Monday, May 19, 2025
Home Blog Page 1097

നിലമ്പൂരിൽ കരടിയിറങ്ങി…

0

നിലമ്പൂർ: മലപ്പുറം പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്‍റെ മുന്നിലേക്ക് കരടി ചാടിവീഴുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് കരടിയിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം കർഷകൻ സ്ഥാപിച്ച തേനീച്ച പെട്ടികൾ കരടി നശിപ്പിച്ചിരുന്നു. അതേസമയം, വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്.

നാടിനെ നടുക്കി മഞ്ചേരി അപകടം……

0

മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോകും. രാവിലെ10 മണിക്ക് മഞ്ചേരി സെന്റ്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.

ഒരേ കുടുംബത്തിലുള്ള മുഹ്‌സിന, തസ്‌നീമ, റിന്‍ഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയില്‍ പൊതുദര്‍ശനത്തിന് വെക്കും. മുഹ്‌സിനയുടെ ഖബറടക്കം മഞ്ചേരി ജുമാമസ്ജിദിലും തസ്നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം കാളികാവ് വെളളയൂര്‍ ജുമാമസ്ജിദിലും നടക്കും.

അതേസമയം, മഞ്ചേരി വാഹനാപകടത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കാണിച്ച് അരീക്കോട് – മഞ്ചേരി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. തുടര്‍ന്ന് അധികാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചത്.
മഞ്ചേരി കിഴക്കേതലയില്‍ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്‌സിന സഹോദരി തസ്‌നീമ, തസ്‌നിമയുടെ മക്കളായ മോളി(7),റൈസ(3) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, മുഹമ്മദ് നിഷാദ്(11), ആസാ ഫാത്തിമ(4), മുഹമ്മദ് അസാന്‍, റൈഹാന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറക്കം ഇറങ്ങിവന്ന ബസ്സാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്.

പിഴവ് ആരുടെ ഭാഗത്താണെന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്ന് മലപ്പുറം എസ്പി പറഞ്ഞിരുന്നു. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും.

അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടകരെ മറ്റൊരു വാഹനത്തില്‍ ശബരിമലയിലേക്ക് അയക്കുകയായിരുന്നു.

അമ്മയെ മകൻ വെട്ടിക്കൊന്നു

0

തൃശൂർ: അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കൈപ്പറമ്പ് എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് മരിച്ചത്. മകൻ സന്തോഷിനെ (38) പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകക്ക് താമസിക്കുകയാണ് കുടുംബം. കുടുംബവഴക്കിനിടെ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അമ്മയെ വെട്ടിയ വിവരം സന്തോഷ് തന്നെയാണ് പോലീസിനെ അറിയിച്ചത്.

പേരാമംഗലം പോലീസ് എത്തിയാണ് ആംബുലൻസ് വിളിച്ച് ചന്ദ്രമതിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നോടെ ചന്ദ്രമതി മരിച്ചു. വെട്ടുകത്തികൊണ്ടാണ് വെട്ടിയത്. തലക്കും താടിക്കുമാണ് വെട്ടേറ്റത്. സന്തോഷിനെ അവിടെ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിർമ്മാണ തൊഴിലാളികളുടെ അംശാദായ തുക സർക്കാർ ധൂർത്തടിക്കുന്നു

0

തൃശൂർ: നിർമ്മാണ തൊഴിലാളികളുടെ അംശാദായ തുക സർക്കാർ ധൂർത്തടിക്കുകയാണെന്ന് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് കെഎക്സ് സേവിയർ പറഞ്ഞു. ബിൽഡിംഗ് ആൻഡ് റോഡ് വർക്ക് ഫെഡറേഷൻ ഐഎൻടിയുസി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലാളിമാരിൽ നിന്നും പിരിച്ചെടുക്കുന്ന സെസ് തുക ക്ഷേമനിധിയിൽ നിക്ഷേപിക്കാതെ ട്രഷറിയിൽ നിക്ഷേപിച്ച് തൊഴിലാളികളെ നിരന്തരം ചതിച്ചു കൊണ്ടിരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ധർണയിൽ നേതാക്കൾ ആരോപിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് പിജി ബേബി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ജോൺ പഴേരി മുഖ്യപ്രഭാഷണം നടത്തി. പി ജെ റോയ്, ഫെഡറേഷൻ തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി , എ ഡി പത്രോസ് ഷാജു ഇളവള്ളി വിൽസൺ കൊന്ന കുഴി എന്നിവർ പ്രസംഗിച്ചു.

എൻഐഎ 
ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

0

കൊച്ചി : വിവിധ കേസുകളിൽ പ്രതികളായ, കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി അശമന്നൂർ നൂലേലി മസ്ജിദിനുസമീപം മുടശേരി വീട്ടിൽ സവാദ്‌, ഇതരസമുദായത്തിലെ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക്‌ ​ഗൂഢാലോചന നടത്തിയവർ, പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന അജ്‌ഞാതൻ എന്നിവർ പട്ടികയിലുണ്ട്‌.

പാലക്കാട് പട്ടാമ്പി പോപ്പുലർ ഫ്രണ്ടുകാർക്കായി എൻഐഎ 
ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിസ്വദേശി മുഹമ്മദ് മൻസൂർ, കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദ്, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, എറണാകുളം ആലങ്ങാട് സ്വദേശി മുഹമ്മദ് യാസിർ, മലപ്പുറം കൊളത്തൂർ സ്വദേശി പി ഷഫീക്, കുന്നത്തുനാട് സ്വദേശി എം എസ്‌ റഫീക്, പറവൂർ മുപ്പത്തടം സ്വദേശി പി എ അബ്‌ദുൾ വഹാബ്‌, പട്ടാമ്പി സ്വദേശി കെ അബ്‌ദുൾ റഷീദ്‌, വൈപ്പിൻ എടവനക്കാട്‌ സ്വദേശി ടി എ ആയൂബ്‌ എന്നിവർക്കെതിരെയും ലുക്കൗട്ട്‌ നോട്ടീസുണ്ട്‌. ഇവരെക്കുറിച്ച്‌ വിവരം ലഭിക്കുന്നവർ 9497715294 എന്ന വാട്‌സാപ് നമ്പറിൽ ബന്ധപ്പെടണമെന്ന് എൻഐഎ അറിയിച്ചു. വിവരം നൽകുന്നവർക്ക്‌ പാരിതോഷികം നൽകുമെന്നും അറിയിച്ചിട്ടുണ്ട്‌.

ടൈം യൂസ് സര്‍വ്വേ ജനുവരി ഒന്നു മുതല്‍

0

നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസ് നടത്തുന്ന ടൈം യൂസ് സര്‍വ്വേ 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടക്കും. 2019 ല്‍ നടന്ന സര്‍വ്വേയുടെ തുടര്‍ച്ചയായാണ് രണ്ടാം ടൈം യൂസ് സര്‍വ്വേ നടത്തുന്നത്. സര്‍വ്വേയ്ക്ക് തലേദിവസം പുലര്‍ച്ചെ നാലുമണി മുതല്‍ സര്‍വ്വേദിവസം പുലര്‍ച്ചെ നാലുമണിവരെയുള്ള സമയം അരമണിക്കൂര്‍ ടൈം സ്ലോട്ടുകളായി തിരിച്ച് ഓരോ സ്ലോട്ടിലെയും സമയവിനിയോഗം രേഖപ്പെടുത്തും. കുടുംബത്തിലെ ആറ് വയസ്സിനു മുകളിലുള്ള ഓരോ വ്യക്തിയുടെയും വിവരം ഇത്തരത്തില്‍ ശേഖരിക്കും.

പാചകം പഴയിടം തന്നെ; സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം

0

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ മേളയായ സ്കൂൾ കലോത്സവത്തിന് ഇത്തവണയും പഴയിടത്തിന്റെ പാചകം തന്നെ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതുപോലെ സ്കൂൾ കലോത്സവത്തിന് നോൺ വെജ് ഭക്ഷണമില്ല. സ്കൂൾ കലാമേളയിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തുടരും. പാചക വിദഗ്‌ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും കലവറയിൽ ഭക്ഷണമൊരുക്കും. ഇതിനായുള്ള ടെണ്ടർ തുടർച്ചയായ 17-ാം തവണയും അദ്ദേഹം നേടി.

കൊല്ലത്ത് ജനുവരി 2 മുതൽ 8 വരെയാണ് കലോത്സവം. ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി ശിവൻകുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും പ്രഖ്യാപിച്ചിരുന്നു.

പ്രതിദിനം അരലക്ഷത്തോളം പേർക്ക് വരെ ഭക്ഷണം വിളമ്പേണ്ട കലോത്സവത്തിൽ നോൺ വെജ് കൂടി ഉൾപ്പെടുത്തിയാൽ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്‌നങ്ങളും കണക്കിലെടുത്താണ് വെജിറ്റേറിയൻ തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സ്‌കൂൾ കായിക മേളയിൽ രാത്രി മാംസവിഭവങ്ങളും വിളമ്പുന്നുണ്ടെങ്കിലും 4500 പേർക്ക് മതിയാകും.

കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്‌ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റിയുടെo ചുമതല. വെജിറ്റേറിയൻ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാർ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെണ്ടറിൽപങ്കെടുത്തതെന്ന് മോഹനൻ നമ്പൂതിരി പറഞ്ഞു. കഴിഞ്ഞ തവണ എല്ലാ സംസ്ഥാന സ്കൂൾ മേളകൾക്കും ഭക്ഷണമൊരുക്കിയ അദ്ദേഹം ഇത്തവണ മറ്റു മേളകളുടെ ടെണ്ടറിൽ നിന്ന് വിട്ടുനിന്നിരുന്നു.

ചിറ്റാട്ടുകര വെടിക്കെട്ട് അപേക്ഷ നിരസിച്ചു

0

ചിറ്റാട്ടുകര വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ നിരസിച്ചു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എതിരായതിനാല്‍ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി എക്‌സ്ലോസീവ് ആക്ട് 1884 ലെ 6 സി (1) (സി) യുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ എഡിഎം നിരസിച്ചു.

കുന്നംകുളത്ത് വീടിന് തീപിടിച്ചു: ഗൃഹനാഥൻ രക്ഷപ്പെട്ടു

0

കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കിൽ വീടിന് തീപിടിച്ചു വൻ നാശനഷ്ടം. പെങ്ങാമുക്ക് ഹൈസ്കൂളിനടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞു കുട്ടി എന്നയാളുടെ വീടിനാണ് തീപിടിച്ചത്. തീ പടരുന്ന നേരത്ത് കുഞ്ഞു കുട്ടി വീടിനു വെളിയിൽ ആയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ അണക്കാൻ കഴിയാതെ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥനായ ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ അണച്ചത്. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽക്കാരാണ് വീടിന് പുറത്ത് നിന്നിരുന്ന കുഞ്ഞു കുട്ടിയെ വിവരം അറിയിക്കുന്നത്. അപ്പോഴേക്കും തീ പടർന്നിരുന്നു. വീടിന്റെ ചുമരുകളും അടർന്നു വീണു. വസ്ത്രങ്ങളും ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉൾപ്പെടെ കത്തി നശിച്ചു വലിയ നാശനഷ്ടമാണ് ഉണ്ടായത്. അഗ്നിരക്ഷ സേനയിലെ വിപിൻ, ഹരിക്കുട്ടൻ, ഗോഡ്സൺ, ആദർശ് എന്നിവരും പങ്കാളികളായി.

ഖുശ്ബുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു!

0

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം അടക്കി വാണിരുന്ന ഒരു കാലമുണ്ടായിരുന്നു ഖുശ്ബു സുന്ദറിനു. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലുമെല്ലാമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ഖുശ്ബു അഭിനയിച്ചു. എന്നാല്‍ അവരെക്കാള്‍ എല്ലാം ഖുശ്ബുവിനെ ആകര്‍ഷിച്ചത് സംവിധായകന്‍ സുന്ദര്‍ സി യെ ആയിരുന്നു. സുന്ദറിനോടുള്ള പ്രണയത്തെ കുറിച്ച് പലപ്പോഴും ഖുശ്ബു വാചാലയായിട്ടുണ്ട്. ഇപ്പോഴിതാ നടി പങ്കുവച്ച പുതിയ പോസ്റ്റും വൈറലാവുന്നു.

പ്രഭുവിന്റെ മകളുടെ കല്യാണത്തിന് പോകാന്‍ വേണ്ടി നന്നായി ഒരുങ്ങിയതിന് ശേഷം ഭാര്യയും ഭര്‍ത്താവും നിന്ന് കുറച്ച് ഫോട്ടോസ് എടുത്തു. ആ ചിത്രത്തിനൊപ്പമാണ് ഖുശ്ബുവിന്റെ പോസ്റ്റ്. ’29 വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നാണം കലര്‍ന്നൊരു ചിരിയുണ്ട്, അതാണ് പ്രണയം’ എന്നാണ് ഖുശ്ബു ഫോട്ടോയ്‌ക്കൊപ്പം എഴുതിയിരിക്കുന്നത്.

ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍ വന്ന് നിറയുകയാണ്. ലവ്‌ലി കപ്പിള്‍സ്, സൂപ്പര്‍ ജോഡി എന്നൊക്കെ പറഞ്ഞ് പ്രശംസിക്കുന്നവരും, കുശ്ബുവിന്റെ സൗന്ദര്യത്തെ വര്‍ണിക്കുന്നവരുമുണ്ട്. സാരിയും, ധരിച്ചിരിയ്ക്കുന്ന ആഭരവും എല്ലാം ആളുകളുടെ കണ്ണില്‍ പെട്ടിട്ടുണ്ട് എന്ന് കമന്റ് വായിക്കുമ്പോള്‍ മനസ്സിലാവും. വിവാഹ വാര്‍ഷികം ആണെന്ന് കരുതി ആശംസ അറിയിക്കാത്തവരും അല്ല.

നക്ത ഖാന്‍ എന്നാണ് ഖുശ്ബുവിന്റെ യഥാര്‍ത്ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ് കുശ്ബു എന്ന പേര് സ്വീകരിച്ചത്. അഞ്ച് വര്‍ഷം പ്രണയിച്ചതിന് ശേഷം 2000 ല്‍ ആയിരുന്നു ഖുശ്ബുവിന്റെയും സുന്ദര്‍ സിയുടെയും വിവാഹം. വിവാഹത്തിന് ശേഷം പേരിനൊപ്പം ഭര്‍ത്താവിന്റെ പേരും ചേര്‍ത്തുവയ്ക്കുകയായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്