Saturday, May 17, 2025
Home Blog Page 1108

ലക്ഷദ്വീപിൽ ഇനി മലയാളം മീഡിയമില്ല…..

0

കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കിക്കാന്‍ നിർദ്ദേശം. ലക്ഷദ്വീപില്‍ ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രമാണ് ഉണ്ടാകുക. കേരളത്തിന്‍റെ എസ്‌സിഇആ‍ര്‍ടി സിലബസിനു പകരം സിബിഎസ്ഇ സിലബസിൽ പഠിപ്പിക്കാനാണ് നിർദേശം. അടുത്ത അധ്യയന വർഷം മുതൽ ഈ തീരുമാനം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി.

ഒന്നാം ക്ലാസ് മുതൽ മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾ ഇനി മുതൽ പ്രവേശനം സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. മലയാളം ഐച്ഛിക വിഷയമായി പഠിക്കാം, അറബി ഭാഷ സ്കൂളുകളും ഉണ്ടാവില്ല. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം എന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.

എന്നാൽ നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ ഉത്തരവ് ബാധകമല്ല. ഇവ‍ര്‍ക്ക് മലയാളം മീഡിയത്തിൽ തന്നെ തുടരാം.

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം മാസ്റ്റർ പ്ലാനിന് അംഗീകാരം

0

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഓട്ടുപാറ ജില്ലാ ആശുപത്രി സമഗ്ര വികസനത്തിനു മാസ്റ്റർ പ്ലാൻ അംഗീകരിച്ചു. കോസ്റ്റ് ഫോർഡ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ആണ് ജില്ലാ ആശുപത്രിയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടിയത്.

യോഗത്തിൽ വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, നഗരസഭ ചെയർമാൻ, പി എൻ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം എ വി.വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി വി സുനിൽകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

കോസ്റ്റ് ഫോർഡ് പ്രതിനിധി ദേവപ്രിയൻ രൂപരേഖ അവതരിപ്പിച്ചു. നാല് ഘട്ടങ്ങളിലായി 2 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കെട്ടിടങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. ആശുപത്രി സൂപ്രണ്ട് സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ നന്ദിയും പറഞ്ഞു.

കാനഡയില്‍ പഠനച്ചെലവ് കൂടും, വിദ്യാർഥികൾ ആശങ്കയിൽ

0

ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ജീവിതച്ചെലവ് ജനുവരി ഒന്നുമുതല്‍ ഇരട്ടിയാക്കാന്‍ കാനഡ തീരുമാനിച്ചു. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും പറഞ്ഞു. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാവുന്നതാണ് തീരുമാനം.

അടുത്തവര്‍ഷംമുതല്‍ കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 കനേഡിയന്‍ ഡോളര്‍ (12,66,476.80 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 10,000 ഡോളര്‍ (ഏകദേശം 6.13 ലക്ഷം രൂപ) ആയിരുന്നു കാണിക്കേണ്ടിയിരുന്നത്. ട്യൂഷന്‍ഫീസിനും യാത്രാച്ചെലവിനും പുറമേയാണിത്. പഠന പെര്‍മിറ്റിനുള്ളതുള്‍പ്പെടെയുള്ള ഫീസ് നേരത്തേ കൂട്ടിയിരുന്നു. 2022-ല്‍ കാനഡയിലെത്തിയ വിദേശവിദ്യാര്‍ഥികളില്‍(3.19 ലക്ഷം) ഇന്ത്യയില്‍നിന്നുള്ളവരാണ് കൂടുതല്‍.

ഏറ്റുമാനൂരിൽ കടകൾ തുറക്കാൻ പാടില്ല: വിചിത്ര നിർദേശവുമായി പോലീസ്

0

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ ഏറ്റുമാനൂരില്‍ നടക്കുന്നതിനാല്‍ കടകള്‍ അടയ്ക്കണമെന്ന് പോലീസ് നിര്‍ദ്ദേശം. ഏറ്റുമാനൂര്‍ പോലീസാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്.

രാവിലെ ആറ് മണിമുതല്‍ പരിപാടി അവസാനിക്കും വരെ കോവില്‍പാടം റോഡിലെയും പാലാ റോഡിലെയും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കടയുടമകള്‍ ഉത്തരവാദിയായിരിക്കുമെന്നാണ് അറിയിപ്പ്.

ഡിസംബര്‍ ഏഴിന് ആലുവയില്‍ നവകേരള സദസ് നടക്കുമ്പോഴും സമാന നിര്‍ദ്ദേശം പോലീസ് നല്‍കിയിരുന്നു. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിലെ കടകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കുന്നതിനും പാചകത്തിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ നിര്‍ദ്ദേശവും വിവാദമായിരുന്നു. ആലുവ ഈസ്റ്റ്‌ പോലീസാണ് നവകേരള സദസിൻ്റെ സുരക്ഷയുടെ ഭാഗമായി പാചകം നിരോധിച്ച് നിർദ്ദേശം നൽകിയത്.

കേന്ദ്ര സർക്കാരിനെതിരെ കേരളം…

0

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നാണ് ഹർജിയിൽ ആരോപണം. കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്‍റെ ഈ നടപടി.

കിഫ്ബി വക എടുത്ത കടവും ഉള്‍പ്പെടുത്തിയാണ് കേരളത്തിന്‍റെ വായ്പപരിധി വെട്ടിക്കുറച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്‍റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍, കമ്പനി രൂപീകരിച്ച തുക എന്നിവയും കേരളത്തിന്‍റെ ബാധ്യതയായാണ് കണ്ടിരിക്കുന്നത്. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

വിവാദ അഭിമുഖം; മന്ത്രി സജിചെറിയാൻ രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടുന്നു

0

കോട്ടയം: സംവിധായകന്‍ ഡോ. ബിജുവിനെതിരായ പരാമര്‍ശം ഉള്‍പ്പെടെ അടങ്ങിയ വിവാദ അഭിമുഖത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിൽനിന്ന് വിശദീകരണം തേടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് വ്യക്തിപരമായ രഞ്ജിത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതേ പറ്റി നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്. ഡോ ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ താൻ ഇടപെട്ടതാണ്. പിന്നെ അതിൽ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ ഇന്നലെയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷനിൽനിന്ന് സംവിധായകൻ ഡോ. ബിജു രാജിവച്ചത്. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍റെ വിശദീകരണം.കെഎസ്എഫ്ഡിസി ബോർഡ് മെമ്പർ സ്ഥാനമാണ് ഡോ. ബിജു രാജിവച്ചത്. തൊഴിൽപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ ഡോ. ബിജു കാരണമായി വിശദീകരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിൽ നേരത്തെ തുറന്ന കത്തുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു.

ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കണം എന്ന് അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതാണ് പിന്നീട് വിവാദമായത്. ഇതിനുള്ള മറുപടിയാണ് തുറന്ന കത്തിലൂടെ ഡോ. ബിജു നൽകിയിരുന്നത്. ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ എന്നാണ് കത്തില്‍ രഞ്ജിത്തിനോട് ഡോ.ബിജു പറയുന്നത്.

അയ്യപ്പനെ തൊഴാതെ കണ്ണീരോടെ മടക്കം..

0

പന്തളം: ശബരീശ ദര്‍ശനം സാധിക്കാതെ നിറകണ്ണുകളോടെ നൂറുകണക്കിനു തീര്‍ഥാടകര്‍ മടങ്ങുന്നു. പത്തും പതിനെട്ടും മണിക്കൂറുകള്‍ തീർത്ഥാടന പാതകളില്‍ തടയപ്പെട്ട അവര്‍ സന്നിധാനത്തേക്കുള്ള യാത്ര മതിയാക്കി പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെത്തി അയ്യപ്പപാദങ്ങളില്‍ അഭയം തേടി.

ഏതാനും ദിവസങ്ങളായി 18 മണിക്കൂറിലേറെ ക്യൂവില്‍പ്പെട്ട് കുടിവെള്ളവും പ്രാഥമികാവശ്യങ്ങളും നിഷേധിക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള അയ്യപ്പ ഭക്തരാണ് പന്തളത്തെത്തി ദര്‍ശനം നടത്തി മടങ്ങുന്നത്. ആന്ധ്ര, കര്‍ണാടക, കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു തീര്‍ഥാടകരാണ് ഏതാനും ദിവസങ്ങളായി പന്തളത്തെത്തുന്നത്.

ശബരിമലയില്‍ അഭിഷേകത്തിനു കൊണ്ടുപോയ നെയ്‌ത്തേങ്ങകളിലെ നെയ്യ് വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അഭിഷേകം നടത്തി അരിയും കെട്ടിലുള്ള പൂജാദ്രവ്യങ്ങളും ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് ഇവര്‍ നാട്ടിലേക്കു മടങ്ങുന്നത്.തീര്‍ഥാടകര്‍ക്ക് നെയ്യെടുത്ത് തേങ്ങ ഹോമിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ഹോമകുണ്ഡവുമൊരുക്കിയിട്ടുണ്ട്.

യുപിയിൽ മകൻ അമ്മയുടെ തലയറുത്ത് കൊന്നു

0

ഉത്തർപ്രദേശ് : ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

മേജാപൂർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. അമ്മ കമലാദേവി (65) മകൻ ദിനേശ് പാസിയുടെ (35) പേരിലേക്ക് ഭൂമി എഴുതി നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കമലാദേവിയുടെ വീടിന് പുറത്ത് നിന്ന് കണ്ടെടുത്ത തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

ബൈക്ക് അപകടം : 3 വയസുകാരി മരിച്ചു

0

കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡിൽ പരതക്കാട് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് വയസുകാരി മരണപ്പെട്ടു. കുണ്ടിൽ പീടികക്ക് സമീപം താമസിക്കുന്ന അമ്പലപ്പുറവൻ അബ്ദുൾ നാസറിന്റെ മകൾ ഇസാ എസ് വിൻ ആണ് മരിച്ചത്.

പരതക്കാട് അങ്ങാടിയിൽ വെച്ചാണ് സംഭവം. അപകടം വരുത്തിയ ബൈക്ക് നിർത്താതെ പോയി. പരിക്കേറ്റ നിലയിൽ കണ്ട കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പമ്പയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്

0

പത്തനംതിട്ട: പമ്പയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. എരുമേലി, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ 1 മണി മുതല്‍ രാവിലെ 8 മണി വരെ തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് പോകുന്നതു പൊലീസ് തടഞ്ഞു.

തീര്‍ഥാടകരുടെ തിരക്കു നിയന്ത്രിക്കാന്‍ പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ് 90,000ല്‍ നിന്ന് 80,000 ആക്കി കുറയ്ക്കാനും തീരുമാനമാനിച്ചു.അതേസമയം, ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

തിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു.

സ്‌പോട്ട് ബുക്കിങ്, വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങിയവയൊന്നുമില്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുത് എന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.