അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എന്‍ ഐ ഇ എല്‍ ഐ ടിയുടെ സര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ് ആരംഭിക്കുന്നു. എസ്.സി /എസ്.ടി/ ഇ.ഡബ്ല്യൂ.എസ് പെണ്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകര്‍പ്പുകള്‍ സഹിതം കോളജില്‍ അപേക്ഷ നല്‍കണം. 30 സീറ്റുകളാണുള്ളത്. കോഴ്സ് സൗജന്യം. ഫോണ്‍: 04923 241766, 8547005029, 9495069307.
ഡോക്ടര്‍മാരെ നിയമിക്കുന്നു
ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം ബി ബി എസ് സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ ഡി/ ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) അപേക്ഷ നല്‍കണം. തുടര്‍ന്ന് ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487 2333242.
യു.പി യിൽ പീഡനത്തിനിരയായ പെൺകുട്ടിയെ പട്ടാപ്പകൽ നാട്ടുകാരുടെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു
ലക്നൗ∙ ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ പീഡനത്തിനിരയായ പത്തൊൻപതുകാരിയെ സഹോദരങ്ങൾ ചേർന്ന് പട്ടാപ്പകൽ വെട്ടിക്കൊന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ. ചൊവ്വാഴ്ച രാവിലെയാണ് അശോക്, പവൻ നിഷാദ് എന്നിവർ ചേർന്ന് പെൺകുട്ടിയെ നാട്ടുകാരുടെ കൺമുന്നിലിട്ട് കോടാലി കൊണ്ട് വെട്ടിക്കൊന്നത്.
മൂന്നു വർഷം മുമ്പ് പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പാണ് പവൻ നിഷാദ് പീഡിപ്പിച്ചത്. പവനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു.
മറ്റൊരു കൊലപാതകക്കേസിൽ പ്രതിയായ അശോക് നിഷാദ് രണ്ട് ദിവസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് പീഡന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ കുടുംബത്തെ ഭീഷണിപ്പെടുത്തി. എന്നാൽ പരാതി പിൻവലിക്കാൻ പെൺകുട്ടി തയാറായില്ല. രാവിലെ കന്നുകാലികളുമായി പാടത്തേക്ക് പോകുമ്പാഴാണ് പെൺകുട്ടിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
സ്കൂളിലെ വെടിവയ്പ്പ്; പൂർവവൈരാഗ്യമെന്ന് നിഗമനം
തൃശൂർ: സ്കൂളിലെത്തി ഒരു പൂർവവിദ്യാർത്ഥി തോക്കെടുത്ത് വെടിവയ്ക്കുന്നു. കേരളത്തിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യം. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തികച്ചും മാനസിക അസ്വസ്ഥ്യമുള്ള യുവാവിന്റെ ചെയ്തികളാണ് ഒരു സ്കൂളിനെയാകെ മുൾമുനയിൽ നിർത്തിയത്. സംഭവത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസെത്തി പിടികൂടി. മുളയം സ്വദേശി ജഗനാണ് വിവേകോദയം സ്കൂളിൽ എയർഗൺ ഉപയോഗിച്ച് വെടിവച്ചത്.
‘തൊപ്പി തരൂ, 500 രൂപ തരൂ എന്ന് പറഞ്ഞാണ് ഇയാൾ ക്ലാസ് റൂമിലേക്ക് കയറി വന്നത്. ചെയറിലിരുന്നിട്ട് രാമൻ സാറെവിടെയാണെന്ന് ചോദിച്ചു. പിന്നെ മുരളി സാറിനെയും ചോദിച്ചു. പിടി സാറിന്റെ അടുത്ത് നിന്ന് വെടിവെച്ചു’. പിന്നീട് സ്റ്റാഫ് റൂമിലെത്തിയും വെടിവെച്ചുവെന്നാണ് ദൃക്സാക്ഷികളായ വിദ്യാർഥികൾ പറയുന്നത്. തൃശൂര്‍ അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നും 1500 രൂപയ്ക്ക് വാങ്ങിയ എയർ ഗൺ ആണ് ജഗന്‍ ഉപയോഗിച്ചത്. യുവാവിനെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 2020 മുതൽ മാനസികാരോഗ്യത്തിന് ചികിൽസയിലാണ് ജഗന്‍. ജഗന്റെ മാതാപിതാക്കളെ പൊലീസ് വിളിച്ചു വരുത്തി. മൂന്നു കൊല്ലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നാണ് മാതാപിതാക്കളുടെ മൊഴി. തോക്ക് വാങ്ങാന്‍ പണം പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങിയെന്നും മൊഴിയുണ്ട്.
വിമാനയാത്രാ നിരക്ക് ആറിരട്ടി കൂട്ടി.
കരിപ്പൂർ: കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ആറിരട്ടി വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഡിസംബർ ഒന്നുമുതൽ വർധന പ്രാബല്യത്തിൽവരും. 11 മാസത്തിനിടെ ഏഴാംതവണയാണ് നിരക്കുവർധന. എന്നാൽ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള നിരക്കിൽ വർധനയില്ല.
ക്രിസ്‌മസ്, പുതുവത്സരാഘോഷവും ഗൾഫിൽ വിദ്യാലയങ്ങളുടെ അവധിക്കാലവും മുൻകൂട്ടിക്കണ്ടാണ് കൊള്ള. തുടർച്ചയായി വിമാനനിരക്ക് ഉയരുമ്പോഴും കേന്ദ്രം ഇടപെടുന്നില്ല. ഇത്തിഹാദ് എയർവേയ്സിൽ പുതുവത്സര ദിനത്തിൽ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് ഇക്കണോമി ക്ലാസിന് 75,000 രൂപയാണ് നിരക്ക്. നിലവിൽ പതിനായിരത്തിനുതാഴെയാണ് നിരക്ക്.
നിലവിൽ 50,000 രൂപയുള്ള ബിസിനസ് ക്ലാസിന് 1,61,213 രൂപ നൽകണം. കരിപ്പൂർ, നെടുമ്പാശേരി നിരക്കിലും കാര്യമായ മാറ്റമില്ല. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് എയർലൈൻസ് ഈടാക്കുന്നത്. ഇത് യഥാക്രമം അരലക്ഷവും 83,527 രൂപയുമാവും. മറ്റു വിമാനക്കമ്പനികളുടെ നിരക്കും ഇതേപോലെ വർധിക്കും.
കേരളത്തിൽനിന്ന് യുഎഇ സെക്ടറിൽ കൂടുതൽ സർവീസ് നടത്തുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഡിസംബർ ഒന്നുമുതൽ നാലിരട്ടിമുതൽ ആറിരട്ടിവരെ നിരക്ക് വർധിപ്പിച്ചു. നിലവിലെ 13,500 രൂപ 78,000 ആകും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽനിന്നും യുഎഇയിലേക്ക് പറക്കാൻ 60,000 മുതൽ 78,000 രൂപവരെ നൽകേണ്ടിവരും.
ദുബായിൽനിന്ന് കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഡിസംബർ എട്ടുമുതൽ 22വരെ 32,880 മുതൽ 42,617 രൂപവരെയാണ് എയർഇന്ത്യ ഈടാക്കുക. നിലവിൽ 12,000 രൂപയാണ്. ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലേക്ക് ഡിസംബർ രണ്ടും മൂന്നും വാരങ്ങളിൽ 31,907മുതൽ 42,117 രൂപവരെയാണ് യാത്രാനിരക്ക്.
കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ്, അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യണമെങ്കിൽ ഡിസംബർ 26 മുതൽ ജനുവരി എട്ടുവരെ 35,555 മുതൽ 44,037 രൂപവരെയാണ് നിരക്ക്. 12,000 രൂപയിൽനിന്നാണ് ഈ വർധന. അവധിക്കാലം മുതലെടുത്ത് കാലങ്ങളായി തുടരുന്ന വിമാനക്കമ്പനികളുടെ ആകാശക്കൊള്ളയ്ക്കെതിരെ പ്രതിഷേധം കനക്കുകയാണ്.
പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു …
പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍ കയറി നിരവധി കേസുകളില്‍ പ്രതിയായ ആള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ ജിഡി ഇന്‍ ചാര്‍ജ് ആയ ബിനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്.
വര്‍ക്കല അയിരൂര്‍ പൊലീസ് സ്റ്റേഷന് അകത്തു വച്ചാണ് വേട്ടേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചാവര്‍കോട് സ്വദേശി അനസ് ഖാനാണ് പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചത്. ഇന്നലെ രാത്രി 10:30 ന് ആണ് സംഭവം.
മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അന്തരിച്ചു
കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എ ആര്‍. രാമചന്ദ്രന്‍ (62) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തിന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 4.30ന് ആയിരുന്നു അന്ത്യം. സിപിഐ മുന്‍ ജില്ലാ സെക്രട്ടറിയാണ് ആര്‍. രാമചന്ദ്രന്‍.
സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.
റോഡപകടം : കേരളത്തിനു മൂന്നാം സ്ഥാനം
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്.
റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിന് മുമ്പുള്ള വിവരങ്ങളാണ് കണക്കുകൾക്ക് അടിസ്ഥാനം. 2023 ജൂണിനുശേഷം കേരളത്തിൽ വാഹനാപകട മരണനിരക്ക് കുറഞ്ഞുവെന്നാണ് സർക്കാരിന്റെ കണക്ക്.
2022-ൽ സംസ്ഥാനത്ത് 43,910 അപകടങ്ങളുണ്ടായപ്പോൾ 2021-ൽ അത് 37,729 ആയിരുന്നു. 64,105 വാഹനാപകടങ്ങൾ നടന്ന തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്തുള്ളത്. മധ്യപ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്. 54,432. 2019 മുതൽ രാജ്യത്തെ വാഹനാപകടങ്ങളിൽ തമിഴ്‌നാട് മുന്നിലാണ്. 2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളം സ്ഥിരമായി അഞ്ചാം സ്ഥാനത്തായിരുന്നു. അതേസമയം 2022-ൽ അപകടമരണത്തിൽ സംസ്ഥാനം 16-ാം സ്ഥാനത്താണെന്നത് ആശ്വാസത്തിന് വക നൽകുന്നു. 2021-ൽ 17-ാമതായിരുന്നു. 2021-ൽ 3,429 പേരും 2022-ൽ 4,317 പേരും മരിച്ചു.
41,746 അപകടങ്ങളിൽ 22,595 ജീവനുകൾ നഷ്ടമായ ഉത്തർപ്രദേശാണ് മരണനിരക്കിൽ മുന്നിൽ. 13.4 ശതമാനമാണ് മരണനിരക്ക്. തമിഴ്‌നാട് (17,884) രണ്ടാം സ്ഥാനത്തും മഹാരാഷ്ട്ര (15,224) മൂന്നാം സ്ഥാനത്തുമുണ്ട്. മധ്യപ്രദേശ് നാലാം സ്ഥാനത്തും (13,427), കർണാടകം (11,702) അഞ്ചാം സ്ഥാനത്തും എത്തി. ആദ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലാണ് അപകടമരണത്തിന്റെ 73.8 ശതമാനവും സംഭവിച്ചിട്ടുള്ളത്.
2022-ൽ സംസ്ഥാനത്ത് 534 ഇരുചക്രവാഹന യാത്രികർ കൊല്ലപ്പെട്ടത് ഹെൽമെറ്റ് ഇല്ലാത്തതുകാരണമാണെന്ന് റിപ്പോർട്ടിലുണ്ട്. 2490 പേർക്ക് പരിക്കുണ്ട്. അപകടങ്ങളിൽ ഏറെയും ഗ്രാമീണ മേഖലകളിലാണ്. 3227 പേർ ഗ്രാമീണ റോഡുകളിലും 1090 പേർ നഗരറോഡുകളിലും കൊല്ലപ്പെട്ടു.
വാഹനാപകടങ്ങൾ: 2022. 2021-ലെ കണക്കുകൾ ബ്രാക്കറ്റിൽ
തമിഴ്‌നാട് 64,105 (55,682)
മധ്യപ്രദേശ് 64,105 (48,877)
കേരളം 43,910 (33,296)
ഉത്തർപ്രദേശ് 41,746 (37,729)
കർണാടകം 39,762 (34,647)
ശർക്കര ചായ ഗുണങ്ങളേറെ ……
ശര്‍ക്കരയ്ക്ക് ആരോഗ്യ ഗുണങ്ങളേറെയാണ്. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. തടി കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ശര്‍ക്കര നല്ലതാണ്.
ഇനി ദിവസേന ശര്‍ക്കര ചായ കുടിക്കുന്നത് ശീലമാക്കൂ.ഇത് ദഹനത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശര്‍ക്കര സഹായിക്കുന്നു. വിളര്‍ച്ചയെ ചെറുക്കാന്‍ ദിവസേന ഒരു ഗ്ലാസ് ശര്‍ക്കര ചായ കുടിക്കാം.
ശര്‍ക്കരയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പോഷകഗുണമുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാന്‍ ഇതിന് കഴിയും.
ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്ന സെലിനിയവും സിങ്കും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും. ശര്‍ക്കരയില്‍ സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ധാതുക്കളും ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ശര്‍ക്കര ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ശര്‍ക്കര ചായയില്‍ പ്രകൃതിദത്തവും സുപ്രധാനവുമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചര്‍മ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നല്‍കാനും ഇത് സഹായിക്കുന്നു.
നവകേരളം: വിദ്യാർത്ഥികൾക്ക് കലാമത്സരങ്ങൾ 25 ന്
ഗുരുവായൂർ മണ്ഡലത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നവംബർ 25 ന് വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രൈമറി തലത്തിൽ ചിത്രരചന, ഹൈസ്കൂൾ വിഭാഗത്തിനായി പ്രസംഗം, ഹയർ സെക്കൻഡറി തലത്തിൽ ഉപന്യാസം എന്നീ മത്സരങ്ങളാണ് നടത്തുന്നത്.
നവകേരള സദസ്സിന് മുന്നോടിയായി 27 ന് ഗുരുവായൂർ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ ശുചീകരണ ദിനം ആചരിക്കും. എൻസിസി, എസ് പി സി , എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളും ശുചീകരണം നടത്തും. എല്ലാ വിദ്യാലയങ്ങളിലും 28ന് നവകേരള സദസ്സ് പൊതുപ്രതിജ്ഞ ചൊല്ലും.
മമ്മിയൂർ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മണ്ഡലം കോർഡിനേറ്റർ ഡി ഷാജിമോൻ , എഇഒ കെ ആർ രവീന്ദ്രൻ , പ്രധാനധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.