Saturday, April 19, 2025
Home Blog Page 1112

രണ്ടാം മത്സരത്തിനു കളമൊരുങ്ങി.

0

തിരുവനന്തപുരം: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വിന്റി 20-യ്‌ക്ക് വേണ്ടി സജ്ജമായി തിരുവനന്തപുരം. മത്സരത്തിനോടനുബന്ധിച്ച് ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകൾ ഇന്നലെ വൈകിട്ടോടെ തലസ്ഥാനത്തെത്തി. ടീം ഇന്ത്യ ഹയാത്ത് റീജൻസിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസത്തിനെത്തിയിരിക്കുന്നത്.

ഇന്ന് ഇരുടീമുകൾക്കും ഓപ്ഷണൽ പരിശീലനമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ട്വന്റി 20 കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യ, ഓസീസ് ടീമുകൾ അടുത്ത മത്സരത്തിന് വേണ്ടി ഗുവാഹത്തിയിലേക്ക് പോകും

തിരുവനന്തപുരത്തെ കാലാവസ്ഥയും അന്തരീക്ഷവും മത്സരത്തെയും ടീമുകളുടെ പ്രകടനത്തെയും സ്വാധീനിക്കും.ഹൈ-സ്‌കോർ ത്രില്ലർ പ്രതീക്ഷിക്കാം.മത്സരവേദിയായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

ക്ലബ് എഫ്എമ്മിൽ ആർജെ ആകാൻ അവസരം

0

ക്ലബ് എഫ്എമ്മിൽ റേഡിയോ ജോക്കിയാകാൻ അവസരം. ആത്മവിശ്വാസമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. 30 വയസാണ് പ്രായപരിധി. താത്പര്യമുള്ളർക്ക് വിശദമായ ബയോഡാറ്റയും സമകാലിക വിഷയത്തെ ആസ്പദമാക്കിയുള്ള റീൽസിനൊപ്പം 8139822214 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക.

നവകേരള സദസ്സിൽ എത്താതിരുന്ന 20 പേരെ…

0

മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പടിയൂര്‍ പഞ്ചായത്ത് കണ്ണൂര്‍: നവകേരള സദസില്‍ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചതായി ആരോപണം. കണ്ണൂര്‍ പടിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേധിച്ചത്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പടിയൂര്‍ പഞ്ചായത്ത്. നവകേരള സദസില്‍ എത്താത്ത ഇരുപതോളം തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിച്ചത്. അതേസമയം പ്രൊജക്ട് മീറ്റിംഗില്‍ പങ്കെടുക്കാത്തതിനാലാണ് ഒഴിവാക്കിയതെന്നും നവകേരള സദസുമായി യാതൊരു ബന്ധവുമില്ലെന്നും പഞ്ചായത്ത് വിശദീകരിച്ചു. എന്നാല്‍ തന്നെ പങ്കെടുപ്പിക്കാതെയാണ് പ്രൊജക്ട് മീറ്റിംഗ് വിളിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ആരോപിച്ചു.

രക്ഷാദൗത്യം വൈകുന്നു; കുടുങ്ങിയിട്ട് 14 ദിവസം

0

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്കായുളള രക്ഷാ ദൗത്യം വൈകുന്നു. വെള്ളിയാഴ്ച വൈകുന്നേരം പുനരാരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ, ആഗർ ഡ്രില്ലിംഗ് മെഷീൻ ഒരു മെറ്റൽ ഗർഡറിൽ ഇടിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. ഡ്രില്ലിങ്ങിലെ തടസ്സങ്ങൾ കണക്കിലെടുത്ത്, രക്ഷാപ്രവർത്തകർ കൈകൾ കൊണ്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ശ്രമിക്കുന്നുണ്ട്. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം ഇന്നും തുടരും.

വ്യാഴാഴ്ച സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന് 24 മണിക്കൂറിലധികം മെഷീൻ നേരത്തെ പ്രവർത്തനരഹിതമായിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സുരക്ഷാ കുഴല്‍ തൊഴിലാളികളുടെ സമീപത്തെത്താൻ ഇനി അവശേഷിക്കുന്നത് മീറ്ററുകൾ മാത്രമാണ്.

41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 14 ദിവസമായി. തുരങ്കത്തിനുള്ളില്‍ കഴിയുന്ന തൊഴിലാളികള്‍ സുരക്ഷിതരാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സുരക്ഷാ കുഴൽ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ സുരക്ഷാ കുഴലിലൂടെ സ്‌ട്രെച്ചറില്‍ ഓരോരുത്തരെയായി പുറത്തെത്തിക്കും. ഇതിൻ്റെ ട്രയലും ദുരന്ത നിവാരണ സേനാംഗങ്ങൾ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികളെ ആശുപത്രിലേക്ക് മാറ്റുന്നതിനായി 41 ആംബുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്. എയര്‍ ലിഫ്റ്റിംഗ് ആവശ്യമായി വന്നാൽ അതിനായി ഹെലികോപ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ നിരന്തരം വാക്കിടോക്കി വഴി ആശയ വിനിമയം നടത്തുന്നുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം.

ഉത്തരാഖണ്ഡില ഛാർധാം റോഡ് പദ്ധതിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന തുരങ്കം നവംബർ 12ന് പുലർച്ചെ നാല് മണിയോടെയാണ് തകർന്നതും 41 തൊഴിലാളികൾ അപകടത്തിൽപ്പെട്ടതും. യമുനോത്രി ഥാവിൽ നിന്ന് ഉത്തരകാശിയിലേക്കുള്ള ദൂരം കുറയ്ക്കുന്നതിന്റെ ഭാ​ഗമായി നിർമ്മിച്ച് കൊണ്ടിരിക്കുന്ന തുരങ്കത്തിലായിരുന്നു അപകടം ഉണ്ടായത്.

ഓംകാറിന് മധുരം നൽകി മമ്മൂട്ടി.

0

മകൻ ഓംകാറിന്റെ ജന്മദിനം മമ്മൂട്ടിയ്ക്കും ഭാര്യ സുലുവിനുമൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ നരേൻ.
“ഓംകാറിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ… അനുഗ്രഹീതമായി ഒരു ദിവസം അവസാനിക്കുന്നു,” ചിത്രങ്ങൾ പങ്കുവച്ച് നരേൻ കുറിച്ചു.

വിവാഹം കഴിഞ്ഞ് 15 വർഷങ്ങൾക്കു ശേഷം നരേന്റെയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് എത്തിയ കുഞ്ഞാണ് ഓംകാർ. പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞുകൂടി വരുന്ന സന്തോഷവാർത്ത നരേൻ പങ്കിട്ടത്.

“15-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഈ പ്രത്യേക സുദിനത്തില്‍ ഒരു സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെ ഉടന്‍ പ്രതീക്ഷിക്കുന്നു,” എന്നാണ് നരേൻ കുറിച്ചത്. നവംബർ 24 നു താൻ അച്ഛനായ വിവരവും നരേൻ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഓംകാർ നരേൻ എന്നാണ് കുഞ്ഞിന്റെ പേര്.

മഞ്ജു ഹരിദാസ് ആണ് നരേന്റെ ജീവിതപങ്കാളി. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം. തന്മയ എന്നൊരു മകളുമുണ്ട് ദമ്പതികൾക്ക്.
2002ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്റെ സിനിമ അരങ്ങേറ്റം. ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്‌സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ്, അയാളും ഞാനും തമ്മില്‍, ത്രീ ഡോട്ട്‌സ്, കവി ഉദ്ദേശിച്ചത്, ഒടിയന്‍ എന്നിവയൊക്കെ നരേന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് നരേൻ. കമൽഹാസൻ ചിത്രം വിക്രത്തിലാണ് ഏറ്റവും ഒടുവിൽ നരേനെ കണ്ടത്.

നവംബർ 25 -വെജിറ്റേറിയൻ ഡേ.

0

നവംബർ 25 സംസ്ഥാനത്ത് വെജിറ്റേറിയൻ ഡേ ആയിരിക്കുമെന്നും എല്ലാ ഇറച്ചിക്കടകളും അറവുശാലകളും ഈ ദിവസം അടച്ചിടണമെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ഉത്തരവിറക്കി. സാധു ടി എൽ വസ്വാനിയുടെ ജന്മദിനം പ്രമാണിച്ചാണ് “നോ നോൺ, വെജ് ഡേ” പ്രഖ്യാപിച്ചതെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനായിരുന്നു സാധു തൻവർദാസ് ലീലാറാം വസ്വാനി മീരാ മൂവ്‌മെന്റ് ഇൻ എഡ്യൂക്കേഷൻ ആരംഭിക്കുകയും സിന്ധിലെ (ഇപ്പോൾ പാകിസ്ഥാനിൽ) ഹൈദരാബാദിൽ സെന്റ് മീരാസ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് പൂനെയിൽ ദർശൻ മ്യൂസിയം തുറന്നത്. സാധു വസ്വാനിയുടെ ജന്മദിനമായ നവംബർ 25 അന്താരാഷ്ട്ര മാംസരഹിത ദിനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഹലാൽ സർട്ടിഫിക്കേഷനോടുകൂടിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപന എന്നിവയ്ക്ക് യുപി സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.

ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഹലാൽ ഉൽപന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയുടെ നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

“പൊതുജനാരോഗ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി, ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപന എന്നിയുടെ നിരോധനം ഉത്തർപ്രദേശിൽ ഉടനടി പ്രാബല്യത്തിൽ വരും” ഉത്തർപ്രദേശ് ഫുഡ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.

2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം പറയുന്ന അധികാരികൾക്ക് മാത്രമേ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശമുള്ളൂവെന്ന് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. “ഭക്ഷ്യ ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണ്. അത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത് പ്രസ്തുത നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തിന് പൂർണ്ണമായും വിരുദ്ധവും 89 പ്രകാരം ലംഘനവുമാണ്,” ഉത്തരവിൽ പറയുന്നു.

ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് സുരേഷ് ഗോപി

0

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കോടി കാണിച്ച സംഭവത്തെ പിന്തുണച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ജനങ്ങൾക്കുവേണ്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും അവരെ നമ്മൾ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് നടന്ന പരിപാടിക്കിടെയാണ് സുരേഷ് ഗോപി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് രംഗത്തെത്തിയത്. ഭരണകൂടം തെറ്റു കാണിച്ചാൽ അത് ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷത്തിൻ്റെ ധർമ്മമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത് തെറ്റുകൾക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ്. അവരുടെ പ്രതിഷേധ പരിപാടിക്ക് മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണകൂടത്തിൻ്റെ വികല നയങ്ങൾക്കെതിരെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടിയതും തല്ലുകൊണ്ടതും ജനങ്ങൾക്ക് വേണ്ടിയാണ്. അവർ യൂത്ത് കോൺഗ്രസുകാർ ആയതുകൊണ്ട് മാത്രം അവരെ മാറ്റിനിർത്തേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിപക്ഷത്തുള്ളത് ഏതു പാർട്ടിയോ ആയിക്കൊള്ളട്ടെ. അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിൻ്റെ വികല നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു പ്രതിഷേധമായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ നടന്നതും. എന്നാൽ ഭരണ പാർട്ടിയുടെ യുവജന സംഘടനാ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയവരെ ക്രൂരമായി തല്ലി ചതക്കുകയാണ് ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു.

പ്രത്യാശയുടെ നുറുങ്ങുവെട്ടം; ഇസ്രയേല്‍ 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു

0

ഗാസസിറ്റി: 48 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ​ഗാസയില്‍ ആശ്വാസത്തിന്‍റെ മണിക്കൂറുകള്‍. നാല് ദിവസത്തെ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബന്ദികളുടെ കൈമാറ്റം പുരോ​ഗമിക്കുകയാണ്. 39 പലസ്തീൻ തടവുകാരെ വിട്ടയച്ചതിന് പകരമായി 24 ബന്ദികളെ ഹമാസ് വിട്ടയച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബന്ദികളുടെ മോചനം തുടങ്ങിയത്.

24 ബന്ദികളെ റെഡ്ക്രോസ് വഴിയാണ് ഹമാസ് കൈമാറിയത്. ഇതിൽ സ്ത്രീകളും കുട്ടികളുമടങ്ങിയ 13 ഇസ്രയേലികൾ, പത്ത് തായ്ലാൻഡ് പൗരന്മാർ, ഒരു ഫിലിപ്പീൻസ് പൗരന്‍ എന്നിവർ ഉൾപ്പെടുന്നു. 24 സ്ത്രീകളും 15 കുട്ടികളുമടങ്ങുന്ന 39 പലസതീനികളെയാണ് ഇസ്രയേൽ മോചിപ്പിച്ചത്. നാല് ദിവസത്തിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്. പ്രതിദിനം പത്ത് പേർ എന്ന കണക്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ​ഗാസയിലേക്കുളള മാനുഷിക സഹായങ്ങളുടെ വിതരണവും ആരംഭിച്ചു. മരുന്നും അവശ്യ സാധനങ്ങളുമായാണ് ഗാസയിലേക്ക് ട്രക്കുകൾ എത്തുന്നത്. ഓരോ ദിവസവും 300 ട്രക്ക് അവശ്യ സാധനങ്ങളും ഒരു ലക്ഷത്തിലധികം ലിറ്റർ ഇന്ധനവും ഈജിപ്ത് വഴി എത്തിക്കാനാണ് നിലവിലെ ശ്രമം. ഇന്ധനമെത്തുന്നതോടെ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

പ്രത്യാശയുടെ നുറുങ്ങുവെട്ടം എന്നാണ് വെടിനിർത്തലിനെ ഖത്തർ വിശേഷിപ്പിച്ചത്. സാഹചര്യം നിരീക്ഷിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. അതേസമയം വെടിനിർത്തലിന് തൊട്ടുമുമ്പ് വരെ ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ ഇന്തോനേഷ്യൻ ആശുപത്രിയുടെ ഒരു ഭാഗം തകർന്നു. ജബലിയ അഭയാർഥിക്യാമ്പിൽ 27 പേർ കൊല്ലപ്പെട്ടു. ബെയ്ത് ഹനൂനിലെ ജനവാസ കേന്ദ്രത്തിലും ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ 300 ഹമാസ് കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കിലും സൈന്യം പരിശോധന നടത്തി. അതിനിടെ അൽ-ഷിഫ ആശുപത്രി ഡയറക്ടറെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാണ്. ആശുപത്രികളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഡോക്ടർമാരെ ഉടൻ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പുറത്തു പോയി കഴിച്ചിട്ട് വർഷങ്ങളായി; സൽമാൻ ഖാൻ

0

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ മുൻനിരയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് സൽമാൻ ഖാൻ. സൽമാന്റെ വ്യക്തി ജീവിതവും സിനിമ ജീവിതവും പലപ്പോഴും വിവാദങ്ങൾക്ക് ഇടയാക്കാറുണ്ട്. 1988 ൽ പുറത്തിറങ്ങിയ ബീവി ഹോ തോ ഐസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ടൈഗർ 3യാണ് സൽമാൻ ഖാൻ നായകനായി എത്തിയ പുതിയ ചിത്രം. കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. 2012-ൽ പുറത്തിറങ്ങിയ ഏക്ഥാ ടൈ?ഗർ, 2017-ലിറങ്ങിയ ടൈഗർ സിന്ദാ ഹേ എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിൽ ഉൾപ്പെട്ട ടൈഗർ 3.

ഇപ്പോഴിതാ 25-26 വർഷമായി താൻ പുറത്ത് നിന്ന് അത്താഴം കഴിച്ചിട്ടെന്ന് വെളിപ്പെടുത്തുകയാണ് നടൻ സൽമാൻ ഖാൻ. 25, 26 വർഷമായി, അല്ലെങ്കിൽ അതിലേറെ കാലമായി വീട്ടിൽനിന്ന് പുറത്തുപോയി അത്താഴവിരുന്ന് കഴിച്ചിട്ടില്ലെന്ന് സൽമാൻ ഖാൻ പറഞ്ഞു. സിനിമാ ഷൂട്ടിങ്ങുകൾക്കുവേണ്ടി മാത്രമാണ് വീടുവിട്ട് യാത്രചെയ്യാറുള്ളത്. വീട്ടുമുറ്റത്തിരിക്കുന്നതോ ഫാമിലേക്ക് പോകുന്നതോ മാത്രമാണ് ഔട്ടിങ് എന്ന രീതിയിൽ ആകെ ചെയ്യാറുള്ളതെന്നും സൽമാൻ ഖാൻ പറഞ്ഞു.

’25, 26 വർഷമായി, അല്ലെങ്കിൽ അതിലേറെ കാലമായി വീട്ടിൽനിന്ന് പുറത്തുപോയി ആഹാരം കഴിച്ചിട്ട്. വീട്, ഷൂട്ട്, ഹോട്ടൽ, എയർപോർട്ട്, ലൊക്കേഷൻ, വീട്ടിലേക്ക്, പിന്നെ ജിമ്മിലേക്കാണ് എന്റെ യാത്ര. അത്രയേയുള്ളൂ. എന്റെ കുടുംബത്തേക്കാൾ കൂടുതൽ സമയം ഞാൻ എന്റെ സ്റ്റാഫിനൊപ്പം ചെലവഴിക്കുന്നു. ഷോപ്പിംഗിന് പോലും ഞാൻ പോകാറില്ല. ഒറ്റയ്ക്ക് പുറത്ത് പോകാറില്ല. അടുത്തകാലത്ത് പുറത്തുപോയത് അമ്മയേയും കൂട്ടി ഒരു ചായ കുടിക്കാനോ മറ്റോ ആണെന്നാണ് ഓർമ്മ. അത്രമാത്രം’. സൽമാൻ ഖാൻ പറഞ്ഞു.

സംസ്ഥാന സെമിനാര്‍ 26ന് തിരുവനന്തപുരത്ത്

0

കേരള വനിതാ കമ്മിഷനും സുശീല ഗോപാലന്‍ സ്മാരക സ്ത്രീപദവി നിയമ പഠനകേന്ദ്രവും (എസ്ജിഎല്‍എസ്) സംയുക്തമായി ഇന്ത്യന്‍ ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ നവംബര്‍ 26ന് രാവിലെ 10ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്കായി 30 ശതമാനം സംവരണം അനുവദിക്കപ്പെട്ടത് ആഘോഷിക്കപ്പെടുന്ന ഈ കാലത്തും ഇന്ത്യയില്‍ സ്ത്രീകളുടെ ലിംഗപദവിയും അവകാശങ്ങളും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് വലിയൊരു ചോദ്യമായി നിലനില്‍ക്കുന്നു. ലിംഗഭേദമന്യേ തുല്യ അവകാശം വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടന ഉണ്ടായിട്ടും അവകാശങ്ങള്‍ക്കായി സ്ത്രീകള്‍ക്ക് ഇന്നും നിരന്തര പ്രക്ഷോഭങ്ങള്‍ നടത്തേണ്ടി വരുകയാണ്. ഈ സാഹചര്യത്തെപ്പറ്റി കൂടുതല്‍ അറിയാനും ചര്‍ച്ച ചെയ്യാനുമാണ് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.

വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എസ്.ജി.എല്‍.എസ് പ്രസിഡന്റ് അഡ്വ. സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും നിയമപരിരക്ഷയും എന്ന വിഷയം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് മെറിന്‍ ജോസഫ് അവതരിപ്പിക്കും. ഭരണഘടനയും സ്ത്രീസംരക്ഷണ നിയമങ്ങളും എന്ന വിഷയം കേരള വനിതാ കമ്മിഷന്റെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ അഡ്വ. പാര്‍വതി മേനോന്‍ അവതരിപ്പിക്കും. എസ്.ജി.എല്‍.എസ് സെക്രട്ടറി ഡോ. ടി. ഗീനാകുമാരി, വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, എ.ഐ.ഡി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും.