Wednesday, May 21, 2025
Home Blog Page 1084

കോവിഡ് പടരുന്നു- 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങള്‍; 292 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

0

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 292 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തില്‍ ഓരോ ദിവസവും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നു എന്നുള്ളതാണ്. കൂടാതെ 3 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇപ്പോള്‍ കേരളത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കോവിഡിന്റെ ജെഎന്‍ 1 ഉപവകഭേദം കേരളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടക്കുന്നത് കേരളത്തിലായതിനാലാണ് കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.

‘മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർഥി’.

0

ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗം തീരുമാനിച്ചു. പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഇന്ത്യ മുന്നണി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെ പ്രതിപക്ഷം ഒന്നിച്ചെതിര്‍ക്കുമെന്ന് ഖാര്‍ഗെ അറിയിച്ചു. സര്‍ക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങളെ ശക്തമായി നേരിടും. അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ആദ്യം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കണം. ഞങ്ങള്‍ക്ക് എം.പിമാരില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടിയത് കൊണ്ട് എന്താണ് പ്രയോജനം. സീറ്റ് വിഭജനം സംബന്ധിച്ച് സംസ്ഥാന തലത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തും. അഭിപ്രായ വ്യത്യാസമുണ്ടായാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കും. ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ 28 പാര്‍ട്ടികള്‍ പങ്കെടുത്തു.

സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തില്‍ പ്രധാനമായി ചര്‍ച്ച ചെയ്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കും. യോഗം വളരെ ഫലപ്രദവും വിജയകരവുമായിരുന്നു.

ഇന്ത്യ മുന്നണി യോഗത്തിന്റെ തലേന്നാള്‍ വരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത 10 ലേറെ നേതാക്കള്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. എന്നാല്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കാമെന്നും അധ:സ്ഥിതരായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ഇതിന് മറുപടിയായി ഖാര്‍ഗെ വ്യക്തമാക്കി.

എം.ഡി.എം.കെ നേതാവ് വൈക്കോ മാത്രമാണ് യോഗശേഷം ഇക്കാര്യത്തെ കുറിച്ച് പരസ്യ പ്രതികരണം നടത്തിയത്. മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും ഈ നിര്‍ദ്ദേശം വച്ചതായി വൈക്കോ പറഞ്ഞു. എന്നാല്‍ പ്രധാന നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രമുഖ നേതാക്കളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഫോട്ടോ സെഷനില്‍ നിന്ന് വിട്ടു നിന്നതായും ആരോപണമുണ്ട്.

നവകേരള സദസ്സ് ; പോലീസ് – സി പി എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസ്സ്റ്റേഷൻ വളഞ്ഞു

0

തിരുവനന്തപുരം ; നവകേരള സദസ്സുമായി ബന്ധപ്പെട്ടു കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് വ്യാപകമായി കൈയേറ്റം ചെയ്തിരുന്നു.
നൂറു കണക്കിന് യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകർക്കാണ് മർദ്ദനം ഏറ്റിരുന്നത് . നവകേരള യാത്ര ആരംഭിച്ചത് മുതൽ യു ഡി എഫ് ശക്തമായ പ്രതിഷേധമാണ് നടത്തിവന്നിരുന്നത്. കറുത്ത വസ്ത്രം ധരിച്ചും കരിങ്കൊടി കാട്ടിയും ആയിരുന്നു പ്രതിഷേധങ്ങളിൽ അധികവും.

നവകേരള സദസ്സിൽ മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന വിദേശ നിർമ്മിത ബസിനു പുറകെ സുരക്ഷാ ഉദ്യോഗസ്ഥരെ കൂടാതെ ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവർത്തകരും സുരക്ഷാ വലയം തീർത്തു സഞ്ചരിച്ചിരുന്നു. ആദ്യ ഘട്ടങ്ങളിൽ പൊലീസാണ് കരിങ്കൊടി പ്രതിഷേധക്കാരെ തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു അറുതി വരുത്താൻ കഴിയാതെ വന്നതോടെ യാത്രയുടെ അനൗദ്യോഗിക സംരക്ഷണ ചുമതല പാർട്ടി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് സമാനതകളില്ലാത്ത മർദ്ദന മുറകളാണ് ഉണ്ടായിരുന്നത്.

ചില സ്ഥലങ്ങളിൽ മഫ്തി പോലീസുകാരാണെന്നു തോന്നിക്കുന്ന തരത്തിൽ കാക്കി പാന്റും വെള്ള ടീഷർട്ടും ധരിച്ച ഡി വൈ എഫ് ഐ പോലീസിനോടൊപ്പം ചേർന്ന് പ്രതിഷേധക്കാരെ മർദിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒടുവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അംഗ പരിമിതന്റെ മുതുകിൽ സി പി എം പ്രവർത്തകൻ ചാടി ചവിട്ടുന്ന വീഡിയോ പുറത്തുവന്നിരുന്നു.

എന്നാൽ ഈ അക്രമങ്ങളെയെല്ലാം രക്ഷപ്പെടുത്തലുകളായി ചിത്രീകരിച്ച മുഖ്യമന്ത്രി നടത്തിയ പ്രസംഗം വിവാദമായി. ഒടുവിൽ മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ തന്നെ സമരക്കാരെ മർദിച്ച സംഭവം കൂടുതൽ വിവാദം വിളിച്ചുവരുത്തി. ഇതേതുടന്നാണ്‌ കേരളത്തിലെമ്പാടും ഉള്ള പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധയോഗം അരങ്ങേറിയത്.

നവകേരള സദസ്സ് സമാപനം; എം കെ സ്റ്റാലിൻ പങ്കെടുക്കും.

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ്സ് ഇന്ന് തലസ്ഥാനത്തേക്ക് തിരിക്കും. കൊല്ലം ജില്ലയിലെ പരിപാടി അവസാനിക്കുന്നതോടെയാണ് തിരുവനന്തപുരത്ത് പ്രവേശിക്കുന്നത്. ഈ മാസം 23 ശനിയാഴ്ച സമാപിക്കുന്ന നവകേരള സദസ്സിൽ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുത്തേയ്ക്കുമെന്നാണ് സൂചന.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ മൈതാനത്തു വച്ചാണ് സമാപന ചടങ്ങ് നടക്കുക. ഏറെ വിവാദം സൃഷ്ടിച്ചായിരുന്നു നവംബർ 18 ന് ആരംഭിച്ച നവകേരള സദസ്സിന്റെ യാത്ര. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സഞ്ചരിക്കാനായി ബെൻസ് കാരവൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിന് പിന്നാലെയാണ് ആഡംബര ബെൻസ് കാരവനിലുള്ള മുഖ്യമന്ത്രിയുടെ യാത്ര. പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്സും രംഗത്ത് വന്നിരുന്നു. ഇവർക്കെതിരെ അതിദാരുണമായി പോലീസും എസ്എഫ്ഐ കാരും നടത്തുന്ന ആക്രമണങ്ങൾ വലിയ പ്രതിഷേധത്തിനിടയാക്കി.

തമിഴ് നാട്ടിലെ പ്രളയം വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഒരു പക്ഷെ എം കെ സ്റ്റാലിന്റെ യാത്രയുണ്ടാകാൻ സാധ്യതയില്ലെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

പുതുക്കാട് ദേശീയപാതയിൽ അപകടം

0

പുതുക്കാട്: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ മിനി ലോറിക്കു പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം. സ്റ്റാൻഡിൽ നിന്നു ദേശീയപാതയിലേക്ക് കയറിയ കെഎസ്ആർടിസി ബസിന്റെ പുറകിൽ ഇടിക്കാതിരിക്കാനായി പെട്ടെന്ന് ബ്രേക്ക് ചെയ്ത മിനി ലോറിക്കു പിറകിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ബസിൽ ഇടിക്കാതിരുന്നത് യാത്രക്കാർക്ക് രക്ഷയായി. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. ആർക്കും പരുക്കില്ല. 

ഇടിയുടെ ആഘാതത്തിൽ ടയറുകൾ കുടുങ്ങിയതിനാൽ കണ്ടെയ്നർ ലോറി മണിക്കൂറുകൾക്കുശേഷമാണ് ദേശീയപാതയിൽ നിന്നു നീക്കിയത്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതക്കുരുക്കുണ്ടായി. നിരന്തരം അപകടം സംഭവിക്കുന്ന ഇവിടെ സുരക്ഷയ്ക്കായി നടപടികൾ സ്വീകരിക്കണമെന്ന യാത്രക്കാരുടെ ആവശ്യം അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇവിടെ കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിലേക്കും തിരിച്ചും പ്രവേശിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.

സ്പീഡ്പോസ്റ്റിൽ വന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

0

തൃപ്രയാർ: യുവാവിന്റെ വീട്ടിൽ നിന്നും സ്പീഡ്പോസ്റ്റിൽ വന്ന പാഴ്സലിലുമായി 14.19 ഗ്രാം എംഡിഎംഎ പിടികൂടി. കഴിമ്പ്രം നെടിയിരുപ്പിൽ അഖിൽരാജിനെ (25) വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്.സച്ചിനും സംഘവും അറസ്റ്റ് ചെയ്തു.

അഖിൽരാജ് എംഡിഎംഎ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ സൂചനയെത്തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് 3.75 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഈ സമയത്ത് പോസ്റ്റ് ഓഫിസിൽ നിന്ന് വന്ന സ്പീഡ് പോസ്റ്റ് പാഴ്സൽ സംശയം തോന്നി പരിശോധിച്ചപ്പോൾ എക്സൈസ് സംഘത്തിന് 10.44 ഗ്രാം എംഡിഎംഎയും കൂടി  ലഭിച്ചു.

തപാലിൽ വന്ന പാഴ്സലിലെ വിലാസം പോണത്ത് ബാലുവിന്റെയും ഫോൺ നമ്പർ അഖിൽരാജിന്റേതുമായിരുന്നു. ബാലുവിനെ പിടികൂടാനായിട്ടില്ല. പാഴ്സലിനുള്ളിൽ മറ്റൊരു പൊതിയിലാണ് ലഹരി മരുന്ന് രഹസ്യമായി ഒളിപ്പിച്ചിരുന്നത്. മധ്യപ്രദേശ് ജബൽപൂരിലെ ഏജൻസിയാണ് സ്പീഡ് പോസ്റ്റ് പാഴ്സൽ അയിച്ചിട്ടുള്ളത്.

18 കാരിയെ കൊലപ്പെടുത്തിയ മാതാപിതാക്കൾക്ക് ജീവപര്യന്തം

0

റോം: നിശ്ചയിച്ച വിവാഹം നിരസിച്ച മകളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ ദമ്പതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇറ്റാലിയൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇറ്റലിയിലെ ബൊലോഗ്നയ്ക്കടുത്തുള്ള നോവെല്ലറയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന സമൻ അബ്ബാസ് എന്ന 18കാരിയെയാണ് കൊലപ്പെടുത്തിയത്. 2021ലാണ് സംഭവം നടന്നത്.
കേസിൽ പെൺകുട്ടിയുടെ അമ്മാവനെ നേരത്തെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

പ്രതികളിലൊരാളായ പെൺകുട്ടിയുടെ മാതാവ് ഇപ്പോഴും ഒളിവിലാണ്. ഇവർ പാകിസ്ഥാനിലേയ്ക്ക് കടന്നെന്നാണ് വിവരം. പാകിസ്ഥാനിലെ ഒരു ബന്ധുവിനെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടിയോട് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.എന്നാൽ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നതിനാൽ സമൻ ഇത് സമ്മതിച്ചില്ല. ഇവരുടെ ബന്ധം വീട്ടുകാരും അംഗീകരിച്ചിരുന്നില്ല. ഇതോടെ ഏപ്രിലിൽ സമൻ കാമുകനോടൊപ്പം പോകാൻ തീരുമാനിച്ചു.


ഇതിനിടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് ഫാം ഹൗസിൽ നിന്നും സമൻ അബ്ബാസിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. ഏപ്രിൽ 30ന് രാത്രി പെൺകുട്ടിയെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന സമയത്ത് വീട്ടിൽ നിന്നും പെൺകുട്ടിയുടെ പിതാവും അമ്മാവനും ബന്ധുക്കളും ബക്കറ്റ്, മൺവെട്ടി തുടങ്ങിയവയുമായി പുറത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

കാമുകനൊപ്പം പോകാൻ തീരുമാനിച്ച മകളെ കൊലപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അമ്മാവനെ വിളിച്ച് വരുത്തി പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നാലെ ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം ഫാമിലെത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്നാണ് കുറ്റപത്രം.കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഇറ്റലിയിൽ നിന്നും പോയിരുന്നു. പെൺകുട്ടിയുടെ പിതാവ് ഷബ്ബാർ അബ്ബാസിനെ പാകിസ്ഥാനിലെ പൊലീസാണ് അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റിൽ ഇയാളെ ഇറ്റലിയ്ക്ക് കെെമാറി. പെൺകുട്ടിയുടെ അമ്മാവൻ ഡാനിഷ് ഹസനെ ഫ്രാൻസിൽ നിന്നാണ് പിടികൂടിയത്. കേസിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കളെ കോടതി വെറുതെ വിട്ടു. മാതാവ് ഷഹീന് വേണ്ടി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

കാട്ടുപന്നിക്കൂട്ടം നെൽക്കൃഷി നശിപ്പിച്ചതായി പരാതി

0

തൃശ്ശൂർ, മുല്ലശേരി: പാറപ്പാടം കിഴക്കേത്തല കോൾപാടത്തെ നെൽക്കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചതായി പരാതി. കതിരിട്ട നെൽച്ചെടികളെല്ലാം കുത്തിമറിച്ചിട്ട നിലയിലാണ്. ഏകദേശം മൂന്നേക്കറിലധികം സ്ഥലത്തെ കൃഷി ഇതിനകം നശിപ്പിച്ചു. താണവീഥി ഇറക്കത്തിലും മോട്ടർ പുരയുടെ സമീപത്തുമാണ് നാശം കൂടുതൽ. 14 ഏക്കർ വരുന്ന പടവിൽ 17 കർഷകരാണ് ഉള്ളത്. 70 – 75 ദിവസം പ്രായമായ നെൽച്ചെടികളാണ് നശിപ്പിച്ചത്. രാത്രിയിൽ നാൽപതിലധികം വരുന്ന കാട്ടുപന്നി കൂട്ടമാണ് പാടത്തെത്തുന്നത്. വിജനമായ കുറ്റിക്കാടുകളിലും പുൽക്കാടുകളിലുമാണ് ഇവയുടെ വാസം. നെൽച്ചെടി മാത്രമല്ല സമീപത്തെ പറമ്പുകളിലെ പച്ചക്കറി, കിഴങ്ങു വർഗങ്ങൾ, വാഴ, തൈതെങ്ങുകൾ തുടങ്ങിയവയെല്ലാം  നശിപ്പിക്കുന്നുണ്ട്. 

കഴിഞ്ഞ വർഷം ഇവിടെ 6 ഏക്കറിലെ കൃഷി നശിപ്പിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇൗ അനുഭവമുള്ളതിനാൽ ഇത്തവണ കൃഷിയിറക്കുന്നതിന് മുൻപുതന്നെ മുല്ലശേരി പഞ്ചായത്തിന് പാടശേഖര സമിതി ഭാരവാഹികൾ പന്നികളെ നശിപ്പിക്കാൻ കത്തു നൽകിയിരുന്നു. ഇത്തവണയും പന്നികൾ കൃഷി നശിപ്പിക്കാനെത്തിയപ്പോൾ ഭാരവാഹികൾ പ‍ഞ്ചായത്തിൽ പരാതി നൽകി. പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർമാരെത്തി  കൃഷി നശിപ്പിക്കാനെത്തിയ  2 കാട്ടുപന്നികളെ വെടിവച്ചു കൊന്നെങ്കിലും  പന്നികളുടെ ശല്യം തുടരുകയാണ്. പന്നികൾ കൃഷി നശിപ്പിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർ‌ക്ക് നഷ്ടപരിഹാരം നൽകണമെന്നും പടവ് ഭാരവാഹികളായ എൻ.കെ. വിനു, ആനന്ദൻ ചീരോത്ത് എന്നിവർ ആവശ്യപ്പെട്ടു.

വസന്തോത്സവത്തിന്റെയും ലൈറ്റ് ഷോയുടെയും ടിക്കറ്റ് വില്പന ആരംഭിച്ചു

0

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം പുഷ്‌പോത്സവത്തിന്റെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞവര്‍ഷം ടൂറിസം വകുപ്പ് സംഘടിപ്പിച്ച പുതുവല്‍സര ദീപാലാങ്കരത്തിന് ലഭിച്ച വന്‍ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ അതിലും വിപുലമായാണ് ഇത്തവണ ലൈറ്റ് ഷോ ഒരുക്കുക.

ഈ മാസം 24 മുതല്‍ ജനുവരി രണ്ടാം തീയതി വരെയാണ് ഫ്‌ളവര്‍ ഷോയും ലൈറ്റ് ഷോയും . 24ന് രാവിലെ മുതല്‍ പ്രവേശനം അനുവദിക്കും. വൈകുന്നേരം മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ‘ഇല്യുമിനേറ്റിങ് ജോയ്, സ്‌പ്രെഡ്ഡിങ് ഹാര്‍മണി’ എന്ന ആശയത്തിലാണ് പരിപാടി ഒരുക്കുന്നത്.

നവ കേരളയാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ റെഡ് സോണുകൾ

0

തലസ്ഥാനത്ത് നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്. വേദി , പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ല.

വർക്കല മുതൽ പാറശ്ശാല വരെയുള്ള സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. നവകേരള സദസ്സ് നടക്കുന്ന നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും നവകേരള സദസ് കടന്നു പോകുന്ന റൂട്ടുകളിലെ നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് താത്കാലിക റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്രോണുകളുടെ ഉപയോഗം നവകേരള സദസിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുമെന്ന് ബോധ്യമായിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2021 ലെ പ്രത്യേക ഡ്രോൺ റൂൾ 24(2) പ്രകാരം പ്രത്യേക മേഖലയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാനായി താത്കാലിക റെഡ് സോൺ ആയി പ്രഖ്യാപിക്കുവാൻ ജില്ലാ പൊലീസ് മേധാവിമാരെ അധികാരപ്പെടുത്തുന്നുണ്ട്. ഇതുപ്രകാരമാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.

ഇന്നാണ് നവ കേരള സദസ് തിരുവനന്തപുരം ജില്ലയിൽ എത്തുന്നത്. കൊല്ലത്തെ പര്യടനം പൂർത്തിയാക്കി വൈകിട്ട് വർക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ മണ്ഡലങ്ങളിൽ പര്യടനം നടത്തും. ശനിയാഴ്ച വൈകിട്ട് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നവ കേരള സദസിന്റെ സമാപനം.