കൊച്ചി : ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ് നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ഡോക്ടർ.എ.പി.ജെ. അബ്ദുൽ കലാം ഫൗണ്ടേഷൻ കേരള ചാപ്റ്റർ ഡി.എം.കെ. കേരള ടീമുമായി സഹകരിച്ചു ചെന്നൈക്കു ഒരു കൈതാങ്ങ് റിലീഫ് പദ്ധതിക്ക് തുടക്കമായി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, മഹാത്മാ സ്നേഹകൂട്ടായ്മ എന്നിവരുടെ പിന്തുണയും ഉദ്യമത്തിനുണ്ട്.
അവശ്യ വസ്തുക്കളുടെ സമാഹരണത്തിനായി കലൂർ ജെ.എൽ . എൻ സ്റ്റേഡിയം, ആലുവ, കടവന്ത്ര, വൈറ്റില മെട്രോ സ്റ്റേഷനുകാലിൽ കളക്ഷൻ സെന്ററുകൾ 20 വരെ പ്രവർത്തിക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ കളക്ഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ജെ.എൽ.എൻ സ്റ്റേഡിയത്തിൽ കളക്ഷൻ കേന്ദ്രവും മറ്റു മൂന്നു കേന്ദ്രങ്ങളിൽ ഡ്രോപ്പ് ബോക്സ് ഉണ്ടാകും. (ഫോൺ നമ്പർ 989 561 6186, 989 515 6585, 9847042000 , 9562076779 ) കളക്ഷൻ കേന്ദ്രങ്ങളുടെ ഉദഘാടനം കലൂർ മെട്രോ സ്റ്റേഷനിൽ തമിഴ്നാട് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.നാരായണ കുറുപ്പ് നിർവഹിച്ചു.
ഡോക്ടർ എ.പി.ജെ. അബ്ദുൾകലാം ഫൌണ്ടേഷൻ ചെയര്മാന് ഷമീർ വളവത് അധ്യക്ഷനായി. പിന്നണി ഗായിക അമൃത സുരേഷിൽ നിന്ന് കൊച്ചി മെട്രോ ജോ. ജനറൽ മാനേജർ സുമി നടരാജൻ ആദ്യ കളക്ഷൻ
സ്വീകരിച്ചു .ഡി.എം.കെ. സംസ്ഥാന ഓർഗനൈസർ ഡോ. അമൃതം റെജി, കൗൺസിലർ ഹെൻറി ഓസ്റ്റിൻ, ഡോ . ബിന്ദു സത്യജിത്, റഫീഖ് ഉസ്മാൻ, ജിബി സദാശിവൻ, ജിജി ഭാസ്കർ, ഷെമീർ, സിമി സ്റ്റീഫൻ, ഫിറോസ് ഷാജി, സീന, കെ.ജി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഡോ. എ.പി.ജെ. അബ്ദുൽ കാലം ഫൌണ്ടേഷൻ സെക്രട്ടറി ജലീൽ അരുക്കുറ്റി സ്വാഗതവും ഡി.എം.കെ. ടീം കോർഡിനേറ്റർ അബു നന്ദിയും പറഞ്ഞു.
കൈത്താങ്ങുമായി റിലീഫ് കളക്ഷൻ കേന്ദ്രങ്ങൾ
ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
ചാവക്കാട്: ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ മുല്ലശ്ശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ (49) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് മുല്ലത്തറയിലാണ് അപകടം. ചാവക്കാട് പാലം ഇറങ്ങി വന്ന ലോറി നിർമ്മാണം നടക്കുന്ന ചാവക്കാട് ഒരുമനയൂർ ബൈപാസ് റോഡിലേക്ക് തിരിയുമ്പോൾ എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ലോറിക്കടിയിലേക്ക് കയറിയ ബൈക്കുമായി ലോറി ബൈപാസ് റോഡിലേക്ക് ഓടിച്ചു കയറ്റിയാണ് നിർത്തിയത്. അത്രയും ദൂരം ഷോബിനും ലോറിക്കടിയിൽ വലിച്ചിഴക്കപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രികനായ ഷോബിൻ്റെ വലതു കൈമുട്ട് വേർപ്പെടുകയും വലതു കാൽപാദത്തിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ചാവക്കാട് വി കെയർ ആംബുലൻസിന്റെ സഹായത്തോടെ ഷോബിനെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവർശിപ്പിക്കുകയും പ്രാഥമിക ശുശ്രുഷകൾക്ക് ശേഷം തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മുൻ മന്ത്രി കെ.പി വിശ്വനാഥൻ അന്തരിച്ചു
തൃശൂർ∙മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറു തവണ എംഎൽഎയായിരുന്നു.
ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ജയ്പൂര്‍: ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും.
ഗവര്‍ണര്‍ കലരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും.ജയ്പൂരിലെ രാംനിവാസ് ബാഗിള്‍ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയ നിരവധി സംസ്ഥാന, കേന്ദ്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് സൂചന. രാജസ്ഥാനിലെ 200 സീറ്റുകളില്‍ 115 എണ്ണവും നേടിയാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്.
ചൊവ്വാഴ്ച്ച ചേര്‍ച്ച ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് ആദ്യമായി എംഎല്‍എയായ ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് രാജസ്ഥാനില്‍ ബ്രാഹ്മണവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.
ശിവഗിരി തീര്‍ത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം….
ശിവഗിരി:91-ാമത് ശിവഗിരിതീര്‍ത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. ഡിസംബര്‍ 15 മുതൽ ജനുവരി 5 വരെയാണ് തീര്‍ത്ഥാടനകാലം. മുന്‍വര്‍ഷങ്ങളില്‍ ഡിസംബര്‍ അവസാന ദിനങ്ങളായിരുന്നു തീര്‍ത്ഥാടന ദിനങ്ങളായി കണക്കാക്കിയിരുന്നത്.
എന്നാൽ ഇപ്പോൾ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ദിവസങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. തീര്‍ത്ഥാടന ദിനങ്ങളിലെ തിക്കുംതിരക്കും ഒഴിവാക്കി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ നടത്തുന്നതിനുമാണ് തീര്‍ത്ഥാടന പരിപാടികള്‍ നേരത്തേ ആരംഭിക്കുന്നത്.
അറിവിന്‍റെ തീര്‍ത്ഥാടനമെന്നാണ് ശിവഗിരി തീര്‍ത്ഥാടനം അറിയപ്പെടുന്നത്.അതിനാൽ ജനങ്ങള്‍ക്ക് അറിവുനല്‍കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ 29വരെ പ്രഭാഷണങ്ങളും വിശേഷാല്‍ സമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. 16 മുതല്‍ 20 വരെ എല്ലാദിവസവും രാവിലെ 10 മണി മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശിവഗിരി മഠത്തിലെ സന്യാസിവര്യന്‍മാരുടെ നേതൃത്വത്തില്‍ ഗുരുധര്‍മ പ്രബോധനം നടത്തും.
21 ന് രാവിലെ മുതല്‍ പാരമ്പര്യവൈദ്യ സമ്മേളനം നടക്കും. വൈദ്യ പരിശോധനയും സൗജന്യചികിത്സയും ഉണ്ടാകും. 22 മുതല്‍ 25 വരെ ഗുരുദേവന്‍റെ ജീവിതത്തെയും ദര്‍ശനങ്ങളെയും അടിസ്ഥാനമാക്കി രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ സച്ചിദാനന്ദ സ്വാമി നയിക്കുന്ന ദിവ്യപ്രബോധനവും ധ്യാനവും ഉണ്ടായിരിക്കും.
സ്വാമി ശുഭാംഗാനന്ദ, ശാരദാനന്ദ സ്വാമി, സ്വാമി വിശാലനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ ധ്യാന സന്ദേശം നല്‍കും സ്വാമി ദേശികാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശ്രീനാരായണ ദാസ്, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീര്‍ഥ എന്നിവര്‍ ഗുരുദേവന്‍ രചിച്ച ഹോമമന്ത്രം ഉപയോഗിച്ചുള്ള ശാന്തിഹോമത്തില്‍ പങ്കാളികളാകും.
ബീമാപ്പള്ളി ഉറൂസ്…..
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ജില്ലയില്‍ വെള്ളിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഇന്ന് അവധിയാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ അവധി നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ബാധകമായിരിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ഡിസംബര്‍ 15 ന് അവധി പ്രഖ്യാപിച്ചത്.ഡിസംബര്‍ 15 മുതല്‍ 25 വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നടക്കുന്നത്.
ശബരിമല സ്പെഷ്യൽ ഇന്ന് പുറപ്പെട്ടു…
ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത്.
25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും.
സുരക്ഷാ വീഴ്ചയിൽ ലോക്സഭയിൽ ബഹളം; ആറ് കേരള എംപിമാരടക്കം15 പേർക്ക് സസ്പെൻഷൻ
ലോക്സഭയിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് ബഹളം വച്ചതിന് കേരളത്തിൽ നിന്നുള്ള ആറ് എംപിമാരടക്കം പതിനഞ്ച് പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് എം പിമാർ ബഹളം വെച്ചത്.
ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, വി.കെ.ശ്രീകണ്ഠൻ, ബെന്നി ബഹന്നാൻ എന്നിവരാണ് സസ്പെൻഡിലായ കേരളത്തിൽ നിന്നുള്ള എംപിമാർ. സഭ നടപടികൾ തടസ്സപ്പെടുത്തിയതിന് ആണ് നടപടി. നേരത്തെ രാജ്യസഭയിൽ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്പെൻഡ് ചെയ്തിരുന്നു.
തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നത് പരിശോധിക്കണം: അഡ്വ. പി. സതീദേവി
തൃശൂർ: തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം -2013 സംബന്ധിച്ച് ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഈ സാമ്പത്തിക വര്‍ഷം വനിതാ കമ്മിഷന്‍ 11 തൊഴില്‍ മേഖലകളെ കണ്ടെത്തി സ്ത്രീകള്‍ക്കായി പബ്ലിക് ഹിയറിംഗ് നടത്തി വരുകയാണ്. അസംഘടിത മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സാമൂഹിക പരിരരക്ഷ, ക്ഷേമ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് വനിതകള്‍ക്ക് അറിവു പകരുന്നതിന് ശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
പെണ്‍കുട്ടികള്‍ വിലപേശി വില്‍ക്കപ്പെടുന്ന വിവാഹകമ്പോളത്തിലെ വസ്തുക്കളായി മാറിയതാണ് അടുത്തിടെയുണ്ടായിട്ടുള്ള സ്ത്രീധന മരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഈ പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് ഏറെ ആശങ്കയോടെയാണ് കാണുന്നത്.
തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് സ്ത്രീകള്‍ക്ക് അവബോധം നല്‍കാനും സ്ത്രീ തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമായാണ് അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചത്.
വനിതാ കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ, അഡ്വ. ആശ ഉണ്ണിത്താനും കില അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഡോ. കെ.പി.എന്‍. അമൃത, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അംഗം മഞ്ജുള അരുണൻ , തൃശൂര്‍ ജില്ലാ വനിത ശിശുവികസന ഓഫീസര്‍ പി. മീര, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് മെമ്പര്‍ രജിത വിജിഷ്, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസര്‍ ടി.ജെ. മജീഷ്, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.