രാജഗോപാലന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് സ്വാഗതവും ജോയിന്റ് ജന. മാനേജര്‍ ടി.ജെ. അലക്‌സ് നന്ദിയും പറയും. ജനറല്‍ മാനേജര്‍ ടി.എസ് സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും 24.54 കോടി രൂപയാണ് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് അനുവദിച്ചത്. 2017 ലാണ് പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമായത്. റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിനായി 23 സെന്റ് സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തു.
2017 നവംബര്‍ മാസത്തില്‍ റോഡ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍സ് ഓഫ് കേരള (ആര്‍ബിഡിസികെ) സ്ഥലമേറ്റെടുക്കുന്നതിനായുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ചെന്നൈ ഐഐടിയുടെ അനുമതി ലഭ്യമായി. 2021 ജനുവരിയില്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. ഡിസംബറില്‍ പൈലിങ് പ്രവൃത്തി ആരംഭിച്ചു.
റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ റെയില്‍വേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് വിരാമമാകും. ഒരു ദിവസം 30 തവണയോളമാണ് റെയില്‍വേ ക്രോസ് അടച്ച് തുറന്നിരുന്നത്. ഇതുമൂലം അനുഭവപ്പെട്ടിരുന്ന ഗതാഗത തടസ്സത്തിന് പരിഹാരമായി റെയില്‍വേ മേല്‍പ്പാലം വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. കെ.വി. അബ്ദുല്‍ഖാദര്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തിലാണ് റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി ലഭ്യമായത്. തുടര്‍ന്ന് എന്‍.കെ. അക്ബര്‍ എംഎല്‍എ യുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി മേല്‍പ്പാലം നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കഴിഞ്ഞു. എല്ലാ മാസവും മേല്‍പ്പാലം നിര്‍മ്മാണ അവലോകന യോഗങ്ങള്‍ നടത്തി പുരോഗതി വിലയിരുത്തി.
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളില്‍ ആദ്യം നിര്‍മ്മാണം പൂര്‍ത്തികരിച്ചത് ഗുരുവായൂരിലേതാണെന്ന പ്രത്യേകതയുമുണ്ട്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചര്‍ മാതൃക ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയത്. റോഡ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍സ് ഓഫ് കേരളയ്ക്കായിരുന്നു (ആര്‍ബിഡിസികെ) നിര്‍മ്മാണ ചുമതല. 5 സ്പാനുകളിലായി 22 ഗര്‍ഡറുകളുമാണ് മേല്‍പ്പാല നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.
റെയില്‍വേ ഗേയ്റ്റിന് മുകളിലൂടെ 517.32 മീറ്റര്‍ ദൂരത്തിലാണ് റെയില്‍വേ മേല്‍പ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗത സഞ്ചാരത്തിനായി ബിഎം ബിസി നിലവാരത്തില്‍ 7.5 മീറ്റര്‍ വീതിയിലായി റോഡും 1.5 മീറ്റര്‍ വീതിയിലായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പഴയ റോഡ് നാലു മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡായി ഉപയോഗിക്കും. മേല്‍പ്പാലത്തിനു താഴെ പ്രഭാത സവാരി, ഓപ്പണ്‍ ജിം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കും.
പടക്കം പൊട്ടിക്കാൻ ഇനി രണ്ടു മണിക്കൂർ മാത്രം; ഉത്തരവിറക്കി സർക്കാർ
ദീപാവലി എന്ന് കേൾക്കുമ്പോഴേ പടക്കം പൊട്ടിക്കലാണ് ഏവരുടെയും മനസ്സിൽ ആദ്യം തെളിയുന്നത്.ദീപാവലി നാളിനു രണ്ടു ദിവസം മുമ്ബ് എങ്കിലും മിക്ക വീടുകളിലും പടക്കം പൊട്ടിച്ചു തുടങ്ങും. എന്നാൽ ഇപ്പോൾ അതിനൊരു നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ് .
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കാനുള്ള സമയം രണ്ട് മണിക്കൂർ മാത്രമാണെന്ന ഉത്തരവാണ് സർക്കാർ പുറത്തിറക്കിയത്. രാത്രി എട്ട് മുതൽ പത്ത് വരെയാണ് സമയം. ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ഉത്തരവിലുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും ജില്ലാ പൊലീസ് മേധാവികൾക്കും ചുമതല നൽകിയിട്ടുണ്ട്. കൂടാതെ ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നതിനു സമയ നിയന്ത്രണമുണ്ട്. രാത്രി 11.55 മുതൽ 12.30 വരെയാണ് പടക്കം പൊട്ടിക്കാനുള്ള സമയം.
വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം രാജ്യത്ത് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ദീപാവലി സമയത്തും മറ്റ് ആഘോഷങ്ങളുമായും ബന്ധപ്പെട്ട് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവുകൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിർദ്ദേശം നൽകി.
സുരേഷ് ഗോപിക്ക് നോട്ടീസ്
മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണം. കോഴിക്കോട് നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയത്. അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിൻ്റെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി.
മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പിന്നീട് രംഗത്തെത്തിയിരുന്നു. ആ കുട്ടിക്ക് റോങ് ടെച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എന്നാൽ പിന്നീട് മാധ്യമപ്രവർത്തകരെ ഒന്നാകെ പരിഹസിച്ച് സുരേഷ് ഗോപി രംഗത്തെത്തി. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് നോ ബോഡി ടച്ചിങ്ങ് പ്ലീസ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നിൽക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.
തൊയ്ബ മുന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു.
പാകിസ്താനില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ലഷ്‌കറെ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാന്‍ കൊല്ലപ്പെട്ടത്.
ഏറെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് അക്രം. പാകിസ്താനിൽ നിരവധി ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്. 2018-2020 കാലഘട്ടങ്ങളില്‍ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെല്‍ മേധാവിയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. 2023 ഒക്ടോബറില്‍ പഠാന്‍കോട്ട് ആക്രണണത്തിന്റെ സൂത്രധാരനായിരുന്ന ഷാഹിദ് ലത്തീഫും സമാന സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താനിൽ വെച്ചായിരുന്നു ഇയാളും കൊല്ലപ്പെട്ടത്. സെപ്റ്റംബറില്‍ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍മാരില്‍ ഒരാളായ അബു ഘാസിമും അജ്ഞാതന്റെ വെടിയേറ്റ് കൊലപ്പെട്ടിരുന്നു. പാക് അധീന കശ്മീരിലെ ഒരു പള്ളിയില്‍ വെച്ച് പോയിന്റ് ബ്ലാങ്കില്‍ ഖാസിമിന് വെടിയേല്‍ക്കുകയായിരുന്നു.
കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പ്: അപാകതയുണ്ടായെന്ന് ഹൈക്കോടതി
കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു. റീകൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി.
ഡിജിറ്റല്‍ കുറ്റപത്രം നല്‍കാമെന്ന് ഇ.ഡി
കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ ഡിജിറ്റല്‍ കുറ്റപത്രത്തിന് അനുമതി തേടി ഇ.ഡി. 55 പ്രതികള്‍ക്കും കുറ്റപത്രം നല്‍കാന്‍ 13 ലക്ഷം പേപ്പര്‍ വേണമെന്ന് ഇഡി. അനുമതി തേടി കലൂരിലെ പ്രത്യേക കോടതിയില്‍ ഇ.ഡി. അപേക്ഷ നല്‍കി.
റെയ്‌ഡിൽ വ്യാപക ക്രമക്കേട്
പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, ഓഫീസുകൾ എന്നിവിടങ്ങളിൽ നടന്ന റെയ്‌ഡിൽ വ്യാപക ക്രമക്കേട്. ഓപ്പറേഷൻ വനജയുടെ ഭാഗമായി വിജിലെൻസ് വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. പട്ടിക വർഗ വിഭാഗത്തിൽ പെടുന്ന ആളുകളുടെ ക്ഷേമം, ഉന്നമനം എന്നിവ ലക്ഷ്യമിട്ടു നടപ്പിലാക്കിയ വിവിധ പദ്ധതികളിലാണ് ക്രമേക്കേട് നടന്നിട്ടുള്ളത്. വിവിധ ജില്ലകളിൽ ഒരേസമയം നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കൈയോടെ പിടികൂടിയത്. ഇതിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് , ഗർഭിണികൾക്കുള്ള ധന സഹായം കൂടാതെ കുടിവെള്ള പദ്ധതിപോലും കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. വരും ദിവസങ്ങളിൽ പട്ടിക വർഗ വികസന വകുപ്പിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലും റെയ്‌ഡ് ഉണ്ടാകുമെന്നാണ് സൂചന.