Saturday, April 19, 2025
Home Blog Page 1110

കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെ അപകടം; നാല് വിദ്യാര്‍ഥികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്മന്ത്രിമാര്‍ കൊച്ചിയിലേക്ക്, 4പേരുടെ നില ഗുരുതരം

0

കുസാറ്റ് ദുരന്തത്തിനു പിന്നാലെ കൊച്ചിയിലേക്ക് തിരിച്ച് മന്ത്രിമാരായ പി രാജീവും, ആര്‍ ബിന്ദുവും. നവ കേരള സദസിന്റെ ഭാഗമായി ഇരുവരും കോഴിക്കോട്ടാണ്. ഇവിടെ നിന്നു ഇരുവരും കൊച്ചിയിലേക്ക് പുറപ്പെട്ടു. സര്‍വകലാശാല ഉള്‍ക്കൊള്ളുന്ന കളമശ്ശേരി മന്ത്രി രാജീവിന്റെ മണ്ഡലം കൂടിയാണ്. വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയതായി ഇരുവരും വ്യക്തമാക്കി.

കളമശ്ശേരി കുസാറ്റ് സര്‍വകലാശാല ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികളാണ് മരിച്ചത്. കുസാറ്റ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ദാരുണ സംഭവം. 64 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നാല് പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത സന്ധ്യ തീരുമാനിച്ചിരുന്നു. ഇത് കേള്‍ക്കാന്‍ ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവര്‍ കൂടി ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികള്‍ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു.

നാല് വിദ്യാര്‍ഥികള്‍ മരിച്ചതില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നത്.

വ്യവസായ മന്ത്രി പി. രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. ഇവര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കും. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കുസാറ്റിലെ ദുരന്തത്തില്‍ ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

0

കോഴിക്കോട് : ഷവര്‍മ ഉണ്ടാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 148 ഷവര്‍മ്മ കടകളിലെ വില്‍പ്പന നിര്‍ത്തിവെപ്പിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു.
178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. പരിശോധനകള്‍ തുടരുമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഷവര്‍മ വില്‍പന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണമെന്നും അധികൃതര്‍ പറഞ്ഞു.

വരുന്നൂ കനകക്കുന്നിൽ രണ്ടാം നൈറ്റ് ലൈഫ് പദ്ധതി.

0

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രം കനകക്കുന്നില്‍ പ്രവര്‍ത്തന സജ്ജമാകും. പുതുവത്സര വേളയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്.കനകക്കുന്നില്‍ നൈറ്റ് ലൈഫ് പദ്ധതിയോടനുബന്ധിച്ച് നടക്കുന്ന നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി. ചെറിയ മിനുക്കുപണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

നഗരത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാണ് മാനവീയം വീഥി. ഇതിന് പിന്നാലെയാണ് കനകക്കുന്നിലും പദ്ധതി നടപ്പിലാക്കുന്നത്. നൈറ്റ് ലൈഫ് പദ്ധതിക്ക് 2.63 കോടി രൂപയാണ് ചെലവഴിക്കുന്നത്.ടൂറിസം വകുപ്പും കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കലാപരിപാടികള്‍ക്കായി ഒന്നില്‍ കൂടുതല്‍ വേദികളാണ് കനകക്കുന്നില്‍ ഉണ്ടാവുക. മരങ്ങള്‍ക്ക് അടുത്ത് ഇരിപ്പിടങ്ങളും വൈദ്യുത ദീപാലങ്കാരവും പുല്‍ത്തകിടിയുമെല്ലാം സജ്ജീകരിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിനു സമീപം ഭക്ഷണ കിയോസ്‌കുകളും പ്രവര്‍ത്തിക്കും. കൂടാതെ, ആളുകളുടെ സുരക്ഷയ്ക്കായി സി.സി ടി.വി ക്യാമറകളും പരിസരത്ത് സജ്ജമാക്കും.

ഭാസുരാംഗന് നെഞ്ചുവേദന; ഐ.സി.യുവിൽ പ്രവേശിപ്പിച്ചു

0

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസ് പ്രതി എൻ ഭാസുരാംഗന്റെ വീട്ടിൽ ഇ.ഡി പരിശോധന. വീട് സീൽ ചെയ്താണ് പരിശോധന. മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. കണ്ടല സഹകരണ ബാങ്ക് ജീവനക്കാരും ഭാസുരാംഗന്റെ വീട്ടിലെത്തി. ഇവരെ ചോദ്യം ചെയ്യും. അതേസമയം റിമാന്റിൽ കഴിയുന്ന ഭാസുരാംഗനെ നഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ഭാസുരാംഗനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇനി ഹൃദ്രോഗ വിദഗ്ധൻ പരിശോധിക്കും. ഭാസുരാംഗൻ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അതേസമയം കണ്ടല ബാങ്കിൽ നടന്നത് സംഘടിത കുറ്റകൃത്യമാണെന്ന് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) പറഞ്ഞു. ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ എൻ. ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും വെളിപ്പെടുത്തുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി ചൂണ്ടിക്കാട്ടി.

ചോദ്യംചെയ്യൽ പൂർത്തിയായി

0

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. മൂന്നര മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.

സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും താൻ അതിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം രാഹുൽ പറഞ്ഞു. ‘അന്വേഷണത്തോട് താൻ സഹകരിക്കുന്നുണ്ട്. അത് എന്‍റെ ധാർമിക ഉത്തരവാദിത്തമാണ്’. അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുൽ പറഞ്ഞു. ഞാൻ ഒരു നിയമപ്രതിരോധവും നടത്തുന്നില്ല. എല്ലാ ചോദ്യങ്ങൾക്കു മറുപടി നൽകി. ആര് വിളിച്ചാലും എനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടില്ല. എന്റെ മൊഴിയെടുപ്പാണ് നടന്നത്. ചോദ്യം ചെയ്യലല്ല. അടൂരിൽ നിന്ന് താൻ വന്നതിനുള്ള യാത്രാച്ചിലവ് പൊലീസ് നൽകേണ്ടതാണ്. പക്ഷേ എനിക്കത് വേണ്ട. ചോദ്യം ചെയ്യലായി ഇത് ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്. പൊലീസ് ഇക്കാര്യം എന്നോട് പറഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതി എവിടെയുണ്ടെന്ന് എനിക്കറിയില്ല. കെ.പി.സി.സി ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല’. പക്ഷേ താൻ തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

0

കോട്ടയം: കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദർശനത്തിന് പോകുമ്പോഴായിരുന്നു ട്രെയിൻ തട്ടിയത്. യുവതിയുടെ അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്. കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.

ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ചുവടുവെയ്പ്പ്.

0

2023-ന്റെ അവസാനത്തിൽ ലേഡിസൂപ്പർ സ്റ്റാർ നയൻതാര സംരംഭകയുടെ റോളിൽ ആരാധകർക്ക് മുന്നിലെത്തിയിരുന്നു. സാനിറ്ററി നാപ്കിൻസിനും സ്‌കിൻ കെയറിനുമായാണ് താരം ബ്രാൻഡുകൾ അവതരിപ്പിച്ചത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിലൂടെ താൻ സംവിധാനത്തിലും ചുവടുറപ്പിക്കുന്നുവെന്ന സൂചന നൽകിയിരിക്കുകയാണ് നടി. മേക്കിംഗ് ഓഫ് സിനിമ എന്ന പേരിൽ കഴിഞ്ഞ ദിവസം അണിയറയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ പുതിയ തുടക്കങ്ങൾ എന്ന അടിക്കുറിപ്പോടെ ക്യാമറയ്‌ക്ക് പിന്നിൽ നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന് താഴെ താരത്തിന് ആശംസയുമായി നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്തെത്തിയത്. എ ഫിലിം ബൈ ലേഡി സൂപ്പർ സ്റ്റാർ, എൽഎസ്എസ് മൾട്ടിടാലന്റ്, എന്നിങ്ങനെ നീളുന്നു ചിത്രത്തിന് താഴെയുള്ള കമന്റുകൾ. തന്റെ ചർമ്മസംരക്ഷണ ബ്രാൻഡായ 9 സ്‌കിൻ അടുത്തിടെയാണ് താരം പ്രഖ്യാപിച്ചത്.

കേന്ദ്രവിഹിതം: കേരളം കൃത്യമായ മറുപടി നൽകിയില്ല – നിർമല സീതാരാമൻ……

0

തിരുവനന്തപുരം: കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ നടന്ന വായ്പ വ്യാപന മേള ഉത്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പാ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി ആരോപിച്ചു.

വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ലെന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കുമുള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം

0

ഭാര്യയുമായിട്ടുള്ള ബന്ധത്തില്‍ സംശയിച്ച് സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും. അരിമ്പൂര്‍ പരക്കാട് കായല്‍ റോഡ് കോളനിയില്‍ താമസിച്ചിരുന്ന മുറ്റിശ്ശേരി വീട്ടില്‍ രതീഷിനെ ആണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് സാലിഹ് കെ.ഇ ശിക്ഷിച്ചത്.

ഭരണഘടനാ ദിനം: സർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കാൻ സർക്കുലർ

0

ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാ​ഗമായി രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ സർക്കുലർ. ഭരണഘടനാ ​ദിനമായ നവംബർ 26 ഞായറാഴ്ചയായതിനാൽ നവംബർ 27ന് ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കുലറിൽ പറയുന്നത്.

ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനു പുറമെ, പൗരന്മാരുടെ മൗലികാവകാശങ്ങളെ കുറിച്ച് ചർച്ചകളും വെബിനാറുകളും സംഘടിപ്പിക്കാനും
സർക്കുലറിൽ നിർദ്ദേശമുണ്ട്. വി​ദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസംബ്ലികളിൽ ആമുഖത്തോടൊപ്പം ഭരണഘടനയുടെ ആർട്ടിക്കിൾ 51 എയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 11 മൗലിക കർത്തവ്യങ്ങൾ വായിക്കാനും സർക്കുലറിൽ പറയുന്നു.

2015 ഒക്ടോബർ 11ന് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്‌കറിന്റെ സ്മരണയ്ക്ക് ‘സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി’യുടെ ശിലാസ്ഥാപനം നിർവഹിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2015 അംബേദ്കറുടെ 125-ാം ജന്മവാർഷികം കൂടിയായിരുന്നു. ആ ഇതിഹാസ പുരുഷനോടുള്ള ആദരസൂചകമായാണ് സർക്കാർ ഈ ആശയം മുന്നോട്ടു വെച്ചത്.