Sunday, May 18, 2025
Home Blog Page 1104

രഞ്ജിത്ത് നേരിട്ട് എത്തണം; വിവാദ പരാമർശങ്ങളിൽ വിശദീകരണം തേടി സർക്കാർ

0

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ. ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെതിരെയും നടത്തിയ വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കമുള്ള പരാമർശങ്ങളിലാണ് വിശദീകരണം തേടിയത്. നേരിട്ട് കണ്ട് വിശദീകരണം നൽകാനാണ് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടത്. ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടതാണെന്നും അതിൽ പിന്നീട് പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജിത്തിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസി ബോർഡ് അംഗത്വം ഡോ ബിജു രാജിവച്ചതോടെ വിമർശനം രൂക്ഷമായിരുന്നു. ഇതോടെയാണ് സർക്കാർ ഇടപെടൽ.

കെഎസ്എഫ്ഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന സംവിധായകൻ ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കൂടാതെ കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ താൻ ഇടപെട്ടാണ് വരുത്തിയതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയായ മുൻ ഡി വൈ എഫ് ഐ കാരനെ വെറുതെ വിട്ടു

0

കട്ടപ്പന (ഇടുക്കി): വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വന്‍ തിരിച്ചടി. കേസില്‍ പ്രതിയായ അര്‍ജുനെ (24) കോടതി വെറുതെവിട്ടു. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 2021 ജൂൺ 30നാണ് ആറുവയസ്സുകാരി കൊല്ലപ്പെട്ടത്.

കേരളത്തെ നടുക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു. 48 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 69-ലധികം രേഖകളും കോടതിയില്‍ ഹാജരാക്കി.

കറുത്ത ഷർട്ട് വിനയായി….

0

കോട്ടയം: സ്നേഹാലയത്തിലെ അഗതികൾക്ക് നൽകാനായി പൊതിച്ചോറ് ശേഖരിക്കാൻ റോഡിൽ നിന്ന പഞ്ചായത്തംഗത്തെ കറുത്ത ഷർട്ട് ധരിച്ചെന്ന പേരിൽ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തതായി പരാതി. നവകേരള സദസിന് ചങ്ങനാശേരിയിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് മുൻപാണ് വാകത്താനം പഞ്ചായത്ത് 18ാം വാർഡ് മെംബർ എജി പാറപ്പാട്ടിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ റോഡിലുടെ കറുത്ത കുടയുമായെത്തിയ ഗൃഹനാഥനെയും രണ്ട്അതിഥി തൊഴിലാളികളെയും പൊലീസ് തടഞ്ഞതായും പരാതിയുണ്ട്.

വീടിനടുത്ത് സുഹൃത്തുമായി സംസാരിച്ചു നിൽക്കവെയാണ് എജിയെ വാകത്താനം പൊലീസെത്തി ചോദ്യം ചെയ്തത്. പിന്നാലെ കറുകച്ചാൽ പൊലീസ് സംഘവുമെത്തി. കറുത്ത ഷർട്ടിട്ട് പ്രതിഷേധിക്കാനാണോ എന്ന് ചോദിച്ച പൊലീസ് ഇവിടെ നിൽക്കാൻ പറ്റില്ലെന്നും പൊലീസ് വാഹനത്തിൽ കയറണമെന്നും എജിയോട് ആവശ്യപ്പെട്ടു. താൻ ക്രിമിനിൽ കുറ്റം ചെയ്തിട്ടില്ലല്ലോ എന്ന് ചോദിച്ച എജിയെ കൂടുതൽ വർത്തമാനം പറയണ്ട എന്ന് പറഞ്ഞ് പൊലീസ് ജീപ്പിൽ കയറ്റി വാകത്താനം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി….

0

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് സീസണില്‍ ഇനി കളത്തിലിറങ്ങാന്‍ സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

പരിക്ക് ഗുരുതരമായതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരും. ഇതിനായി താരം ഇപ്പോള്‍ മുംബൈയിലാണ്. ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘനാള്‍ വിശ്രമം ആവശ്യമായതിനാല്‍ ലൂണ നാട്ടിലേക്ക് മടങ്ങിയേക്കും. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണിത്. വെള്ളിയാഴ്ച മുംബൈയില്‍ വെച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കും.

ടീമിലെ അവിഭാജ്യ ഘടകമായ ലൂണയുടെ അഭാവം മറികടക്കുക എന്നതായിരിക്കും ഇനി ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള വെല്ലുവിളി. മധ്യനിരയില്‍ കളിമെനയുന്ന ലൂണ പുറത്താകുന്നതോടെ തന്ത്രങ്ങളിലും പദ്ധതികളിലും മാറ്റം വരുത്താന്‍ ടീം നിര്‍ബന്ധിതരാകും. ഇതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മറ്റൊരു വിദേശ താരത്തെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കാനും സാധ്യതയുണ്ട്. അതേസമയം താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സലാറിലെ ആദ്യ​ഗാനമെത്തി….

0

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ‘സലാർ ഭാഗം 1 സീസ്‌ഫയര്‍’. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തേക്കുറിച്ച് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും പ്രതീക്ഷ വാനോളമാണ്. ചിത്രത്തിലെ ആദ്യ​ഗാനം പുറത്തുവന്നിരിക്കുകയാണ്. രവി ബസ്രൂർ ആണ് സിനിമയ്‌ക്കായി സംഗീതം ഒരുക്കിയത്. മലയാളത്തിൽ രാജീവ് ഗോവിന്ദൻ എഴുതിയ വരികൾ ഇന്ദുലേഖ വാര്യരാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ സിംഗിൾ പ്രഖ്യാപനം മുതൽ, പ്രേക്ഷകർ കാത്തിരുന്ന “സൂര്യാങ്കം” എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള അത്യധികം വൈകാരികമായ ഗാനം പ്രേക്ഷക മനസ്സിൽ ആദ്യ കേൾവിയിൽ തന്നെ ഇടംനേടിക്കഴിഞ്ഞു.

ശബരിമല തീർഥാടകർക്ക് സുരക്ഷ ഉറപ്പാക്കണം കേരളത്തോട് തമിഴ്‌നാട്‌

0

ചെന്നൈ: ശബരിമലയിൽ തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ കേരള ചീഫ് സെക്രട്ടറി വി. വേണുവുമായി ചർച്ച നടത്തിയത്.

തമിഴ്നാട്ടിൽനിന്നടക്കം ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്നാണ് തമിഴ്നാട് മുന്നോട്ടുവെച്ച ആവശ്യം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്തിയത്.

തീർഥാടകർക്കുവേണ്ട സുരക്ഷയും പ്രാഥമികസൗകര്യങ്ങൾ അടക്കമുള്ളവയും ഉറപ്പുവരുത്തുമെന്ന് തമിഴ്നാടിന് കേരളം ഉറപ്പു നൽകിയതായി തമിഴ്നാട് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വേറിട്ട അനുഭവമായി കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും സംഗീതം

0

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗീതം ഒന്നായി ഒഴുകി ചേർന്നപ്പോൾ തൃശ്ശൂരിലെ സംഗീത ആസ്വാദകർക്ക് അതൊരു വേറിട്ട അനുഭവമായി. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മ്യൂസിക്കൽ ക്രോസോവറായ ഈസ്റ്റ് – വെസ്റ്റ് മീറ്റിൽ ഹംഗേറിയൻ സംഗീതജ്ഞൻ റോഷ് തമാഷിൻ്റെ നേതൃത്വത്തിൽ നടന്ന സംഗീത നിശയിൽ അദ്ദേഹം ഹംഗേറിയന്‍ ഭാഷയില്‍ സ്വയം ചിട്ടപ്പെടുത്തിയ ഗാനം ആലപിക്കുമ്പോള്‍,സദസ്സിലുണ്ടായിരുന്ന മുഴുവന്‍ പേരും ഗാനത്തിന്റെ ആത്മാവില്‍ അലിഞ്ഞു ചേരുകയായിരുന്നു.

സംഗീതത്തില്‍ സ്വയം ലയിച്ച് അതിര്‍ത്തികള്‍ ഇല്ലാവുന്ന കാഴ്ചയ്ക്കാണ് കേരള സംഗീത നാടക അക്കാദമി സാക്ഷിയായത്.
പാശ്ചാത്യസംഗീതോപകരണമായ സെല്ലോയില്‍ കല്യാണി, കീരവാണി അടക്കമുള്ള രാഗങ്ങളും വായിച്ച് റോഷ് തമാഷ് ആസ്വാദകരുടെ മനം കവര്‍ന്നു. അക്കാദമി വൈസ് ചെയര്‍മാനും ഗായികയുമായ പുഷ്പവതിയും പ്രശസ്ത സംഗീതജ്ഞനും അക്കാദമി അവാര്‍ഡ് ജേതാക്കളുമായ വിദ്യാധരന്‍ മാസ്റ്ററും പ്രകാശ് ഉള്ളിയേരിയും ആലപ്പുഴ എസ് വിജയകുമാറും മ്യൂസിക്കല്‍ ക്രോസോവറില്‍ പങ്കാളികളായി. കര്‍ണ്ണാടക സംഗീതവും പാശ്ചാത്യ സംഗീതവും സമന്വയിച്ച് സംഘടിപ്പിച്ച പരിപാടിയെ ആസ്വാദകര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

ആശ വർക്കർമാർക്ക്‌ ആശ്വാസം …

0

തിരുവനന്തപുരം: ആശ വർക്കർമാർക്ക്‌ രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സംസ്ഥാന സർക്കാർ. രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ തുക വിനിയോഗിക്കുക. നേരത്തെ ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന്‌ 24.51 കോടി രൂപ അനുവദിച്ചിരുന്നു.

നിലവിൽ സംസ്ഥാനത്ത്‌ 26,125 ആശ വർക്കർമാർ പ്രവർത്തിക്കുന്നുണ്ട്. ആശാവർക്കർമാരുടെ വേതനത്തിൽ ഡിസംബർ മുതൽ ആയിരം രൂപ വർധിപ്പിച്ചിട്ടുണ്ട്‌.

സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാവർക്കർ ജോലിയുടെ ലക്ഷ്യം. അതിനായി നിയമിക്കപ്പെടുന്നവരുടെ പ്രധാന ചുമതലകൾ ഇതൊക്കെയാണ്

മാതൃശിശു സംരക്ഷണം ഉറപ്പാക്കുക

പ്രാഥമിക വൈദ്യസഹായം എത്തിച്ചുകൊടുക്കുക

പകർച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുക

ജീവിതശൈലീരോഗങ്ങൾ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കുക

കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കുക

ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് ആശാ പ്രവർത്തകയുടെ ഉത്തരവാദിത്തങ്ങൾ.

ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 15, 16 തീയതികളിൽ

0

ചാവക്കാട്: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം ഡിസംബർ15, 16 തിയ്യതികളിൽ തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടക്കുമെന്ന് സ്കൂ‌ൾ പ്രിൻസിപ്പാൾ പ്രിയ മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 9.30-ന് നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനം റിട്ട. ഡി.ജി.പി. ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും.

കലാമണ്ഡലം ഹൈമാവതി ദീപ പ്രോജ്ജ്വലനം നിർവഹിക്കും. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ജയചന്ദ്രൻ അധ്യക്ഷനാവും.
26 സ്‌കൂളുകളിൽ നിന്നായി 1300-നടുത്ത് വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുക. ഏഴ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. എൽ.പി. വിഭാഗത്തിൽ 22 ഇനങ്ങളിലും യു.പി. വിഭാഗത്തിൽ 42 ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ 52 ഇനങ്ങളിലുമാണ് മത്സരങ്ങൾ.

കലോത്സവത്തിൻ്റെ സമാപന സമ്മേളനം 16ന് വൈകീട്ട് 5ന് നടക്കും. കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ കഴിഞ്ഞ രണ്ടിനും പന്തൽ കാൽനാട്ടുകർമ്മം ആറിനും നടന്നു. കലോത്സവത്തിനായി 101 അംഗങ്ങളുള്ള സ്വാഗതസംഘം രൂപവത്ക്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു. താമസ സൗകര്യം ആവശ്യപ്പെട്ടിട്ടുള്ള രണ്ട് സ്കൂളുകൾക്ക് അതിനുള്ള സൗകര്യവും കലോത്സവത്തിനെത്തുന്നവർക്ക് മൂന്ന് നേരം ഭക്ഷണത്തിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

സ്വാഗതസംഘം ഭാരവാഹികളായ എൻ.എ.അഞ്ജു, കെ.ബി.സബിത, എം.കെ. സജീവ് കുമാർ, അൻമോൽ മോത്തി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

മുന്‍ തൃക്കരിപ്പൂർ എംഎൽഎ കെ കുഞ്ഞിരാമൻ അന്തരിച്ചു

0

കാസർകോട്: സിപിഐഎം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും മുന്‍ തൃക്കരിപ്പൂർ എംഎൽഎയും ആയ കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുദിവസം മുൻപ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

1943 നവംബർ പത്തിന് തുരുത്തി വപ്പിലമാട് കെ വി കുഞ്ഞു വൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്റെയും മകനായിട്ട് ആയിരുന്നു ജനനം. പള്ളിക്കര സംഭവം, അടിയന്തരാവസ്ഥ, ചീമേനി തോൽവിറക്ക് പോരാട്ടം എന്നിങ്ങനെ നിരവധി സമരങ്ങളിൽ മുൻനിരയിൽ നിന്ന പോരാളിയായിരുന്നു.

1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. 2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എംഎൽഎ ആയിരുന്നു. മൃതദേഹം കാലിക്കടവ്, കാരി , ചെറുവത്തൂർ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് മട്ടലായിയിലെ മാനവീയം വസതിയിൽ എത്തിച്ചതിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.