Sunday, May 25, 2025
Home Blog Page 1073

ഓട്ടിസം പാർക്കിൽ ക്രിസ്മസ് ആഘോഷിച്ചു

0

ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യിലെ ഓട്ടിസം സെന്ററിൽ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷം നടന്നു. മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ ആർ സത്യപാലൻ സ്വാഗതവും, എ ഇ ഒ ഡോ എം സി നിഷ സമ്മാനദാവും നിർവഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ആതിര രവീന്ദ്രൻ, നിഷ, സിബി, കൃഷ്‌ണ, വത്സല, ക്ലസ്റ്റർ കോഡിനേറ്റർമാരായ ആൻസി, ജിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.

ശബരിമലയിൽ വനംവകുപ്പ് ജീവനക്കാരന് പാമ്പുകടിയേറ്റു

0

പത്തനംതിട്ട: ശബരിമലയിൽ വനം വകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു. മരക്കൂട്ടത്ത് വച്ചായിരുന്നു സംഭവം. കൊല്ലം കുമ്മിൾ സ്വദേശി സെൻജിത്തിനാണ് കടിയേറ്റത്. തെന്മല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനാണ്. ശബരിമല ഡ്യൂട്ടിക്കായി എത്തിയതായിരുന്നു. സെൻജിത്തിനെ ഉടൻ തന്നെ പമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇത്തവണ സീസൺ തുടങ്ങിയശേഷം ശബരിമലയില്‍ ആറ് വയസുകാരിക്കടക്കം പാമ്പുകടിയേറ്റിരുന്നു. കാട്ടാക്കടയില്‍ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പന്‍ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ക്കായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന് അനുകൂല മറുപടി; നിളയോര ടൂറിസത്തിന് അനന്തസാധ്യത തെളിയുന്നു

0

പട്ടാമ്പി: ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെ പൈതൃക ടൂറിസം സോണായി പ്രഖ്യാപിക്കണമെന്ന നിർദ്ദേശത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുകൂല മറുപടി. അക്ഷരജാലകം സാംസ്‌കാരിക കൂട്ടായ്‌മയുടെ ചെയർമാൻ ഹുസൈൻ തട്ടത്താഴത്ത് ഡിസംബർ 1 ന് പട്ടാമ്പിയിൽ നടന്ന നവകേരള സദസ്സിലാണ് നിവേദനം നൽകിയത്. സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് ടൂറിസം വകുപ്പ് നൽകിയ മറുപടി. ഭാരതപ്പുഴയുടെ തീരത്തുള്ള ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് തടയണ മുതൽ തൃത്താല വെള്ളിയാങ്കല്ല് പാലം വരെ പൈതൃക ടൂറിസം സോണായി പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഉതകുന്ന വികസന പദ്ധതികൾ നടപ്പാക്കുകയും ചെയ്യണമെന്ന നിർദ്ദേശം നടപ്പായാൽ ഭാരതപ്പുഴ നേരിടുന്ന കയ്യേറ്റവും മലിനീകരണവും തടയാൻ കഴിയും.

പട്ടാമ്പി, തൃത്താല അസംബ്ലി മണ്ഡലങ്ങളുടെ വികസന കുതിപ്പിനും ഇതിലൂടെ സാധ്യമാവും. കുടുംബ സമേതം വിശ്രമവേളകൾ ചെലവഴിക്കാൻ പട്ടാമ്പിയിൽ ഒരിടത്തും സൗകര്യമില്ല. പട്ടാമ്പി ടൗൺ പാർക്ക് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയില്ല. നീണ്ടുകിടക്കുന്ന നിളാതീരവും ചെങ്ങണാംകുന്നിലേയും വെള്ളിയാങ്കല്ലിലേയും ജലസമൃദ്ധിയും കിഴായൂർ തടയണയുമെല്ലാം വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഉതകുന്നതാണ്. രണ്ടു മണ്ഡലങ്ങളിലായി നീണ്ടുകിടക്കുന്ന ഈ മേഖല പൈതൃക ടൂറിസം സോണായി പ്രഖ്യാപിക്കുകയും വികസന പദ്ധതികൾ നടത്തുകയും ചെയ്താൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. അതിലൂടെ നിരവധി പേർക്ക് തൊഴിൽ അവസരങ്ങളും ലഭിക്കും. അതോടൊപ്പം വാണിജ്യ, വ്യാപാര മേഖലയിലും ഉണർവുണ്ടാവും.

പട്ടാമ്പിയിൽ സാഹസിക ടൂറിസത്തിനും സാധ്യത ഏറെയാണ്. പട്ടാമ്പി കിഴായൂർ നമ്പ്രം റോഡിൽ നിളയോരത്തുള്ള ഡമ്പിങ്ങ് സ്റ്റേഷൻ ഇതിന് ഉപയോഗിക്കാം. സൈക്ലിങ്, വാക്ക് വേ, മോട്ടോർ ഗ്ലൈഡിങ്, ബീച്ച് വോളി തുടങ്ങിയ വലിയ ടൂറിസം സാധ്യതയും ഈ പ്രദേശത്തിനുണ്ട്. ബസ്റ്റാന്റിന്റെ പിൻഭാഗത്ത് ഗാലറി പോലെ പടവുകൾ നിർമിച്ചാൽ നൂറുകണക്കിന് യാത്രക്കാർക്ക് അല്പനേരം ചെലവഴിക്കാനും നിളയുടെ കുളിര് ഏറ്റുവാങ്ങാനും കഴിയും. ഇവിടെ പുഴയിൽ മാലിന്യം തള്ളുന്നത് തടയാനും ഇതുമൂലം കഴിയും. കൊടുമുണ്ട തീരദേശ റോഡ് മുതൽ വെള്ളിയാങ്കല്ല് വരെ പുഴയുടെ അതിര് നിർണ്ണയിച്ച് ഗാലറി പോലെ പടവുകൾ നിർമിക്കുകയും ചാരു ബെഞ്ചുകളും അലങ്കാര വിളക്കുകളും സ്ഥാപിക്കുകയും ചെയ്താൽ ആയിരങ്ങളെ ആകർഷിക്കാൻ കഴിയും. ചെങ്ങണാംകുന്ന് മുതൽ വെള്ളിയാങ്കല്ല് വരെ ബോട്ടിംഗ് ഏർപ്പെടുത്തുകയുമാവാം. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമുള്ള കച്ചവട സ്ഥാപനങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ ഉദ്യാനങ്ങളും ഒരുക്കാൻ കഴിയും. കുറ്റിപ്പുറം, തൃത്താല, പട്ടാമ്പി, ഷൊർണൂർ വരെയുള്ള നിർദ്ദിഷ്‌ട തീരദേശ റോഡ് കൂടി യാഥാർത്ഥ്യമായാൽ കൂടുതൽ നേട്ടമാവും.

രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയതിന് അധ്യാപികയ്ക്ക് പിഴ

0

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയതിന് ഇൻവിജിലേറ്ററായ അധ്യാപികയ്ക്ക് 3000 രൂപ പിഴ. ആലപ്പുഴയിലെ ഹയർ സെക്കൻഡറി അധ്യാപികയ്ക്ക് പിഴയിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. മനഃപൂർവം തെറ്റുവരുത്തിയിട്ടില്ലെന്ന് അധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.

കഴിഞ്ഞവർഷം ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയിലാണ് വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റായി എഴുതിയത്. പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ ഇൻവിജിലേറ്റർ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് നടപടി. വീഴ്ച വിദ്യാർത്ഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.

പിഴ ട്രഷറിയിൽ അടച്ചതിന്റെ ചെലാനും അച്ചടക്ക നടപടി സർവീസ് ബുക്കിൽ രേഖപ്പെടുത്തിയതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അയച്ചു കൊടുക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പരീക്ഷാ മാന്വൽ അനുസരിച്ചാണ് അച്ചടക്ക നടപടിയെന്നാണു വിശദീകരണം.

നിസ്സാരവീഴ്ചകളുടെ പേരിൽപോലും അധ്യാപകരിൽനിന്നും ആയിരക്കണക്കിന് രൂപ പിഴയീടാക്കുന്നത് അന്യായമാണെന്നും നടപടി പിൻവലിക്കണമെന്നും എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ് മനോജ് ആവശ്യപ്പെട്ടു.

ഡിജിപിയുടെ വസതിയിലെ പ്രതിഷേധം: പൊലീസുകാർക്ക് സസ്പെൻഷൻ

0

മഹിളാ മോർച്ച പ്രവർത്തകർ പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. മൂന്ന് പേർക്കെതിരെയാണ് നടപടി. നിരുത്തരവാദപരവും അശ്രദ്ധവുമായ നടപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

റാപ്പിഡ് റെസ്‌പോൺസ് ടീമിലെ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിഞ്ഞില്ലെന്നും ഗേറ്റ് തുറന്ന് കൊടുത്തത് തെറ്റായ നടപടിയാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വണ്ടിപ്പെരിയാർ കേസിൽ വീഴ്ച ആരോപിച്ചാണ് മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ തള്ളിക്കയറിയത്. ഡിജിപി വീട്ടിലുള്ള സമയത്താണ് പത്തോളം പ്രവർത്തകർ പൊലീസിനെ മറികടന്ന് അകത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

https://taniniram.com/mahila-morcha-dgp-house/

നവകേരള സദസ്സിന് ഇന്ന് സമാപനം, നഗരത്തിൽ കനത്ത സുരക്ഷ

0

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കും.

യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാ‍ർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലുള്ളത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളില്‍ മാറ്റിവച്ച പര്യടനം പൂർത്തിയാക്കും.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് തുടങ്ങുക. കെ.സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കും. ഇതേവിഷയത്തില്‍ കെഎസ്‍യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് വലയമാവും നഗരത്തിലുണ്ടാവുക.

വിഴിഞ്ഞത്ത് കോൺഗ്രസ്‌ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

0

നവകേരള സദസ്സ് കടന്നുവരുന്ന വിഴിഞ്ഞത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. മൂന്ന് ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കുക.തുറമുഖത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ഉറപ്പുനൽകിയ പ്രദേശവാസികളുടെ തൊഴിൽ നൽകുക.അനാവശ്യമായി കുത്തിപ്പൊളിച്ച PWD റോഡുകൾ അടിയന്തിരമായി പുനർനിർമ്മാനം നടത്തുക എന്നീ ആവശ്യങ്ങൾ ആണ് നേതാക്കൾ ഉയർത്തിയത്.കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടിയായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.സംഘർഷ സാധ്യതകൾ സമുദായിക സ്പർദ്ധ ഉണ്ടാക്കിയ മുൻസാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത് എന്നും മുഖ്യമന്ത്രിക്ക് ഓഖി സമയത്ത് ഉണ്ടായ അനുഭവം വിസ്മരിക്കരുതെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ പറഞ്ഞു. ഡിസിസി മെമ്പർ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ, വിഴിഞ്ഞം ഹനീഫ്, ബി സി മുത്തപ്പൻ, വിശ്വനാഥൻ നായർ, നൗഫൽ. എൻ, സ്റ്റാൻലി ഹെഡ്ഗർ, അൻസാരി, ഹുസൈൻ കണ്ണ്, നെൽസൺ, വിഴിഞ്ഞം നജീബ്, സിദ്ദിഖ്, അനീഷ്, ജോൺസൻ, സോളമൻ എന്നിവർ നേതൃത്വം നൽകി

രണ്ട് മന്ത്രിമാര്‍ രാജി വയ്ക്കും; രണ്ട് പേര്‍ മന്ത്രിമാരാകും; ഗണേശ്, കടന്നപ്പള്ളി സത്യപ്രതിഞ്ജ 29 ന്; 24 ന് ഇടതുമുന്നണി യോഗം

0

തിരുവനന്തപുരം : കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി 29 ന് സത്യപ്രതിഞ്ജ ചെയ്യും. കേരളാ കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്) പാർട്ടികളെ പ്രതിനിധീകരിക്കുന്നവരാണിവർ. ഇരു പാർട്ടികൾക്കുമുള്ള പുതുവൽത്സര സമ്മാനമാണിത്. ഈ മാസം 24 ന് ഇടതു മുന്നണി യോഗം ചേർന്ന് സത്യപ്രതിഞ്ജാ തീയതിക്ക് അനുമതി നൽകും. മുൻധാരണ പ്രകാരമാണ് മന്ത്രി സ്ഥാനം ഇവർക്ക് ലഭിക്കുന്നത്. ഇതോടെ
സ്ഥാനത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. നവ കേരളസദസ്സിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കും. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും ആയിരിക്കും ലഭിക്കുക. ഗണേഷ് കുമാർ മുമ്പ് ഗതാഗത വകുപ്പും കടന്നപ്പള്ളി തുറമുഖ വകുപ്പും ഭരിച്ചിട്ടുമുണ്ട്. ഗതാഗത മന്ത്രിയെന്ന നിലയിൽ കൈയ്യടി നേടിയിട്ടുള്ള ഗണേശന് ഇത് രണ്ടാം ഊഴമാണ്.

നവകേരള സദസ് കഴിഞ്ഞയുടൻ ഇവർ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യുന്നവെന്ന പ്രത്യേകതയുമുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 28 ന് തിരുവനന്തപുരത്ത് എത്തും.
ഇടതുമുന്നണി യോഗം കഴിഞ്ഞാലുടൻ പിന്നാലെ ഗതാഗതമന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും.

ഫ്ലവർ മൂണിൻ്റെ കൊലയാളികളെ തേടി

0

അമേരിക്കൻ ക്രൈം ചിത്രവും 2023ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചതുമായ ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ ഇന്ന് ഡിസംബർ 22ന് വെള്ളിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു.

പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെസി സംവിധാനം നിർവ്വഹിച്ച ഈ ചിത്രം 1920 കളുടെ തുടക്കത്തിലെ ഒക്‌ലഹോമയിലെ ഒസാജ് നേഷൻ എന്നറിയപ്പെടുന്ന ആദിവാസി ഗ്രാമത്തിൽ നടന്ന കൊലപാതകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഭൂമിയിൽ എണ്ണ ശേഖരം കണ്ടെത്തിയതോടെ ഒസാജ് സമൂഹം അമേരിക്കയിലെ ധനിക സമൂഹമായി മാറുന്നു. പിന്നീട് ഗോത്രത്തിലെ അംഗങ്ങൾ പലരും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ഗ്രാനിന്റെ 2017ൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട നോൺ ഫിക്ഷൻ പുസ്തകമായ ‘ദ ഓസേജ് മർഡേഴ്സ് ആൻഡ് ദ ബർത്ത്’ ഓഫ് ദ എഫ് ബി ഐ’എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. ലിയനാർഡോ ഡികാപ്രിയോ, റോബർട്ട് ഡി നിറോ, ലിലി ഗ്ലാഡ്സ്റ്റൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്ന് മണിക്കൂർ ഉള്ള ചിത്രത്തിന്റെ പ്രദർശനം വൈകിട്ട് അഞ്ചിന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ‘ഓർമ്മ ഹാളിൽ’നടക്കും.

സബ്സിഡി സാധനങ്ങളില്ല; ക്രിസ്മസ് ചന്ത ഉദ്ഘാടനം മുടങ്ങി

0

തൃശൂർ: സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സപ്ലൈകോയുടെ ക്രിസ്മസ് ചന്ത ഉദ്ഘാടനം മുടങ്ങി. പ്രശ്നങ്ങളെ തുടർന്ന് ഉദ്ഘാടകനായ മേയർ എം കെ വർഗീസും, എം.എൽ.എ പി ബാലചന്ദ്രനും ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി.

സബ്സിഡിയുള്ള 13 സാധനങ്ങൾ ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. വലിയ പ്രതീക്ഷയോടെയാണ് സപ്ലൈകോയുടെ ചന്തയിലെത്തിയതെന്നും എന്നാൽ ഉദ്ഘാടനദിവസം തന്നെ സാധനങ്ങളില്ലാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നും വാങ്ങാനെത്തിയ നാട്ടുകാർ പറഞ്ഞു.

ചന്ത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് സാധനങ്ങളെത്തിക്കാൻ വൈകിയതെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു. സബ്സിഡിയുള്ള 13 സാധനങ്ങളും ഉടൻ എത്തിക്കുമെന്നും സപ്ലൈകോ ഉദ്യോഗസ്ഥർ പറഞ്ഞു.