Saturday, May 17, 2025
Home Blog Page 1105

തൃശൂർ വാസ്തു സൂക്ത ബിൽഡേഴ്സ് ഉടമയ്ക്കെതിരെ വാറണ്ട്

0

തൃശൂർ: വീട്ടമ്മക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ ഫ്ളാറ്റ് നിർമ്മാതാവിന് വാറണ്ട്. തൃശൂർ അത്താണിയിലുളള ആഷാഢം റെസിഡൻഷ്യൽ പാർക്കിലെ സുജാത കേശവദാസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ വാസ്തുസൂക്ത ബിൽഡേർസ് ഉടമ എകെ അനിൽകുമാറിനെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്.

ഫ്ളാറ്റ് നിർമ്മാണത്തിലെ കാലതാമസവും അപാകതകളും ആരോപിച്ച് സുജാത കേശവദാസ് ഫയൽ ചെയ്‌ത ഹർജിയിൽ എതൃകക്ഷിക്കെതിരെ ഒരു ലക്ഷം രൂപ നഷ്ടം നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിയെ പോലീസ് മുഖേനെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

ബസ് തോട്ടിലേക്ക് മറിഞ്ഞു; ചികിത്സയിലായിരുന്ന തീർത്ഥാടകൻ മരിച്ചു

0

കോട്ടയം: കോട്ടയത്ത് ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്‌നാട് സ്വദേശി ആർ അറുമുഖനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

മേലുകാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു. ഈരാറ്റുപേട്ട തൊടുപുഴ റോഡിലാണ് അപകടം. പോണ്ടിച്ചേരിയിൽ നിന്നും സന്നിധാനത്തേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.

കുത്തിവെപ്പ് എടുത്തു: ഏഴു വയസ്സുകാരന് കാലിൻ്റെ ചലനശേഷി നഷ്ടപ്പെട്ടു

0

ചാവക്കാട്: തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു ചലന ശേഷി നഷ്‌ടപ്പെട്ടതായി പരാതി. സംഭവത്തിൽ ഡോക്ട‌ർക്കെതിരെയും പുരുഷ നഴ്സിനെതിരെയും ചാവക്കാട് പോലീസ് കേസെടുത്തു. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിൽ അലിക്കുട്ടിയുടെ മകൻ മുഹമ്മദ് ഗസ്സാലി (7) യുടെ കാലിനാണ് ചലന ശേഷി നഷ്ട‌പ്പെട്ടത്.

ഇക്കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. തലവേദനയും ഛർദിയുമായി എത്തിയ കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടി ഡോക്‌ടറെ കാണിക്കുകയും ഡോക്‌ടർ വേദനക്കും ഛർദിക്കും ഇൻജെക്ഷൻ എഴുതി നൽകുകയും ചെയ്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് റൂമിലേക്ക് കൊണ്ടുപോയി ഇരുകൈകളിലും ഇൻജെക്ഷൻ ചെയ്യുകയും പിന്നീട് അരയിൽ ഇഞ്ചക്ഷൻ നൽകാൻ ശ്രമിച്ചപ്പോൾ കുട്ടി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ ഇയാൾ മരുന്ന് നിറച്ച സിറിഞ്ചു ബെഡിലേക്ക് വലിച്ചെറിഞ്ഞു പോയതായി പറയുന്നു. പിന്നീട് കുട്ടിയുടെ മാതാവ് പിറകെ ചെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തിരിച്ചെത്തിയ നഴ്‌സ് തീരെ അശ്രദ്ധയോടെയും ദേഷ്യത്തോടും കൂടി സിറിഞ്ചെടുത്ത് ആഞ്ഞു കുത്തുകയായിരുന്നുവത്രെ.

അപ്പോൾ തന്നെ കുട്ടിയുടെ കാൽ താഴെ ഉറപ്പിച്ചു വെക്കാൻ പറ്റാതെയായി. ഇടതു കാൽ പൂർണ്ണമായും വേദനയുള്ള അവസ്ഥയിലുമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ട‌റെ വിവരം ധരിപ്പിച്ചെങ്കിലും സംഭവം നിസ്സാരമായി കാണുകയും കയ്യിൽ പുരട്ടാൻ ഓയിന്റ്മെന്റ് നൽകി പറഞ്ഞയക്കുകയുമായിരുന്നു.

കുട്ടിക്ക് നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ അധ്യാപികയായ മാതാവ് കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ ഇടതു കാലിലെ പേശികൾക്ക് ബലക്ഷയം സംഭവിച്ചതായും നാഡീ ഞരമ്പുകൾക്ക് ക്ഷതം പറ്റിയിട്ടുണ്ടെന്നും കണ്ടെത്തി. വർഷങ്ങൾ നീണ്ട ചികിത്സക്ക് ശേഷം ഫലം ഉണ്ടായേക്കാമെന്നാണ് ഇപ്പോൾ ഡോക്ടർമാരുടെ വിദഗ്‌ധാഭിപ്രായം. കുട്ടി നിലവിൽ മിംമ്സ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കാൽ പാദങ്ങൾ ചലിപ്പിക്കാൻ കഴിയാത്ത ഗസ്സാലിക്ക് ഇപ്പോൾ നടക്കാൻ സാധിക്കില്ല. കാലിൽ കഠിനമായ വേദനയുമുണ്ട്. കഴിഞ്ഞ ഉപജില്ലാ കായികോത്സവത്തിൽ പങ്കെടുത്ത പാലയൂർ പള്ളി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഗസ്സാലി ഇപ്പോൾ സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയിലാണ്.

ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ഗുരുവായൂർ എം എൽ എ, ആരോഗ്യ മന്ത്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്‌ടർ എന്നിവർക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.

ദാദാ ഫാല്‍ക്കെ അവാര്‍ഡ് യേശുദാസിന്

0

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ഗായകന്‍ യേശുദാസിന് നല്‍കും. പ്രഖ്യാപനം പിന്നീടുണ്ടാകും. ഭാരതസര്‍ക്കാര്‍ ദാദാസാഹിബ് ഫാല്‍ക്കെയെ ആദരിച്ചുകൊണ്ട് 1969 ല്‍ തുടങ്ങിയ പുരസ്‌കാരമാണ് ദാദാ ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്‌കാരമാണ്. ഭാരതീയ ചലച്ചിത്രത്തിന് നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനയ്‌ക്കാണ് അവാര്‍ഡ് നല്‍കുന്നത്

ഫെബ്രുവരി 20 ന് അവാര്‍ഡ് സമ്മാനിക്കും.അടൂര്‍ ഗോപാലകൃഷ്ണനാണ് ഈ പുരസ്ക്കാരം ലഭിച്ച ഏക മലയാളി. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ബോളിവുഡ് നടി വഹീദ റഹ്മാനായിരുന്നു.

വീണ്ടും കടക്ക് പുറത്ത് എന്ന മട്ടിൽ ………

0

തിരുവനന്തപുരം: മാണിസാറിന്‍റെ തട്ടകത്തില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ്- എം എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മാണിസാറിനെ പാലായില്‍പോലും നിഷ്ഠൂരമായി വേട്ടയാടിയ സിപിഎം അതിന്‍റെ ജനിതകഗുണം തന്നെയാണ് മുഖ്യമന്ത്രിയിലൂടെ ആവര്‍ത്തിച്ചത്. മുഖ്യമന്ത്രി അടിയന്തരമായി മാപ്പു പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പാലായില്‍ നടന്ന നവകേരള സദസ് വിജയിപ്പിക്കാന്‍ അധ്വാനിച്ച ചാഴികാടനോട് കടക്കൂ പുറത്ത് എന്ന മട്ടില്‍ മുഖ്യമന്ത്രി സംസാരിച്ചത് നന്ദികേടാണ്. റബറിന് 250 രൂപ വില നല്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് ചാഴികാടന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പൊട്ടിത്തറിച്ചത്. ചാഴികാടന് നവകേരള സദസ് എന്താണെന്നു മനസിലാക്കാന്‍ പോലുമുള്ള കഴിവില്ലെന്നാണ് സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പുലയാട്ട്. നേരത്തെ കെ.കെ.ശൈലജ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളോടും സമാനരീതിയില്‍ മുഖ്യമന്ത്രി അസഭ്യവര്‍ഷം ചൊരിഞ്ഞിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ റബറിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി വാപൂട്ടിയിരുന്നു. നെല്‍കര്‍ഷകരെയും കൈവിട്ടപ്പോള്‍ കെ റെയിലിനെ പൊക്കിപ്പിടിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ലായിരുന്നു. തോമസ് ചാഴികാടനെതിരേയുള്ള പരാമര്‍ശത്തിലൂടെ കടുത്ത ദുരിതത്തില്‍ക്കൂടി കടന്നുപോകുന്ന 12 ലക്ഷത്തിലധികം വരുന്ന ചെറുകിട റബര്‍ കര്‍ഷകരെക്കൂടിയാണ് അപമാനിച്ചത്. പിണറായി സര്‍ക്കാരിന്‍റെ പിടിപ്പുകേടുമൂലം ഒരു കിലോ റബറിന് 140 രൂപയില്‍ താഴെ വിലയായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. റബര്‍ കൃഷി ഉപേക്ഷിച്ച തോട്ടങ്ങളില്‍ ഇപ്പോള്‍ കാട്ടുമൃഗങ്ങള്‍ വിഹരിക്കുകയാണ്.13 തവണ മാണി സാറിനെ ജയിപ്പിച്ച പാലായില്‍വച്ചാണ് കേരള കോണ്‍ഗ്രസ് – എം അപമാനിക്കപ്പെട്ടത് എന്നതും വിഷയത്തിന്‍റെ ഗൗരവം വിളിച്ചോതുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ഡിസംബർ 20ന്

0

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ധനുമാസത്തിലെ മുപ്പട്ട് (ആദ്യ) ബുധനാഴ്ചയായ ഡിസംബർ 20 ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം ശീട്ടാക്കാൻ തുടങ്ങി. ടിക്കറ്റുകൾ ഓൺ ലൈനിലൂടെയും അഡ്വാൻസ് ബുക്കിങ് കൗണ്ടറിലൂടെയും ഡിസംബർ 17 ,വൈകിട്ട് 4 വരെ ബുക്ക് ചെയ്യാം.

അഡ്വാൻസ് ബുക്കിങ്ങ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ ഡിസം. 19 ന് വൈകിട്ട് 5 മുതൽ ക്ഷേത്രം ടിക്കറ്റ്കൗണ്ടറിൽ വിതരണം ചെയ്യും. 21 രൂപയാണ് നിരക്ക്. ഒരു ഭക്തന് പരമാവധി 63 രൂപയുടെ ശീട്ട് നൽകും. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ, പൂജയ്ക്കും ശ്രീ ഗുരുവായൂരപ്പന് നേദിക്കും. കൂടാതെ അവിൽ, പഴം, ശർക്കര തുടങ്ങിയവ ഭക്തർക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം ഏർപ്പാട് ചെയ്തിട്ടുണ്ട്.

മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതൽ കഥകളി ഗായകർ കുചേലവൃത്തം പദങ്ങൾ ആലപിക്കും. രാത്രി ഡോ: സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറും. കുചേലൻ എന്നറിയപ്പെടുന്ന സുദാ മാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്ണനെ അവിൽ പൊതിയുമായി കാണാൻ പോയതിൻ്റെ സ്‌മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹം….

0

വത്തിക്കാന്‍: തന്‍റെ സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സെന്റ് മേരി മേജർ റോമൻ ബസിലിക്കയിൽ അടക്കണമെന്നാണ് ആഗ്രഹമെന്നും മാർപാപ്പ വ്യക്തമാക്കി. ഒരു നൂറ്റാണ്ടിനിടെ ആദ്യമായി വത്തിക്കാന് പുറത്ത് അടക്കം ചെയ്യണമെന്ന് ആഗ്രഹമാണ് ഫ്രാന്‍സിസ് മാർപ്പാപ്പ മുന്നോട്ട് വച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് മാർപ്പാപ്പയ്ക്ക് 87 വയസ് പൂർത്തിയായത്. മെക്സികോയിലെ എന്‍ പ്ലസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ മാർപ്പാപ്പ വ്യക്തമാക്കിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുർബാനയ്ക്ക് മുന്‍പായി ആണ് അഭിമുഖം റെക്കോർഡ് ചെയ്തത്.

കടുവയെ തിരിച്ചറിഞ്ഞു; പ്രജീഷിനെ പിടിച്ചത് WWL 45 എന്ന കടുവ

0

വയനാട്: വയനാട് വാകേരിയില്‍ മനുഷ്യനെ പിടിച്ച കടുവയെ തിരിച്ചറിഞ്ഞതായി സൂചന. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ​ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ഒരുക്കം തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ്. വെറ്റിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് അടക്കമുള്ള വെറ്റിനറി ടീം കൂടല്ലൂരിലെ ബേസ് ക്യാമ്പിലെത്തി. കടുവയെ ഇപ്പോള്‍ അകലമിട്ട് നിരീക്ഷിച്ച് വരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

പാര്‍ലമെന്റിലെ അതിക്രമം; പ്രതികള്‍ ‘ഭഗത് സിങ്’ എന്ന ഗ്രൂപ്പിന്റെ ഭാഗം

0

ഡല്‍ഹി: പാര്‍ലമെന്റിലുണ്ടായ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണെന്നും ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞു.

പ്രതികള്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ജനുവരി മുതല്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിടാന്‍ തുടങ്ങിയിരുന്നു. അതേസമയം, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രതികളെ ഇന്നും ചോദ്യം ചെയ്യും.സംഘത്തിലുള്ള ലളിത് ഝായ്ക്കായി ഡല്‍ഹി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ ഭഗത് സിങ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിലൊരാളായ മനോരഞ്ജന്‍ മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സന്ദര്‍ശകനായി എത്തിയിരുന്നു. പ്രാദേശിക എം പി യായ പ്രതാപ് സിന്‍ഹയുടെ സ്റ്റാഫ് വഴിയാണ് ഇന്നലെ ലോക്‌സഭയില്‍ കയറാന്‍ പാസ് എടുത്തത്.

മൂന്ന് ദിവസം മുന്‍പ് വിവിധ ട്രെയിനുകളിലായാണ് ഇവര്‍ ഡല്‍ഹിയിലെത്തുന്നത്. വിശാല്‍ ശര്‍മ്മ ഇവരെ ഗുരുഗ്രാമില്‍ എത്തിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ ലളിത് ഝായും പാര്‍ലമെന്റിന് പുറത്തുണ്ടായിരുന്നു.
സര്‍ക്കാരിന്റെ കര്‍ഷക സമരം,മണിപ്പൂരടക്കം വിഷയങ്ങളിലെ എതിര്‍പ്പ് പ്രതിഷേധത്തിന് കാരണമായെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല; സംസ്‌കാരം പൊലീസ് നടത്തും

0

കൊച്ചി: കൊച്ചിയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും. മൃതദേഹം ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അമ്മ അശ്വതി,സുഹൃത്ത് ഷാനിഫ് എന്നിവരാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കൊച്ചിയിലെ ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. പിന്നീട് പിതാവുമായും അമ്മയുടെ കുടുംബവുമായും ഷാനിഫിന്‍റെ കുടുംബവുമായി പൊലീസ് ബന്ധപ്പെട്ടു. എന്നാല്‍ ഇവരാരും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല.തുടര്‍ന്നാണ് സംസ്കാരം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. നാളയോ മറ്റന്നാളോ സംസ്കാരം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷാനിഫിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊച്ചി കറുകപ്പിള്ളിയിലായിരുന്നു ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ ഷാനിഫ് തീരുമാനിച്ചിരുന്നു. അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്നും ഷാനിഫ് പൊലീസിന് മൊഴി നൽകി.