Sunday, May 25, 2025
Home Blog Page 1069

പ്രസവ വിവരം മറച്ചുവെച്ച് യുവതി.. നവജാത ശിശു ബക്കറ്റില്‍ മരിച്ച നിലയില്‍

0

തൃശൂര്‍ : നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ അടാട്ടാണ് സംഭവം. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് 42-കാരിയായ യുവതി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ് മോര്‍ട്ടം വേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.

തെന്നിന്ത്യൻ സിനിമയുടെ കാവൽക്കാരനായി സലാർ

0

താര അതിയടത്ത്

നീണ്ട കാത്തിരിപ്പിനൊടുവില്‍ സലാര്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. സിനിമയുടെ പേരിലെ കൗതുകവും ആകര്‍ഷണവും കൊണ്ടു തന്നെ പോസ്റ്റര്‍ പുറത്തിറങ്ങിയ നിമിഷം മുതല്‍ പേരിന്റെ അര്‍ത്ഥം തിരയുകയായിരുന്നു. നിഘണ്ടു പ്രകാരം സലാര്‍ എന്നാല്‍ വിശ്വസ്തനായ കാവല്‍ക്കാരന്‍, സേനാധിപന്‍, വലംകൈ എന്നൊക്കെയാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ ആരായിരിക്കും ചിത്രത്തിലെ സലാര്‍ എന്നറിയാനുള്ള ആകാംക്ഷ കാത്തിരിപ്പിന് ഒന്നു കൂടി ആക്കം കൂട്ടി.

കെ ജി എഫ് എന്ന ഒറ്റ സിനിമ കൊണ്ട് പ്രശാന്ത് നീലിന്റെ കഴിവ് ഓരോ പ്രേക്ഷകനും തിരിച്ചറിഞ്ഞതാണ്. മറ്റു സംവിധായകരില്‍ നിന്നും തിരക്കഥാകൃത്തുക്കളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി തന്റേതായ ഒരു ലോകം സൃഷ്ടിക്കുന്ന സംവിധായകനാണ് പ്രശാന്ത് നീല്‍. അതുകൊണ്ട് തന്നെ സംവിധായകന്റേതു മാത്രമായ മാന്ത്രിക സ്പര്‍ശങ്ങള്‍ കഥയിലുടനീളം കാണാവുന്നതാണ്. തുടക്കം മുതല്‍ അവസാനം വരെ നിരവധി ഫൈറ്റ് രംഗങ്ങള്‍ സലാറിലുണ്ട്. അതോടൊപ്പം സൗഹൃദം, സ്‌നേഹം, പ്രതികാരം തുടങ്ങിയ വിവിധ വൈകാരിക സംഘര്‍ഷങ്ങളിലൂടെ സിനിമ കടന്നുപോകുന്നതും കാണാം.

 കുറ്റകൃത്യങ്ങള്‍ നിറഞ്ഞ സാങ്കല്പിക നഗരമായ ഖാന്‍സാറിനെ പശ്ചാത്തലമാക്കിയാണ് കഥ തുടങ്ങുന്നത്. കെ ജി  എഫില്‍ നാറാച്ചി എന്ന ലോകം എങ്ങനെ പ്രശാന്ത് നീല്‍ സൃഷ്ടിച്ചോ അതുപോലെ തന്നെയാണ് ഖാന്‍സാറും. നൂറോളം നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന് ഖാന്‍സാറിന്റെ ഭരണത്തലവന്‍ ആകാന്‍ പലരും ആഗ്രഹിക്കുന്നു. ആത്മ സുഹൃത്തുക്കളായ രണ്ട് പേര്‍ അധികാരം നേടാന്‍ പടവെട്ടുന്നവരുടെ ഇടയില്‍ അകപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പ്രഭാസിന്റെ ദേവയും പൃഥിരാജിന്റെ വരദരാജമന്നാറും ആരാധക പ്രതീക്ഷകള്‍ വെറുതെയാക്കുന്നില്ല. ശ്രുതി ഹാസന്‍, ജഗപതി ബാബു ,ഈശ്വരി റാവു, ശ്രീയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രവി ബസ്രൂര്‍ ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും എവിടെയൊക്കെയോ ആവര്‍ത്തന വിരസതയാണ്ടാക്കുന്നുണ്ടെങ്കിലും പ്രേക്ഷകഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ സാധിച്ചിട്ടുണ്ട്.

സലാറിന്റെ കാതല്‍ പ്രകടമാകുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് . അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകനെ കാത്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമാണ് ഓരോ രംഗങ്ങളും ഒരുക്കിയിരിക്കുന്നത്. കെ ജി എഫിനേക്കാള്‍ മികച്ചതാണൊ സലാര്‍ എന്നു ചോദിച്ചാല്‍ ഒരു മറുപടിയേ ഉള്ളു . കെ ജി എഫിനെ ഓര്‍മ്മിപ്പിക്കും വിധമാണ് മെയ്ക്കിംഗും കളര്‍ ടോണും എഡിറ്റിംഗും പശ്ചാത്തലവമൊരുക്കിയിരിക്കുന്നത്.

  പ്രശാന്ത് നീല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ പോലെ മാസ് നിമിഷങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വൈകാരിക നിമിഷങ്ങളും കൂടി ചേരണം. തീര്‍ച്ചയായും ഇതു രണ്ടും ഒത്തു ചേരുന്നതുകൊണ്ടാകാം ഓരോ  പ്രേക്ഷകനും സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. സലാര്‍ എന്ന സിനിമ ഒരു യുദ്ധത്തിലേക്കുള്ള പോര്‍വിളി മുഴക്കിയതായി കരുതുകയാണെങ്കില്‍ സലാര്‍ 2 ഏതൊരു പ്രേക്ഷകനേയും സംതൃപ്തിപ്പെടുത്തുന്ന വിധം വലിയൊരു യുദ്ധമായി തീരുമെന്ന് പ്രതീക്ഷിക്കാം. തെന്നിന്ത്യന്‍ സിനിമ കാണാനാഗ്രഹിക്കുന്ന എക്കാലത്തേയും വിജയത്തിന്റെ യുദ്ധം.

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.. ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാന്‍ സിപിഎം തീരുമാനം

0

തിരുവല്ല : വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സിസി സജിമോനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍േേദ്ദശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്.

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യത് കേസില്‍ പ്രതിയായിരുന്ന ഇയാളെ 2018ല്‍ അന്വേഷധ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെത്തിയ പ്രതിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കുകയായിരുന്നു.

പിന്നീട് വീട്ടമ്മയുടെ നഗ്നചിത്രം എടുത്ത് പ്രചരിപ്പിച്ചു എന്ന പരാതിയും ഉയര്‍ന്നു. ഇങ്ങനെ ഗുരുതരമായ ഒരുപാട് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

പൂമരം ബാബു പുൽക്കൂടുകളിൽ ‘പ്രതിഭാശാൻ ‘

0

ജ്യോതിരാജ് തെക്കൂട്ട്

തൃശൂർ: ‘ ലക്ഷ്യത്തിലേക്കുള്ള പാത സ്വയം തിരിച്ചറിഞ്ഞ് പ്രവൃത്തിക്കുന്നവന് വിജയം സുനിശ്ചിതമാണ് ‘ – ബാബു ആശാൻ്റെ കാര്യത്തിൽ ഇക്കാര്യം തീർത്തും അർത്ഥവത്താണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ ‘സ്റ്റാർ പദവി ‘യുള്ള പുൽക്കൂടുകൾ.

കൊടുങ്ങല്ലൂർ കോട്ടപ്പുറം കിഡ്സ് ക്യാമ്പസ് സെക്യൂരിറ്റി ജീവനക്കാരൻ നൊച്ചിക്കാട്ട് ബാബു വെറുമൊരു പുൽക്കൂട് നിർമ്മാതാവല്ല. സാക്ഷാൽ ദൈവം തമ്പുരാൻ പോലും ക്രിസ്തുമസ് രാവിൽ ബാബുവിൻ്റെ പുൽക്കൂട്ടിൽ ഒന്ന് ഉറങ്ങാൻ ആഗ്രഹിച്ചു പോകും. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘പൂമരം ‘ എന്ന ചിത്രത്തിലെ ‘ഞാനും ഞാനുമെന്റെ ആളും” എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം രചിച്ച അതുല്യ പ്രതിഭയായ ബാബു ആശാൻ സാധാരണക്കാരിൽ അസാധാരണക്കാരനാണ് പുൽക്കൂട് നിർമ്മാണത്തിൽ ഒരു ഒന്ന് ഒന്നൊര ‘പുലി ‘.

2013 ൽ ഡിസംബറിലാണ് ബാബു ആശാൻ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വസ്തുക്കളുടെയും മറ്റും നിർമ്മാണ കമ്പനിയായ (കോട്ടപ്പുറം ഇൻ ദ ഗ്രേറ്റ്ഡ് ഡവലപ്പ്മെന്റ് ) കിഡ്സ് ക്യാമ്പസിൽ എത്തിചേരുന്നത്. അന്നവിടെ വിൽപ്പനക്ക് തയ്യാറാക്കി വച്ചിരുന്ന ഇരുമ്പ് ഫ്രെയിമിൽ തീർത്ത്, വൈക്കോൽ അലക്ഷ്യമായി വാരിവിതറി ഒട്ടും ആകർഷകമല്ലാത്ത ഒരു പുൽക്കൂടിൽ അദ്ദേഹത്തിന്റെ കണ്ണ് പതിയുന്നത്.
അവിടെ നിന്ന് തുടങ്ങി ബാബു എന്ന ബാബു ആശാനിലേക്കുള്ള ജീവിതം.

ക്രിസ്മസിന് മണിക്കൂറുകൾ മാത്രം ബാക്കി. വയനാട്ടിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളും വൈക്കോൽ, മുള ഈർക്കലി , തഴപ്പായ , ആണി , ഫെവിക്കോൾ , മാലാഖ, നക്ഷത്രങ്ങൾ എന്നിവയുപയോഗിച്ച് ബാബു ആശാൻ പണിതെടുത്ത മനോഹരമായ ഈടും ഉറപ്പുമുള്ള പുൽക്കൂട് ആരേയും മോഹിപ്പിക്കും. സ്വന്തമാക്കാൻ കൊതിപ്പിക്കും. ഇതിന് ഉദാഹരണമാണ് കിഡ്സിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ രൂപതാമെത്രാൻ ജോസഫ് കാരിക്കശ്ശേരി 2000 രൂപ പാരിതോഷികം നല്കി ബാബു ആശാനെ ആദരിച്ചത്.
വിവിധ ആകൃതിയിലും, ആകാരത്തിലും പണിതെടുത്ത് അലങ്കാര സാമഗ്രികൾക്കൊണ്ട് വിശിഷ്യാ പല ഭാവത്തിലുള്ള പരിശുദ്ധ മാതാവും കണ്ണഞ്ചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള നക്ഷത്രങ്ങളും ഏതൊരാളെയും വിസ്മയിപ്പിക്കും.

ക്രിസ്മസ് എന്നാൽ ഒരാവേശമാണ് ഈ കൊടുങ്ങല്ലൂർക്കാരന് . പരിസരത്ത് ക്രിസ്മസ് വസ്തുക്കൾ വിൽക്കുന്ന കടകളിലെല്ലാം ബാബു ആശാന്റെ പുൽക്കൂടാണ് താരം. സീസണിൽ മുപ്പതോളം പുൽക്കൂടുകൾ വരെ വിറ്റു പോകും. ഇങ്ങനെ കിട്ടുന്ന പണത്തിൽ നിന്നാണ് വലിയൊരു തുക തൻ്റെ അർബുദ രോഗ ചികിൽത്സാക്കായി പോലും അദ്ദേഹം മാറ്റി വയ്ക്കുന്നത്.

മന്ത്രിസഭ പുന:സംഘടന; അഹമ്മദ് ദേവര്‍കോവിലും ആന്‍ണി രാജുവും രാജി വെച്ചു. പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും; സത്യപ്രതിജ്ഞ 29 ന്

0

തിരുവനന്തപുരം : നവ കേരള സദസ്സുമായി ബന്ധപ്പെട്ട് നീണ്ടുപോയ മന്ത്രിസഭ പുന:സംഘടനയ്ക്ക് തീരുമാനമായി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരായി മന്ത്രിസഭയിലെത്തും. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം രാജിവെച്ചു.

നിലവില്‍ ഗതാഗത വകുപ്പ് മന്ത്രിയാണ് ആന്റണിരാജു. അഹമ്മദ് ദേവര്‍കോവില്‍ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 ന് നടക്കും.

പടിയിറക്കം സന്തോഷത്തോടെയാണെന്ന് ആന്റണി രാജു വ്യക്തമാക്കി. വിമര്‍ശനങ്ങളെല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസ്സിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് അഹമ്മദ് ദേവര്‍കോവിലും പ്രതികരിച്ചു.

പുന:സംഘടനയുടെ ഭാഗമായി മന്ത്രി ആന്റണി രാജു രാജി വെച്ചു; പടിയിറക്കം സന്തോഷത്തോടെയെന്ന് മന്ത്രി.

0

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രാജി വെച്ചു. മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായാണ് രാജി.. മുഖ്യമന്ത്രിയെ കണ്ട് മന്ത്രി രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ കുടുംബസമ്മേതമാണ് മന്ത്രി എത്തിയത്.

പടിയിറങ്ങുന്നത് സന്തോഷത്തോടെയാണെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആര്‍ടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കിയ അദ്ദേഹം കെഎസ്ആര്‍ടിസ് ജീവനക്കാര്‍ക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

വിമര്‍ശനങ്ങളെല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസ്സിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുന:സംഘടനയുമായി ബന്ധപ്പെട്ട് ഇന്ന് എല്‍ഡിഎഫ് തിരുവനന്തപുരത്ത് യോഗം ചേരും.. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടക്കേണ്ട പുന:സംഘടന നീണ്ടുപോവുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് മൂലമാണ് ഇത് നീണ്ടു പോയത്.

ഗ്രേഡ് എസ്‌ഐ തൂങ്ങി മരിച്ച നിലയില്‍

0

എറണാകുളം : ഗ്രേഡ് എസ്‌ഐ തൂങ്ങി മരിച്ച നിലയില്‍. എറണാകളും ഞാറക്കല്‍ സ്‌റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങി മരിച്ചത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം കഴിഞ്ഞ ദിവസം ഏറെ മദ്യപിച്ചിരുന്നതായാണ് പോലീസുകാര്‍ പറയുന്നത്. തുടര്‍ന്ന് ജീവനൊടുക്കിയതാവാം എന്നാണ് കരുതുന്നതെന്നും പോലീസുകാര്‍ പറയുന്നു.

കഴിഞ്ഞദിവസം തൃശ്ശൂർ ചേർപ്പ് സ്വദേശിയായ സിവിൽ പോലീസ് ഉദ്യോഗസ്ഥനും തൂങ്ങിമരിച്ചിരുന്നു.

ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി

0

കോഴിക്കോട് : ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്. കോഴിക്കോട് കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്പിലേക്കാണ് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. പുലര്‍ച്ചെ 2.45 ഓടെയാണ് അപകടം ഉണ്ടായത്.

പമ്പിലെ ജീവനക്കാരനായ സൂരജിന് പരിക്കേറ്റു. കാലിനാണ് പരിക്ക്.. പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ഇന്ധനം അടിക്കുന്ന മെഷീന്‍ പൂര്‍ണമായും തകര്‍ന്നു. ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ട് വന്‍ അപകടം ഒഴിവായെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

മന്ത്രിസഭാ പുന:സംഘടന; എല്‍ഡിഎഫ് യോഗം ഇന്ന്

0

തിരുവനന്തപുരം : ഒരു മാസം നീണ്ട നവകേരള സദസ്സിന് ഇന്നലെ സമാപനമായിരുന്നു. ഒരുപാട് വിവാദങ്ങള്‍ക്കിടയിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരളസദസ്സ് കടന്ന് പൊയ്‌ക്കോണ്ടിരുന്നത്.

എന്നാല്‍ നവകേരളസദസ്സ് ഇന്നലെ പൂര്‍ത്തിയായതോടെ ഇനി എല്‍ഡിഎഫ് കടക്കുന്നത് മന്ത്രിസഭാ പുന:സംഘടനയിലേക്കാണ്. അതിനായി ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും. മുന്‍പുണ്ടായിരുന്ന ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളില്‍ മാറ്റം ഉണ്ടാവുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒറ്റ എംഎല്‍എ മാത്രമുള്ള നാല് പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണപ്രകാരമാണ് മാറ്റം ഉണ്ടാവുക. അത് പ്രകാരം ഇനി കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറും.

സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടക്കേണ്ട പുന:സംഘടന നീണ്ടുപോവുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് മൂലമാണ് ഇത് നീണ്ട് പോയത്.

കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍..

0

ആലപ്പുഴ : മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധച്ചവരെ മര്‍ദ്ധിച്ച കേസില്‍ അഞ്ച് പ്രതികള്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലടക്കം അഞ്ച് പ്രതികളാണ് ഉള്ളത്. ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് പോലീസ് നടപടി.

പ്രതികളുടെ മര്‍ദ്ദനമേറ്റ കെഎസ് യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസും നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേസില്‍ ഗണ്‍മാന്‍ അനിലാണ് ഒന്നാം പ്രതി.

ഗണ്‍മാന്‍ അനില്‍ മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രതികരണം. മര്‍ദ്ദനമേറ്റവരുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. തെളിവുകള്‍ ഹാജരാക്കാനും ആവശ്യപ്പെടും.