Saturday, May 24, 2025
Home Blog Page 1079

മാർപാപ്പ മാഹി പള്ളിയെ ബസിലിക്കയായി ഉയർത്തി

0

കോഴിക്കോട്: മാഹി അമ്മ ത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ​​ഫ്രാൻസിസ് മാർപാപ്പ ബസിലിക്കയായി ഉയർത്തി. വടക്കൻകേരളത്തിലെ ആദ്യത്തെ ബസിലിക്കയായി മാഹി പള്ളി മാറിയതായി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അറിയിച്ചു. മയ്യഴി അമ്മയുടെ ദേവാലയം എന്നാണ് മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രം അറിയപ്പെടുന്നത്.

മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോട് രൂപതയ്ക്ക് അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക് ദൈവം കനിഞ്ഞുനല്‍കിയ സമ്മാനമാണ് ഈ ബസിലിക്ക പദവിയെന്ന് ബിഷപ് പറഞ്ഞു. കേരളത്തിലെ പതിനൊന്നാമത്തെ ബസിലിക്കയാണ് മാഹി സെന്റ് തെരേസാസ് പള്ളി. രാജ്യത്തെ ചരിത്ര പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഫ്രഞ്ച് ഭരണപ്രദേശമായിരുന്ന മയ്യഴിയിലെ അമ്മ ത്രേസ്യയുടെ ദേവാലയം. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി കേരളത്തിലെ മലബാര്‍ മേഖലയിലുള്ള മാഹിയില്‍ 1736 ല്‍ സ്ഥാപിക്കപ്പെട്ട ആരാധനാലയമാണിത്. ഇറ്റലിയില്‍ നിന്നുള്ള ഫാ. ഡോമിനിക് ഓഫ് സെന്റ് ജോണ്‍ വടകരയ്ക്കടുത്ത് കടത്തനാട് രാജാവ് ബയനോറിന്റെ കാലത്ത് 1723-ല്‍ മാഹി മിഷന്‍ ആരംഭിച്ചതായി റോമിലെ കര്‍മലീത്താ ആര്‍ക്കൈവ്സിലെ ‘ദെ മിസ്സിയോനെ മാഹീനെന്‍സി മലബാറിബുസ് കൊമന്താരിയുസ്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1736 ല്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ ദേവാലയത്തിനു കേടുപാടു സംഭവിച്ചു. 1788 ല്‍ ആബി ദുഷേനിന്‍ ദേവാലയം പുതുക്കിപ്പണിതു. 1855 ല്‍ പണിതീര്‍ത്ത മണിമാളികയില്‍ ഫ്രഞ്ച് മറീനുകള്‍ ഒരു ക്ലോക്ക് സ്ഥാപിച്ചു. 1956 ല്‍ ദേവാലയം പുതുക്കിപ്പണിയുകയുണ്ടായി. 2010 ല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വിപുലമായ രീതിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.

റോമന്‍സഭയുമായും പരമോന്നത കത്തോലിക്ക സഭയുടെ അധികാരിയായ പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും, സജീവവും അജപാലനവുമായ ആരാധനക്രമത്തിന്റെ കേന്ദ്രവുമാണ് ബസിലിക്കകള്‍. ബസിലിക്കയായി ഉയർത്തിയ പ്രഖ്യാപനം കോഴിക്കോട് രൂപത മെത്രാൻ ബിഷപ്പ് വർഗീസ് ചക്കാലക്കൽ രൂപത കുടുബാഗങ്ങളെ അറിയിച്ചു.

ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 39 കാരിയെ അട്ടിമറിച്ച് എട്ട് വയസ്സുകാരി.. യൂറോപ്പിലെ മികച്ച താരമായി ഇന്ത്യന്‍ വംശജ

0

ക്രൊയേഷ്യ : ചെസ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി എട്ടു വയസ്സുകാരിയായ ബോധന ശിവാനന്ദന്‍. ക്രൊയേഷ്യയില്‍ അരങ്ങേറിയ യൂറോപ്യന്‍ റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ വംശജ കൂടിയായ ബോധന മികച്ച പ്രകടനത്തിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. വനിതാ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയതോടൊപ്പം മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു ഈ കൊച്ചു മിടുക്കി. 48 ഗ്രാന്‍ഡ്മാസ്റ്റര്‍മാരും 50 ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സുമക്കം 555 താരങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്. അതുകൊണ്ട് തന്നെ എതിരാളികളുടേതടക്കം കൈയ്യടി നേടാന്‍ ഈ എട്ടു വയ്സ്സുകാരിക്കായി.

13 റൗണ്ട് ബ്ലിറ്റ്‌സ് മത്സരത്തില്‍ 8.5/13 പോയ്ന്റുകള്‍ നേടി ബോധനയ്ക്ക് ഇത്രയുമധികം താരങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 73-ാം സ്ഥാനത്തെത്താനും സാധിച്ചു. തന്നേക്കാള്‍ 30 വര്‍ഷത്തിലേറെ സീനിയറായ ഒരു താരത്തെ തോല്‍പ്പിക്കുകയും ചെയ്തു ഈ കൊച്ചു മിടുക്കി. ഇന്റര്‍നാഷണല്‍ മാസ്റ്ററും ഇംഗ്ലണ്ടിന്റെ വനിതാ പരിശീലകയുമായ 39 കാരി ലോറിന്‍ ഡക്കോസ്‌റ്റേയെയാണ് ബോധന തോല്‍പ്പിച്ചത്. വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോ സ്വദേശിയായ ബോധന ശിവാനന്ദന്‍ ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

വന്ദേഭാരത് പാളത്തിന് സുരക്ഷാവേലി നിര്‍മ്മിക്കും.

0

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പാളത്തിന് ഇരുവശത്തും സുരക്ഷാവേലി നിര്‍മ്മിക്കുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് 130 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന മേഖലകളിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നകാര്യം പരിഗണിക്കുന്നത്. ബിജെപി എംപി ഘനശ്യാം സിങ് ലോധിയുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷയ്ക്കാണ് റെയില്‍വേ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിവേഗത്തില്‍ ഓടുന്ന വന്ദേഭാരത് തീവണ്ടികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ റെയില്‍വെ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. വന്ദേഭാരത് തീവണ്ടികള്‍ മണിക്കൂറില്‍ 110 നും 130 നും കിലോമീറ്ററിനിടെ വേഗത്തിലോടുന്ന മേഖലകളിലെ അപകടസാധ്യതയുള്ള ഭാഗങ്ങളിലും മണിക്കൂറില്‍ 130 കിലോമീറ്ററിലധികം വേഗത്തിലോടുന്ന എല്ലാ ഭാഗങ്ങളിലും തീവണ്ടിപ്പാളത്തിന് ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

വന്ദേഭാരത് തീവണ്ടികള്‍ ഓടുന്ന പാളങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തടസങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമടക്കം ബിജെപി എംപി ചൂണ്ടിക്കാട്ടിയിരുന്നു. 2023 നവംബര്‍ വരെ റെയില്‍വെ ട്രാക്കുകളില്‍ വിവിധ വസ്തുക്കള്‍വച്ച് സാമൂഹ്യവിരുദ്ധര്‍ തടസം സൃഷ്ടിച്ച നാല് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദികളെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷാവേലി സ്ഥാപിക്കുന്നതിന് പുറമെ മറ്റ് നിരവധി നടപടിക്രമങ്ങള്‍ റെയില്‍വെ സംരക്ഷണ സേനയും സാങ്കേതിക വിഭാഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും റെയില്‍വെ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

അടിച്ചാൽ തിരിച്ചടിക്കും……

0

കോഴിക്കോട് : അടിച്ചാൽ തിരിച്ചടിക്കുമെന്നത് പാർട്ടിയുടെ നിലപാട് തന്നെയാണെന്നും അത് ആവർത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഭീരുവാണോ എന്ന കാര്യം പ്രതിപക്ഷനേതാവിനോട് ചോദിച്ചാൽ മനസിലാകുമെന്ന മുഖ്യമന്ത്രിയുടെ വാദത്തിനും സതീശൻ മറുപടി പറഞ്ഞു. സുധാകരനോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഭീരുവാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സതീശൻ തിരിച്ചടിച്ചു.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പോലീസ് അതിക്രൂരമായാണ് മർദ്ദിക്കുന്നത്. പോലീസിന് പുറമെ മുഖ്യമന്ത്രിയുടെ ഗൺമാനും പാർട്ടി പ്രവർത്തകരും മർദ്ദനം അഴിച്ചുവിടുന്നു. ഇതിനെതിരെ നിയമപരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്നാണ് പറഞ്ഞത്. മറ്റുവഴിയില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പാലും തേനും നൽകിയാണ് പോലീസ് കൊണ്ടുപോയത്. ഒരു പാൽക്കുപ്പി കൂടി കൊടുക്കാമായിരുന്നു.

അതേസമയം, കെ.എസ്.യു പ്രവർത്തകരെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചും ക്രൂരമായി മർദ്ദിക്കുന്നു. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കളിയാണ് നടക്കുന്നത്. സർക്കാർ പ്രതിസന്ധിയിലാകുന്ന സമയത്തെല്ലാം ഗവർണർ വിവാദമുണ്ടാക്കും. നവകേരള യാത്രയോടെ സംസ്ഥാന സർക്കാർ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലായി. അറിയപ്പെടുന്ന ഗുണ്ടകളും ക്രിമിനലുകളുമാണ് മുഖ്യമന്ത്രിയുടെ യാത്രയിൽ അണിനിരക്കുന്നത്. ഞങ്ങളുടെ കുട്ടികളെ സി.പി.എമ്മിന്റെ ഇരകളാകാൻ വിട്ടുകൊടുക്കില്ലെന്നും സതീശൻ പറഞ്ഞു.

കേരളത്തിൽ ബി.ജെ.പിയുടെ പിന്തുണയോടെയാണ് നവകേരള സദസ്സ് നടക്കുന്നത്. കെ. സുരേന്ദ്രൻ കുഴൽപ്പണ കേസിൽ അകത്തുപോകേണ്ട ആളായിരുന്നു. അദ്ദേഹത്തെ സംരക്ഷിച്ചത് പിണറായി വിജയനാണ്. അതിന്റെ സഹായമാണ് സുരേന്ദ്രൻ പിണറായിക്ക് നൽകുന്നത്. ലാവ്‌ലിൻ കേസിൽ പിണറായിയെ സംരക്ഷിച്ചുവരുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ….

0

ന്യൂഡെല്‍ഹി- ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ തോത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 ശതമാനം വര്‍ധിച്ചു. 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 42,270 കോടി രൂപയുടെ നിക്ഷേപമാണ് അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ കിടക്കുന്നത്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം 32,934 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി ഉണ്ടായിരുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വെച്ച കണക്കാണിത്.


36,185 കോടി രൂപയുടെ നിക്ഷേപങ്ങള്‍ പൊതുമേഖലാ ബാങ്കുകളിലും 6,087 കോടി രൂപയുടെ നിക്ഷേപങ്ങള്‍ സ്വകാര്യ ബാങ്കുകളിലും കെട്ടികിടക്കുന്നു. 10 വര്‍ഷത്തോളമായി ഉപയോഗിക്കാത്ത സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സിനെയാണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്. ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ പലരും ക്ലോസ് ചെയ്യാത്തതും മരണപ്പെട്ടവരുടെ അക്കൗണ്ടുകള്‍ക്ക് അവകാശികളില്ലാത്തതുമാണ് ഇത്തരം നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഈ തുക അതത് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (ഡി.ഇ.എ) എന്ന ഫണ്ടിലേക്ക് മാറ്റാറാണ് പതിവ്.


മരിച്ചവരുടെ അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ അര്‍ഹരായ അവകാശികള്‍ക്ക് ക്ലെയിം ചെയ്യുന്നതിനായി ബാങ്കുകള്‍ ഈ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഈ തുക ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവരാന്‍ ആര്‍.ബി.ഐ ശ്രമം നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വിവിധ ബാങ്കുകളില്‍ അവകാശപ്പെടാതെ കിടക്കുന്ന അക്കൗണ്ടുകള്‍ എളുപ്പത്തില്‍ കണ്ടെത്താനായി പോര്‍ട്ടലും ആര്‍.ബി.ഐ അവതരിപ്പിച്ചിട്ടുണ്ട്.

തുക തിരിച്ചെടുക്കാനോ അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനോ ഉപയോക്താക്കള്‍ക്ക് ബന്ധപ്പെട്ട ബാങ്കുകളെ സമീപിക്കാനും സഹായിക്കുന്നതാണ് പോര്‍ട്ടല്‍.ഓരോ ജില്ലയിലെയും അതത് ബാങ്കുകളിലെ ഇത്തരത്തിലുള്ള ടോപ് 100 നിക്ഷേപങ്ങള്‍ കണ്ടെത്തി തിരികെ നല്‍കാനായി കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ 100 ദിവസത്തെ പ്രത്യേക ക്യാംപെയ്‌നും ആര്‍.ബി.ഐ നടത്തിയിരുന്നു. ഇതു വഴി 1,432.68 കോടി രൂപ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കി.

കാത്തിരിപ്പിനൊടുവില്‍ വീണ്ടും റെസ്ലീങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ്

0

ലൈംഗികാരോപണങ്ങളുടെയും ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ഒളിമ്പിക് ഭവനിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഫെഡറേഷന്റെ മുന്‍ തലവനും ബിജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ നീണ്ട 12 വര്‍ഷം ഭരിച്ച പ്രസിഡന്റ് സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴാഴ്ചയ്ക്ക് ശേഷം രാജ്യത്തെ മുന്‍നിര ഗുസ്തി ഫെഡറേഷന് പുതിയ പ്രസിഡന്റിനെ ലഭിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടിയുണ്ട്.

പ്രസിഡന്റ് സ്ഥാനത്തിലേക്ക് മത്സരിക്കുന്നത് ബ്രിജ് ഭൂഷണോട് അടുപ്പമുള്ള സഞ്ജയ് സിങ്ങും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അനിത ഷിയോറനും തമ്മിലാണ്. ഇതിന് പുറമേ ഒരു സീനിയര്‍ വൈസ് പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റ്, ട്രഷറര്‍, സെക്രട്ടറി ജനറല്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങി സ്ഥാനത്തിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

മത്സര രംഗത്ത് നിയുക്ത മധ്യപ്രദേശ് മുഖ്യമന്ത്രിയും മുന്‍ ഗുസ്തി താരവുമായ മോഹന്‍ യാദവും ഉണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് അദ്ധേഹം മത്സരിക്കുന്നത്.

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രിജ് ഭൂഷന് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. രാജ്യത്തെ പ്രധാന ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ബ്രിജ് ഭൂഷന് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്.

കാർ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു; യാത്രക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു

0

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പാലത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഡി.സി.സി മുൻ ജനറൽ സെക്രട്ടറി സക്കറിയ കട്ടിക്കാരന്‍റെ സുസുകി എസ് ക്രോസ് കാറാണ് കത്തിനശിച്ചത്. ഇദ്ദേഹം മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പാലത്തിനു മധ്യത്തില്‍വെച്ച്‌ ആംബുലൻസിനായി കാര്‍ ഒതുക്കിയപ്പോള്‍, ആംബുലൻസ് ഡ്രൈവറാണ് പിറകില്‍ തീപിടിക്കുന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയത്. ഉടൻ കാറില്‍ നിന്നിറങ്ങിയ സക്കറിയ, ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷൻ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍റെ സഹായത്തോടെ വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

എറണാകുളം സെൻട്രല്‍ പൊലീസും, ഗാന്ധിനഗര്‍ ക്ലബ് റോഡ് അഗ്നിരക്ഷാ സേനയും എത്തിയാണ് തീയണച്ചത്. ഇതിനിടെ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കാര്‍ കത്തിയതെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.

വൈകീട്ട് ലിസി ആശുപത്രിക്കു സമീപമുള്ള സര്‍വിസ് സ്റ്റേഷനില്‍ നിന്ന് സാധാരണ സര്‍വിസിനു ശേഷം വര്‍ക്ക് ഷോപ് ജീവനക്കാരൻ വീട്ടിലെത്തിച്ച കാറില്‍ ഭാര്യയെ ജോലി സ്ഥലത്തുനിന്ന് കൂട്ടാൻ പോകുന്ന വഴിക്കായിരുന്നു അപകടമെന്ന് കാര്‍ ഉടമ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് കലൂര്‍-കച്ചേരിപ്പടി റോഡില്‍ ഏറെനേരം ഗതാഗത സ്തംഭനമുണ്ടായി. ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

0

കോട്ടയം – കോട്ടയത്ത് വയോധികയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കല്‍ തങ്കമ്മയാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികള്‍ വീടിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

നൈട്രജന്‍ ഗ്യാസ് നൽകി വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ …

0

അലബാമ: വധശിക്ഷയ്ക്ക് വിധിച്ച തടവ് പുള്ളികൾക്ക് നൈട്രജന്‍ ഗ്യാസ് നൽകി ശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആത്മീയ ഉപദേശകന്‍. അമേരിക്കന്‍ സംസ്ഥാനമായ അലബാമയിലാണ് വധശിക്ഷ നടപ്പിലാക്കാനായി നൈട്രോജന്‍ ഗ്യാസ് ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നത്. എന്നാൽ മൃഗഡോക്ടർമാർ പോലും പിന്തുടരാത്ത രീതി മനുഷ്യനെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജെഫ്രി ഹുഡ് എന്ന വൈദികന്‍ വിശദമാക്കുന്നത്. മാരക വിഷം നൽകി ശിക്ഷ നടപ്പാക്കുന്നതിൽ കഴിഞ്ഞ വർഷം വന്ന പാളിച്ചകളാണ് പുതിയ രീതികൾ തേടാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

വധശിക്ഷ നടപ്പാക്കുന്ന വേളയിൽ സന്നിഹിതരായിട്ടുള്ള മറ്റുള്ളവർക്ക് നൈട്രജന്‍ ഗ്യാസ് മൂലം ഉണ്ടാവാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് വൈദികന്റെ പ്രതിഷേധം. സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് വൈദികന്‍. അന്തിമ കർമ്മങ്ങൾ അടക്കമുള്ളവ നൽകുന്നതിൽ ഈ രീതി തടസമുണ്ടാക്കുന്നുവെന്നാണ് പരാതി വിശദമാക്കുന്നത്. വധശിക്ഷ ലഭിച്ചിരിക്കുന്ന തടവുകാർക്കിടയിലെ പ്രവർത്തനങ്ങളുടെ പേരിൽ ഏറെ പ്രശസ്തനാണ് ഈ വൈദികന്‍. മരുന്ന് നിർമ്മാതാക്കൾ വധശിക്ഷയ്ക്ക് വിഷം തയ്യാറാക്കുന്നതിൽ വിമുഖത കാണിച്ചതോടെയാണ് മറ്റ് മാർഗങ്ങൾ തേടാന്‍ സംസ്ഥാനം നിർബന്ധിതമായത്. ഫയറിംഗ് സ്ക്വാഡ് അടക്കമുള്ള മാർഗങ്ങൾ തേടുന്നതിൽ തെറ്റില്ലെന്നാണ് ചില ജനപ്രതിനിധികൾ പ്രതികരിച്ചത്. അലബാമ, മിസിസ്സിപ്പി, ഓക്കലഹോമ എന്നിവിടങ്ങളിലാണ് വിഷം കുത്തി വയ്ക്കുന്നതിന് പകരം നൈട്രജന്‍ ഗ്യാസ് നൽകി വധശിക്ഷ നടപ്പിലാക്കാനൊരുങ്ങുന്നത്.

2024 ജനുവരി 24ന് ഇത്തരത്തിലുള്ള ആദ്യ വധശിക്ഷ നടപ്പിലാക്കാനൊരുങ്ങുകയാണ് അലബാമ. മാസ്കിനുള്ളിലൂടെ തടവുകാരനിലേക്ക് നൈട്രജന്‍ ഗ്യാസ് നൽകുകയും ഇത് ശ്വസിക്കുന്ന തടവുകാരന് ശ്വസന തകരാർ സൃഷ്ടിക്കുകയും ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം മരിക്കുകയും ചെയ്യുന്ന രീതിയാണ് അധികൃതർ പരീക്ഷിക്കാനൊരുങ്ങുന്നത്. 1996ൽ വധശിക്ഷയ്ക്ക് വിധിച്ച കെന്നത്ത് യൂജിന്‍ സ്മിത്ത് എന്നയാളെ 2024 ജനുവരി ശിക്ഷയ്ക്ക് വിധിക്കാനാണ് നീക്കം. 2022 നവംബറിൽ ഇയാള വധശക്ഷ നടപ്പിലാക്കാനുള്ള ശ്രമം പാളിയിരുന്നു. ഒരു വർഷത്തിന് ശേഷം പുതിയ രീതിയിൽ സ്മിത്തിന്റെ ശിക്ഷ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വൈദികന്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ആരാണ് സമീര്‍ റിസ്വി.. ചെന്നൈ എന്തിന് ഇത്രയും തുക താരത്തിന് വേണ്ടി മുടക്കി

0

മുബൈ : ഐപിഎല്ലിന്റെ താര ലേലം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഓസ്‌ട്രേലിന്‍ താരങ്ങളായ കമ്മിന്‍സിനെയും സ്റ്റാര്‍ക്കിനെയും ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ടീമുകള്‍ വാങ്ങിയത്.

എന്നാല്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു ഇന്ത്യന്‍ താരത്തെ വാങ്ങി. ഉത്തര്‍പ്രദേശുകാരനായ സമീര്‍ റിസ്വി. താരത്തിനായി 8.40 കോടി രൂപയാണ് ചെന്നൈ മുടക്കിയത്. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്ത റിസ്വിക്ക് വേണ്ടി ചെന്നൈ എന്തിന് ഇത്രയും തുക മുടക്കി എന്നുള്ള ചോദ്യവും ഉയര്‍ന്നു വന്നു. ആരാധകരും അവരുടെ ആശങ്ക പ്രകടിപ്പിച്ചു.

എന്നാല്‍ സമീര്‍ റിസ്വി ചില്ലറക്കാരനല്ല എന്നതാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാജ്യത്തിന് വേണ്ടി കളിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ആക്രമണാത്മക ബാറ്റിംഗങ്ങിന്റെ ഉസ്താദാണ് താരം. ഉത്തര്‍പ്രദേശില്‍ നടന്ന ടി 20 ലീഗിന്റ ഉദ്ഘാടന പതിപ്പിലെ തന്നെ മത്സരത്തില്‍ റിസ്വി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്ന് അതിവേഗ സെഞ്ച്വറിയാണ് താരം നേടിയത്.

ആഭ്യന്തര ടി20യില്‍ 134.70 ആണ് റിസ്വിയുടെ സ്‌ട്രൈക്ക് റേറ്റ്. നാല് മുതല്‍ ഏഴ് വരെയുള്ള പൊസിഷനില്‍ ഏതില്‍ വേണോ താരത്തെ കളിപ്പിക്കാം. മധ്യനിരയിലാണെങ്കില്‍ താരം കുറച്ച് കൂടി ആക്രമണ ബാറ്റിംഗ് കാഴ്ചവെക്കും.

യുപി ടി20 ലീഗില്‍ താരം അടിച്ചു കൂടിയത് 455 റണ്‍സാണ്.. അതും വെറും 9 ഇന്നിംഗ്‌സുകളില്‍ നിന്ന്. രണ്ട് സെഞ്ചുറികളും ഇതില്‍പെടും. അവിടെ മാത്രമല്ല സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റിസ്വി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നേരിടുന്ന 11 പന്തുകളില്‍ ഒരു സിക്‌സ് എന്നാണ് താരത്തിന്റേതായി പുറത്ത് വരുന്ന കണക്കുകള്‍.. ഇതൊക്കെ കൊണ്ട് തന്നെയാണ് ചെന്നൈ താരത്തിന്റെ പിറകെ ഇത്രയും പണമായി പോയതും.

എന്നാല്‍ ചെന്നൈ റിസ്വിയെ സൈന്‍ ചെയ്‌തെങ്കിലും താരം ഞെട്ടലിലാണ്. ഏതെങ്കിലും ടീമില്‍ ഇടം പിടിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നെങ്കിലും ഇത്രയും തുകയ്ക്ക് ചെന്നൈ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് റിസ്വി. അതുകൊണ്ട് തന്നെ ഈ നേട്ടം വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതല്ലെന്നായിരുന്നു റിസ്വിയുടെ അഭിപ്രായം. എന്തായാലും ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനം ഐപിഎല്ലിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് സമീര്‍ റിസ്വി.