Tuesday, May 20, 2025
Home Blog Page 1087

പ്രധാനമന്ത്രി നരേന്ദ്രമോദി 3 ന് തൃശൂരിൽ

0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3ന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്നു മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ടു ലക്ഷം വനിതകൾ പങ്കെടുക്കുന്ന ‘‘സ്ത്രീശക്തി മോദിക്കൊപ്പം’’ എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. പാർലമെന്റിൽ ബനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നാടകോത്സവം 2024; ഫെബ്രുവരി 9 മുതല്‍ 16 വരെ

0

കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ സാംസ്‌കാരികവകുപ്പിനുവേണ്ടി കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (International Theatre Festival of Kerala – ITFoK) പതിനാലാമത് പതിപ്പ് 2024 ഫെബ്രുവരി 9 മുതല്‍ 16 വരെ തൃശൂരില്‍ വെച്ച് നടക്കും. എട്ടോളം വിദേശനാടകങ്ങളും മലയാളമുള്‍പ്പടെ പതിനഞ്ചോളം ഇന്ത്യന്‍ നാടകങ്ങളും ഇറ്റ്ഫോക്കിൻ്റെ ഭാ​ഗമാകും. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ (Ensemble, Peace, Confidence) എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ആശയം. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അറുപത്തിയെട്ട് വിദേശനാടകങ്ങളും അന്‍പത്തിയെട്ടു മലയാളനാടകങ്ങളുള്‍പ്പടെ ഇരുനൂറ്റിനാല്പത് ഇന്ത്യന്‍ നാടകങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് മേളയിൽ അവതരിപ്പിക്കുന്നതിനുള്ള നാടകങ്ങൾ തെരഞ്ഞെടുത്തത്. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ. ബി. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നാടകപ്രവര്‍ത്തകയും നടിയുമായ സജിത മഠത്തില്‍, ഹൈദരാബാദ് സര്‍വകലാശാലയിലെ നാടകവിഭാഗം അധ്യാപകന്‍ നൗഷാദ് മുഹമ്മദ്കുഞ്ഞു എന്നിവരുള്‍പ്പെട്ട സമിതിയാണ് നാടകങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയത്.

ബ്രസീല്‍, ചിലി, ടുണീഷ്യ, സ്ലോവാക്യ, ഇറ്റലി, ഫിന്‍ലാന്‍ഡ്, ബംഗ്‌ളാദേശ്, പലസ്തീൻ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. നാടകാവതരണങ്ങള്‍ കൂടാതെ സാംസ്‌കാരിക സമ്മേളനങ്ങളും എക്‌സിബിഷനും സംഗീതപരിപാടികളും ഡിജിറ്റല്‍ ഷോകളും അരങ്ങേറും. ലോകത്തിലെ സമകാലിക സാമൂഹ്യസാഹചര്യങ്ങള്‍ വിഷയമാകുന്ന നാടകങ്ങള്‍ക്കും ഇതര ആവിഷ്‌കാരങ്ങള്‍ക്കുമാണ് മേളയില്‍ പ്രാമുഖ്യം നല്‍കിയിട്ടുള്ളത്.

എന്‍സെംബിള്‍ അഥവാ ഒത്തുചേരല്‍ എന്ന വാക്കിനെ വലിയ ആശയമായി വികസിപ്പിച്ച് നാടകവേദിയുമായി ചേര്‍ത്തുവെച്ച നാടകപ്രതിഭ ബ്രെഹ്തോള്‍ഡ് ബ്രെഹ്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണത്തെ നാടകോത്സവം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

മേളയിലേക്ക് തിരഞ്ഞെടുത്ത നാടകങ്ങൾ-

അന്തര്‍ദേശീയ വിഭാഗം

  1. അല്ലെ ആര്‍മി -ഹോംബ്രെ കളക്ടീവ്, ഇറ്റലി
  2. ലെ ഫോ – എല്‍ടിയാട്രോ, ടുണീഷ്യ
  3. ഫ്യൂഗോ റോജോ- ലാ പറ്റോഗാലിന, ചിലി
  4. സ്റ്റേറ്റ്ലെസ്- കമ്പാനിയ നോവ ഡി ടിയാട്രോ, ബ്രസീല്‍
  5. ജോണി ഗോട്ട് ഹിസ് ഗണ്‍- എസി റോസി, ഫിന്‍ലാന്‍ഡ് 6.
  6. സ്റ്റുപൊറോസ – ടിയാട്രോ ഔട്ട് ഓഫ്, ഇറ്റലി
  7. 4.48 മോണ്‍ട്രാഷ്- സ്പര്‍ദ്ധ, ബംഗ്‌ളാദേശ്
  8. ഹൌ ടു മെയ്ക് റവലൂഷ്യന്‍?- ഇന്‍ഡിപെന്‍ഡന്റ്, ഫലസ്റ്റീന്‍

ദേശീയ വിഭാഗം

  1. ബീച്ചാര ബി ബി -കെ സി സി ആര്‍ട്‌സ് ലാബ്, കല്‍ക്കത്ത
  2. ഹയവദന- ഭൂമിജ, ബാംഗ്ലൂര്‍/ഛത്തീസ്ഗഡ്
  3. റൂമിയാന- ഇഷാരാ പപ്പറ്റ് തിയേറ്റര്‍, ദല്‍ഹി
  4. പാരിജാത- സ്പന്ദന, ബാംഗ്ലൂര്‍
  5. സൗദാഗര്‍- രംഗവിദൂഷക്, മദ്ധ്യപ്രദേശ്
  6. ഘണ്ടാ ഘണ്ടാ- ആസക്ത കലാമഞ്ച്, പൂന/മഹാരാഷ്ട്ര
  7. ഡു യു നോ ദിസ് സോങ്?- മല്ലിക തനേജ, ദല്‍ഹി
  8. ഊര്‍മ്മിള- ആദിശക്തി, തമിഴ്നാട്
  9. നവ ദുര്‍ഗ്ഗ- ആട്ടക്കളരി, ബാംഗ്ലൂര്‍

ദേശീയ വിഭാഗം(മലയാളം)

  1. ഉബുറോയ് -ഓക്ക്സിജന്‍ തിയേറ്റര്‍, തൃശൂര്‍
  2. അവാര്‍ഡ്- ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍, കൂറ്റനാട്/പാലക്കാട്
  3. പാപ്പിസോറ- കോഗ്‌നിസന്‍സ് പപ്പറ്റ് തിയേറ്റര്‍, തൃശൂര്‍
  4. കോര്‍ണര്‍- നാട്യശാസ്ത്ര, കടമ്പഴിപ്പുറം/പാലക്കാട്

പ്രത്യേക വിഭാഗം

  1. കബീര്‍ കഥ- W I P കളക്ടീവ്, ദല്‍ഹി
  2. ഹൌ ലോങ്ങ് ഈസ് ഫെബ്രുവരി?- ഖബില, ബാംഗ്ലൂര്‍
  3. ഞാനും പോട്ടെ ബാപ്പ ഒല്‍മാരം കാണാന്‍?- സ്‌കൂള്‍ ഓഫ് ഡ്രാമ, തൃശൂര്‍
  4. ഇന്‍ ദീസ് ഹൗസസ് ഡ്രീം ദി മൗണ്ടൈന്‍- ഫോള്‍ഡഡ് പേപ്പര്‍ ഡാന്‍സ് & തിയേറ്റര്‍ ഗ്രൂപ്പ്- യു എസ് എ/ഇന്ത്യ

ചരിത്രം തിരുത്തി പാറ്റ് കമ്മിൻസ്.. റെക്കോർഡ് തുകയ്ക്ക് സൺ റൈസേഴ്സിലേക്ക്

0

ഐപിഎല്ലിന്റ 17-ാം സീസണിന് മുന്നോടിയായുള്ള താരലേലം നടന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കി സണ്‍ റൈസേഴ്‌സ്. 20 കോടി 50 ലക്ഷത്തിനാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനെ സണ്‍ റൈസേഴ്‌സ് സ്വന്തമാക്കിയത്..

2 കോടി അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലം അവസാനം റെക്കോര്‍ഡ് തുകയിലേക്ക് കടക്കുകയായിരുന്നു. തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സും ആര്‍ സി ബിയും മുംബൈ ഇന്ത്യന്‍സും സണ്‍ റൈസേഴ്‌സ് ഹൈദരബാദുമായിരുന്നു കമ്മിന്‍സിനായി മത്സരരംത്ത് ഉണ്ടായിരുന്നത്.

എന്നാല്‍ 10 കോടിക്ക് മുകളിലേക്ക് ബിഡ് പോയതോടെ ചെന്നൈയും മുംബൈയും പിന്‍വാങ്ങി.. തുടര്‍ന്ന് ആര്‍സിബിയും സണ്‍റൈസേഴ്‌സും തമ്മിലുള്ള പോരാട്ടമായി മാറി. അവസാനം റെക്കോര്‍ഡ് തുകയ്ക്ക് സണ്‍റൈസേഴ്‌സ് കമ്മിന്‍സിനെ സ്വന്തമാക്കുകയായിരുന്നു.

ഐപിഎല്ലില്‍ 42 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കമ്മിന്‍സന്‍ 45 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഡെല്‍ഹി ഡെവിള്‍സിനുമായും കമ്മിന്‍സ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു കമ്മിന്‍സ്.. അക്കാരണവും പിന്നെ ഓള്‍റൗണ്ടര്‍ ആണെന്നുള്ളതുമായിരിക്കാം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് ഐപിഎല്ലില്‍ ഇത്രയും മൂല്യമേറാന്‍ കാരണം.

കുന്നംകുളം മത്സ്യമാർക്കറ്റിൽ മിന്നൽ പരിശോധന

0

കുന്നംകുളം: മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് 30 കിലോ പഴകിയ മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും കുന്നംകുളം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

20 സ്റ്റാളുകളും മത്സ്യമെത്തിക്കുന്ന കണ്ടെയ്‌നര്‍ ലോറികളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. പിടികൂടിയ ഓല മീന്‍ ഇനത്തില്‍പെടുന്ന മത്സ്യങ്ങളെല്ലാം കഷണങ്ങളായി മുറിച്ചുവെച്ച നിലയിലായിരുന്നു.

കുന്നംകുളം നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഷീബ, അന്‍സാരി, ഭക്ഷ്യസുരക്ഷ വിഭാഗം കുന്നംകുളം സര്‍ക്കിള്‍ ഓഫിസര്‍ ഡോ. അനു ജോസഫ്, ചേലക്കര ഭക്ഷ്യസുരക്ഷ ഓഫിസര്‍ പി.വി. ആസാദ്, ലാബ് അനലിസ്റ്റ് സുമേഷ്, ഉദ്യോഗസ്ഥനായ രവി, കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാംഗോപാല്‍, ആശംസ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.

തമിഴ്‌നാട് മന്ത്രി കെ പൊൻമുടി കുറ്റക്കാരൻ

0

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മന്ത്രി കെ പൊൻമുടി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ 28ന് വെല്ലൂരിലെ പ്രിൻസിപ്പൽ സെഷൻസ് കോടതി പൊൻമുടിയെയും ഭാര്യയെയും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വെറുതെവിട്ടിരുന്നു. എന്നാൽ വിചാരണ കോടതി (trial court) വിധി റദ്ദാക്കികൊണ്ടാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ശിക്ഷാവിധി ഒരാഴ്ചയ്ക്ക് ശേഷം പ്രസ്താവിക്കുമെന്നും കോടതി പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വെല്ലൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എൻ വസന്തലീല കെ പൊൻമുടിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയത്. എന്നാൽ കുറ്റവിമുക്തനാക്കിയ വിധിയുടെ പുനഃപരിശോധന സ്വമേധയാ ഏറ്റെടുക്കാൻ ഓഗസ്റ്റിൽ മദ്രാസ് ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.

2006നും 2011നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 2011ൽ എഐഎഡിഎംകെ അധികാരത്തിലെത്തിയപ്പോഴാണ് മന്ത്രി പൊന്മുടിക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തത്. ഡിഎംകെ നേതാവ് അനധികൃതമായി 1.36 കോടിയുടെ അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. എന്നാൽ ആക്ഷേപങ്ങൾ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി പൊന്മുടിയേയും ഭാര്യയേയും കുറ്റവിമുക്തരാക്കിയത്.

ഗ്യാൻവാപി: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി

0

ഗ്യാൻവാപി പള്ളിക്കേസിൽ ഹിന്ദുവിഭാഗത്തിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് മുസ്‌ലിം വിഭാഗം സമർപ്പിച്ച മുഴുവൻ ഹർജികളും അലഹാബാദ് ഹൈക്കോടതി തള്ളി. പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. വിഷയത്തിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് വാരണാസിയിലെ വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു.

ആരാധനാലയ നിയമം തടസ്സമല്ല. വീണ്ടും സർേവ ആവശ്യമെങ്കിൽ ആർക്കിയോളജി സർവേ വിഭാഗത്തിന് അനുമതി നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിർമിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഗ്യാൻവാപി മസ്ജിദ് മനേജ്മെന്റ് കമ്മിറ്റിയായ അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റി (എഐഎംസി) ആണ് ഹൈക്കോടതിയെ സമീപിച്ചത്. പള്ളി സമുച്ചയത്തിൽ നടത്തിയ ശാസ്ത്രീയ സർവേയുടെ റിപ്പോർട്ട് ഇന്നലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വാരാണസി ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഐപിഎല്ലിൽ തിരിച്ചുവരുമോ? ഋഷഭ് പന്ത് പറയുന്നു

0

കരിയറിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍ ഒരു കാറപടകം. തുടര്‍ന്ന് പരിക്ക്.. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ചതാണിത്. ക്രിക്കറ്റ് ലോകം ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.

എന്നാല്‍ പതുക്കെ പരിക്കുകളെല്ലാം മാറി തിരിച്ചുവരവിന്റെ പാതയിലാണ് പന്ത്. ക്രിക്കറ്റില്‍ കൂറ്റനടിക്കാരനായ ഈ ഇടം കൈയ്യന്‍ യുവതാരം ഐപിഎല്ലിലേക്ക് മടങ്ങി വരുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍..

അതിന് കാരണവുമുണ്ട്. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ് എന്നിവര്‍ക്കൊപ്പം പന്തിനെ കണ്ടപ്പോഴാണ് ആരാധകര്‍ക്ക് ഈ പ്രതീക്ഷയും വളര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് കൊണ്ട് പന്ത് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് ഋഷഭ് പന്ത് എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നത്.

ഇപ്പോള്‍ മുമ്പത്തേക്കാള്‍ ആരോഗ്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കിയ താരം നൂറ് ശതമാനം ഫിറ്റ്‌നസിലേക്ക് വരികയാണെന്നും വ്യക്തമാക്കി. കുറച്ച് മാസത്തിനുള്ളില്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുമെന്നും പന്ത് കൂട്ടിചേര്‍ത്തു.

ഗുരുതരമായി പരിക്കേറ്റ സമയത്ത് ആരാധകര്‍ തന്ന സ്‌നേഹം അറിയാന്‍ സാധിച്ചു. അവര്‍ എന്നെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ ഞങ്ങളെ ബഹുമാനിക്കുന്നു.. ചികിത്സയിലുള്‍പ്പോള്‍ ആരാധകരുടെ പിന്തുണയും പ്രോല്‍സാഹനവും തനിക്ക് ലഭിച്ചിട്ടുണ്ട്. ശാരീരകമായി മാത്രമല്ല മാനസികമായും വലിയ വെല്ലുവിളികളാണ് ഈയൊരു വര്‍ഷ കാലം നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ സ്‌നേഹവും പിന്തുണയും മടങ്ങിവരവിന് പ്രചോദനമായി. വീഡിയോയില്‍ താരം വ്യക്തമാക്കുന്നു.

ഐപിഎല്‍ താരലേലത്തിനായി ദുബായില്‍ എത്തിയിരിക്കുകയാണ് താരം. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാനാകും എന്ന പ്രതീക്ഷയിലാണ് താരം.

സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

0

തിരുവനന്തപുരം| റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.

ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ബജറ്റില്‍ നീക്കിവച്ച തുക മുഴുവന്‍ കോര്‍പറേഷന് നല്‍കാന്‍ തീരുമാനിച്ചത്.

ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കേണ്ട തുക മുഴുവന്‍ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.

പുലരി അവാർഡ് ദാനവും പുസ്തക പ്രകാശനവും മന്ത്രി കെ രാജൻ നിർവഹിക്കും

0

പുലരി അവാർഡ് ദാനവും പുസ്തക പ്രകാശനവും ഡിസംബർ 29ന് വൈകിട്ട് 3ന് ജവഹർ ബാലഭവനിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. പുലരി ചിൽഡ്രൻസ് വേൾഡ് തൃശ്ശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി പുലരി ചിൽഡ്രൻസ് വേൾഡ് കഥ, കവിത, ചിത്രരചന മത്സരങ്ങൾ നടത്തിയിരുന്നു. ചെറുകഥയിൽ ദേവലക്ഷ്മി യു. എ, സമീറ ഇ എൻ, മഞ്ജിമ കെ ജെ, യും കവിതയിൽ ദിൽഷ പി എം, അൽഹ സീൻ, ശ്രീവിദ്യ ശ്രീരാജ് എന്നിവരും ചിത്രരചനയിൽ നാദിയ പി ബാബു, ഇഷ എം കപിൽ, നിരഞ്ജൻ പി ആർ എന്നിവർ വിജയികളായി. ഓരോ വിഷയത്തിലും ഒന്നാം സമ്മാനം 3000 രൂപയും, രണ്ടാം സമ്മാനം 2000 രൂപയും മൂന്നാം സമ്മാനം 1000 രൂപയും ട്രോഫികളുമാണ് അവാർഡ്.

അവാർഡ് ദാനത്തോടൊപ്പം സി ആർ ദാസ് എഴുതിയ ഓസ്ട്രേലിയൻ യാത്ര “യാവ 23” യാത്രാവിവരണ ഗ്രന്ഥവും മന്ത്രി കെ രാജൻ പ്രകാശനം ചെയ്യും. മുരളി ചീരോത്ത്, ഡോ. രാവുണ്ണി, ഡോ. എം എൻ വിനയകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ചിത്രപ്രദർശന മത്സരത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടക്കും. തുടർന്ന് പുലരിപ്പൂക്കൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

പത്രസമ്മേളനത്തിൽ പുലരി ചിൽഡ്രൻസ് വേൾഡ് സെക്രട്ടറി സി ആർ ദാസ്, പ്രസിഡന്റ് ഡോ. കെ ജി വിശ്വനാഥൻ, കൺവീനർ താര അതിയടത്ത്, കോലഴി നാരായണൻ, സുരേഷ് കോമ്പാത്ത് എന്നിവർ പങ്കെടുത്തു.

സഹോദരങ്ങൾ അറസ്റ്റിൽ

0

തിരുവനന്തപുരം: പൂവാർ തിരുപുറത്ത് സൗഹൃദം നടിച്ചു മാല പിടിച്ചുപറിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. തിരുപുറം കഞ്ചാംപഴിഞ്ഞി സ്വദേശിയായ സഹോദരങ്ങളായ വിനീതിനെയും വിനീഷിനെയുമാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. പൂവാർ തിരുപുറം സ്വദേശിയായ വിനോയുടെ രണ്ടര പവൻ മാലയാണ് സഹോദരങ്ങൾ സൗഹൃദം നടിച്ചു പിടിച്ചുപറിച്ചത്.

പൂവാറിൽ നിന്നിരുന്ന വിനോ എന്ന യുവാവിനെ, സൗഹൃദം നടിച്ചു ജോലി കാര്യങ്ങൾ സംസാരിക്കാൻ എന്ന വ്യാജേന വിനീതും വിനീഷും വീട്ടിലെത്തിച്ചു. ശേഷം വിനോയുടെ ബൈക്കിന്റെ താക്കോൽ കൈക്കലാക്കി. തുടർന്ന് പരസ്പരം വാക്കേറ്റമുണ്ടായി. അതിനു ശേഷം ഇരുവരും ചേർന്ന് വിനോയെ മർദ്ദിച്ച ശേഷം രണ്ടര പവന്റെ മാല പൊട്ടിച്ചു എടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

വിനോ ഉടനെ പൂവാർ പോലിസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ രണ്ടു മാസം മുൻപ് വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലും ഇരുവരും പ്രതികൾ ആണെന്ന് മനസിലായി. ഇവർ ഓട്ടോറിക്ഷയിൽ പോകുന്ന വിവരം ലഭിച്ച പൊലീസ് നെയ്യാറ്റിൻകരയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച മാല കണ്ടെത്തി.

മാല നെയ്യാറ്റിൻകരയിൽ വിൽക്കാൻ എത്തിയതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പിടിയിലായവര്‍ നിരവധി അടിപിടി കേസുകളിലും പ്രതികളാണെന്ന് പൂവാർ പൊലീസ് അറിയിച്ചു.