Sunday, May 25, 2025
Home Blog Page 1068

‘വീണ്ടും മന്ത്രിയായതില്‍ സന്തോഷം; വിവാദങ്ങളില്‍ വലിച്ചിഴച്ച് ഉപദ്രവിക്കരുത്; എല്ലാവിധ പിന്തുണയുണ്ടാകണം’ : ഗണേഷ് കുമാര്‍

0

തിരുവനന്തപുരം : വീണ്ടും മന്ത്രിയാകാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവു ചെയ്ത് ഉപദ്രവിക്കരുതെന്നും നിയുക്തമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇടതുമുന്നണിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ ഒന്നിനുമുള്ള ആളല്ല, നന്നായി ഒരു ജോലി ചെയ്യാന്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ ചുമതല നിര്‍വ്വഹിക്കാന്‍ എല്ലാവരും സഹായിക്കുക..” ഗണേഷ് കുമാര്‍ മാദ്ധ്യമങ്ങളോടായി പറഞ്ഞു.

ഗതാഗത വകുപ്പ് തന്നെയാണോന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെന്നും… അതാണെങ്കില്‍ കെഎസ്ആര്‍ടിസി ലാഭത്തിലാക്കാമെന്ന മണ്ടത്തരം ഒന്നും പറയില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ഗതാഗത വകുപ്പാണെങ്കില്‍ ഒരു പാട് ജോലിയുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ നിന്നും അതിനെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ചില ആശങ്ങള്‍ മനസ്സിലുണ്ട്.. മുഖ്യമന്ത്രി വകുപ്പ് പ്രഖ്യാപിച്ച ശേഷം അതിനെക്കുറിച്ച് വിശദമായി പറയാമെന്ന് ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

0

പൊലീസിന് എതിരായ അക്രമങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച്‌ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസിൻ്റെ സമചിത്തത ദൗര്‍ബല്യമായി കാണരുതെന്നും ഈ സഹനം രാജ്യത്ത് കേരളാ പൊലീസിന് മാത്രമാണെന്നും ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഭീഷണികളെ നിയമപരമായി നേരിടുമെന്നും ആരുടെയും ഔദാര്യമായി കിട്ടിയതല്ല പൊലീസ് ജോലിയെന്നും അദ്ദേഹം കുറിച്ചു.

അദ്ദേഹത്തിന്റെ ഫെസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

” ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്ന് കൗതുകം “

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ വ്യത്യസ്ഥങ്ങളായ സമരങ്ങളും പ്രതിഷേധങ്ങളും അതിന്റെ ഭാഗമായി ചില അതിക്രമങ്ങളും നടന്നു വരുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നടന്നു വരുന്ന ഈ പ്രകടനങ്ങളിൽ ചിലരെങ്കിലും അന്യായമായ ക്രിമിനൽ പ്രവർത്തനങ്ങളും നടത്തി വരുന്നു.

ജനാധിപത്യത്തിൽ ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും അനിവാര്യമാണ്. അത് ഓരോ പൗരന്റേയും പ്രസ്ഥാനങ്ങളുടേയും അവകാശവുമാണ്. ഇത്തരം അവകാശ പോരാട്ടങ്ങൾ മറ്റൊരുവന്റെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലേക്ക് മാറിയാൽ അത് നിയന്ത്രിക്കുന്നതിന്, അനിയന്ത്രിതമായി മാറി അക്രമാസക്തമായാൽ അത് നേരിടുന്നതിന് നിയമപരമായി ചുമതലപ്പെട്ട വിഭാഗമാണ് പോലീസ്. അങ്ങനെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പെടുന്ന പോലീസുദ്യോഗസ്ഥർക്ക് നേരെ വലിയ ആക്രമണം നടത്തി പരിക്കേൽപ്പിച്ചിട്ട് പോലും സർവ്വവും സഹിച്ച് സെക്രട്ടറിയേറ്റ് നടയിൽ ഡൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ കേരള സമൂഹം കണ്ടതാണ്. കോഴിമുട്ടയുടെ തോടിനുള്ളിൽ കുരുമുളക് പൊടി നിറച്ചുകൊണ്ടുവന്ന് പോലീസിന് നേരേ എറിയുന്ന അനുഭവം പോലും ഉണ്ടായി. ഇത്തരം സഹനങ്ങൾ ഇന്ത്യയിൽ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കാണാൻ കഴില്ല എന്നതും ഇത്തരക്കാർ ചിന്തിക്കേണ്ടതാണ്. ഉയർന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസുകാർ. അതുകൊണ്ട് തന്നെ ജനാധിപത്യ സമൂഹത്തിലെ ജനകീയ പ്രതിഷേധങ്ങളെ സമചിത്തതയോടെ നമ്മുടെ പോലീസ് കൈകാര്യം ചെയ്തു വരുന്നു. എന്നാൽ അതിനെ ദൗർബല്യമായി കണ്ട് ഇത്തരക്കാർ കൂടുതൽ ആക്രമണകാരികളായി മാറുമ്പോഴാണ് പലപ്പോഴും ഒരു പരിക്കും ഉണ്ടാക്കാത്ത, ജനക്കൂട്ടത്തെ പിരിച്ചു വിടാൻ മാത്രമായി ഉപയോഗിക്കുന്ന ജലപീരങ്കി, ടിയർ ഗ്യാസ് എന്നിവ ഉപയോഗിക്കേണ്ടി വരുന്നത്. തീരെ നിവർത്തി ഇല്ലാത്ത സാഹചര്യത്തിലാണ് ലത്തി പോലും വീശേണ്ടി വരുന്നത്.

ഇതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ചില പോർവിളികൾ പോലും അണികളുടെ കയ്യടിക്ക് വേണ്ടി ചിലർ നടത്തുന്നത് കണ്ടു. എന്തും സഹിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ, അവരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ല എന്ന ചിന്തയിലാണ് ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളടിച്ച് ആത്മനിർവൃതി അടയുന്ന തരത്തിലുള്ള ചില പേക്കോമരങ്ങളുടെ ഇത്തരം ജൽപനങ്ങൾ ഉണ്ടാകുന്നത്.

തെരുവിലിട്ട് തല്ലി കയ്യും കാലും ഒടിക്കും എന്ന് ഒരുവൻ. പെൻഷൻ വാങ്ങിപ്പിക്കില്ല എന്ന് മറ്റൊരുവൻ. സ്ഥലവും വീടും കണ്ട് വച്ചിട്ടുണ്ട്, വീട് കയറി ആക്രമിക്കും എന്ന് മറ്റൊരുവൻ. വീട്ടിന് പുറത്ത് ഇറങ്ങി നടക്കാൻ അനുവദിക്കില്ല എന്ന് മറ്റൊരുവൻ. ഇങ്ങനെ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്താനും ചിലർ ഇറങ്ങിയിട്ടുണ്ട്. ഇത്തരം ഭീഷണികൾ ആരിൽ നിന്ന് ഉണ്ടായാലും ഇതുപോലെ തരം താഴ്ന്ന ഭാഷയിൽ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർ തിരിച്ച് പ്രതികരിക്കില്ല എന്ന് സൂചിപ്പിക്കട്ടെ. എന്നാൽ ഇത്തരം പ്രവർത്തികളെ നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരത്തിൽ ആക്രമണങ്ങൾക്ക് വിധേയരാകുന്ന പോലീസ് ഉദ്യോഗസ്ഥർ കൃത്യമായി പരാതികൾ നൽകി കേസെടുപ്പിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും.

“പണികളയും എന്ന് ഭീഷണിപ്പെടുത്തുന്നവരോട് ഒന്ന് പറയട്ടെ. നിന്റെയൊന്നും ഔദാര്യത്തിൽ ലഭിച്ച ജോലിയല്ല ഇത്. അധ്വാനിച്ച് പഠിച്ച് PSC വഴി നിയമനം ലഭിച്ചു വന്നവരാണ് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ”. അവർ ഇനിയും ഈ നാടിന്റെ നന്മയ്ക്കായി ക്രമസമാധാനപരിപാലനം നടത്തി ഇവിടെ തന്നെ കാണും.

കൃത്യ നിർവ്വഹണത്തിനിടയിൽ ശരികേടുകൾ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനം പോലീസ് സംഘടനകൾക്കില്ല. എന്നാൽ അവരവരെ ഏൽപ്പിച്ചിരിക്കുന്ന ജോലി കൃത്യമായി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ചേർത്തു നിർത്താൻ കേരളത്തിലെ പോലീസ് സംഘടനകൾ ഉണ്ടാകും. അവർക്ക് നേരേ ഉണ്ടാകുന്ന ആക്രമണങ്ങളെ നിയമപരമായി നേരിടും.

പലതരം ആക്രോശങ്ങൾ പല ഭാഗത്ത് നിന്നും ഇനിയും ഉയർന്നേക്കാം. അനാവശ്യ ആക്രോശങ്ങളെ അവഗണിക്കുക. നാം ചെയ്യുന്ന ഓരോ പ്രവർത്തിയും നിയമപരമാണെന്ന് ഉറപ്പാക്കുക. നാടിന്റെ ക്രമസമാധാന പരിപാലനം കൃത്യമായി നിറവേറ്റുക. ക്രമസമാധാന രംഗത്ത് എന്ന പോലെ തന്നെ ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും മാത്രമല്ല സമസ്തമേഖലകളിലും ഇന്ത്യയ്ക്ക് മാതൃകയാണ് കേരളം. ഇന്ത്യയിൽ മതേതരത്വത്തിന്റേയും, മാനവികതയുടേയും മാതൃകാ സ്ഥാനമാണ് കേരളം. ഇവയെല്ലാം അട്ടിമറിക്കാൻ നീക്കങ്ങളുണ്ടാകുമ്പോൾ ജനകീയ പ്രക്ഷോഭങ്ങൾ ജനാധിപത്യത്തിൽ സ്വാഭാവികമാണ്. എന്നാൽ ഇത്തരം പ്രക്ഷോഭങ്ങൾ അക്രമാസക്തമാകാതെ ജനാധിപത്യപരമായ സമരരീതികളിലേക്ക് മാറണമെന്ന് കേരളത്തിന്റെ പൊതുസമൂഹത്തോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

അവസാനം കേന്ദ്രം വഴങ്ങി; ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു.

0

ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു കേന്ദ്ര കായിക മന്ത്രാലയം. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത ഭരണസമിതിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിര്‍ണായക നടപടി.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായിരുന്ന സഞ്ജയ് സിങ് നേതൃത്വം നല്‍കുന്ന ഭരണ സമിതിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയായിരുന്നു.

ഇതേതുടര്‍ന്ന് ഗുസ്തി താരം സാക്ഷി മാലിക് കരിയര്‍ അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബജ്രങ് പുനിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് കേന്ദ്ര കായിക മന്താലയത്തിന്റെ നടപടി.

ഫെഡറേഷന്‍ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുസ്തി താരങ്ങള്‍ക്ക് മതിയായ സമയം ലഭിച്ചില്ലെന്നും തിടുക്കത്തില്‍ ദേശീയ മത്സരങ്ങള്‍ പ്രഖ്യാപിച്ചെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഭരണസമിതി യോഗം ചേര്‍ന്നാല്‍ കുറഞ്ഞത് 15 ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. ഇത് പാലിച്ചില്ലെന്നും ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ തീരുമാനമെടുക്കുന്നത് അറിഞ്ഞില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിലാണ്. ഗുസ്തി താരങ്ങള്‍ മത്സരിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ വിജയി അനിത ഷോറന് ആകെ ഏഴു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അതെന്ത് വര്‍ത്തമാനമാണ്; ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്‌സ് അല്ലേ.. ഞങ്ങള്‍ക്ക് പുല്ല് വിലയാണോ.. നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് ധര്‍മജന്‍

0

നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് ധര്‍മജന്‍ ബോള്‍ഗാട്ടി. ‘പാളയം പിസി’ എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെയാണ് നിര്‍മാതാവുമായി ധര്‍മജന്‍ വാക്ക് തര്‍ക്കം ഉണ്ടായത്.

സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും വരാത്തത് എന്താണെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് നിര്‍മാതാവ് പറഞ്ഞ ഉത്തരമാണ് ധര്‍മ്മജനെ ചൊടിപ്പിച്ചത്. ‘മെയിന്‍ സ്ട്രീം ആക്ടേഴ്‌സ് ആരും വന്നിട്ടില്ല’ എന്നതായിരുന്നു നിര്‍മാതാവിന്റെ മറുപടി.

”അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ട്രേഴ്‌സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ.. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്.” ധര്‍മജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച് ക്ഷുഭിതനായി നിര്‍മാതാവിനോട് ചോദിച്ചു..

പക്ഷെ പിന്നീട് നിര്‍മാതാവ് താന്‍ പറഞ്ഞത് തിരുത്തിയെങ്കിലും ആദ്യം പറഞ്ഞ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടില്‍ ധര്‍മജന്‍ ഉറച്ചു നിന്നു. കൂടെയുണ്ടായിരുന്ന മഞ്ജു പത്രോസും അതിനെ പിന്തുണച്ചു.

പോസ്റ്ററില്‍ പടമുള്ള സിനിമാ നടന്മാര്‍ പ്രൊമോഷന് വരാത്തതിലും ധര്‍മജന്‍ പ്രതികരിച്ചു.

രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി തുടങ്ങിവരാണ് പാളയം പിസിയില്‍ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നത്. വിഎം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ്, ബിനു അടിമാലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രന്‍ പോയില്‍ കാവ്, വിജിലേഷ് കുറുവാലൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. എന്തായാലും ധര്‍മ്മജന്‍ ക്ഷുഭിതനാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നു

0

ക്രിസ്മസ് – പുതുവത്സര അവധികൾ എത്തുന്ന സാഹചര്യത്തിൽ ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നു. ഡിസംബർ 31വരെ സന്ദർശർക്കായി തുറന്നുനൽകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മന്ത്രിയുടെ അഭ്യർഥനയെ തു ടർന്ന് ആണ് അണക്കെട്ട് തുറന്നുനൽകുന്നത്.

രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ സാങ്കേതിക പരിശോധനകൾ നടക്കുന്നതിനാൽ ബുധനാഴ്ച ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുമതിയുണ്ടാകില്ല.

നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

0

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്.. സത്യപ്രതിജ്ഞ 29 ന്‌

0

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് ആശംസ

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്.
ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്.

മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു.

എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തു : ചെറിയാൻ ഫിലിപ്പ്

0

നവകേരളം വിനോദസഞ്ചാരം കഴിഞ്ഞപ്പോൾ എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തുവെന്ന് ചെറിയാൻ ഫിലിപ്പ്.

മന്ത്രിമാരുടെ ശരീര ഭാരം ശരാശരി പത്തു കിലോഗ്രാം വീതം കൂടി. പൊണ്ണതടിയും ദുർമേദസും മൂലം മിക്ക മന്ത്രിമാർക്കും നടക്കാൻ പോലും വയ്യ. ജീവിത ശൈലി രോഗങ്ങളുടെ ആധിക്യത്താൽ പലർക്കും ഡോക്ടർമാർ ഉപവാസ ചികിത്സ വിധിച്ചിരിക്കയാണ്.

നവകേരള സദസ്സിനിടയിൽ മൂന്നു മന്ത്രിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് അമിത ഭക്ഷണം മൂലമുള്ള ദഹനക്കേടായിരുന്നു. സെക്രട്ടറിയേറ്റിൽ ഒന്നര മാസമായി ഭരണം സമ്പൂർണ്ണ സ്തംഭനത്തിലാണ്. ആയിരക്കണക്കിന് ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. ഉദ്യോഗസ്ഥർ മിക്കവരും അപ്രഖ്യാപിത അവധിയിലാണ്.

പല മന്ത്രിമാർക്കും ആദ്യമായി കേരളത്തിലുടനീളമുള്ള മലനിരകളും കാടും മേടും കടലും കായലും നദികളും നേരിൽ കാണാൻ കഴിഞ്ഞതാണ് നവകേരളം യാത്രയുടെ മുഖ്യ നേട്ടമെന്ന് ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

ചില്ലറക്കാരനല്ല ഷബീർ; ക്രിസ്മസ് അടിപൊളിയാക്കാൻ ! വെൽകം ടു കേരളാ ഫാൻസി സ്റ്റോർ

0

ജ്യോതിരാജ് തെക്കൂട്ട്

തൃശൂർ: ക്രിസ്മസും ന്യൂ ഇയറും അടിപൊളിയാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒട്ടും മടിക്കേണ്ട, കടന്നു വരൂ തൃശൂർ അരിയങ്ങാടിയിലെ ഷബീറിൻ്റെ ഡോൾ ഹൗസിലേക്ക്. എണ്ണിയാൽ ഒടുങ്ങാത്ത, മാനത്തെ നക്ഷത്രങ്ങളെക്കാൾ തിളക്കമുള്ള, സ്വർഗത്തിലെ മാലാഖമാരുടെ സൗന്ദര്യത്തെ അതേപടി ഒപ്പിയെടുത്ത ക്രിസ്മസ് സ്റ്റാറുകൾ ഷബീറിൻ്റെ കടയുടേത് മാത്രമാണ്.

ജീവിതത്തിൽ സംഭവിച്ച വീഴ്ചകളെ തിരിച്ചറിവുകളാക്കി മുന്നേറിയതാണ് ഷബീറിൻ്റെ ജീവിതസന്ദേശം. ഒരു ലക്ഷം പാവകളുമായി കേരളത്തിലെ ആദ്യത്തെ ഡോൾ ഹൗസിന്റെ അമരക്കാരൻ ഷബീർ പറയുന്നു: വീണപ്പോൾ നടക്കാനല്ല ഞാൻ പഠിച്ചത് ഓടാനാണ്.. , ഓടി ഓടി പിന്നെ മുന്നോട്ടു കുതിക്കാനും “. തിരക്കുകൾക്കിടയിലും തൃശൂർ അരിയങ്ങാടിയിൽ പുത്തൻ പള്ളിക്ക് സമീപമുള്ള കേരള ഫാൻസി സ്റ്റോറിന്റെ അമരക്കാരൻ ‘തനിനിറ’ത്തോട് ആശയങ്ങൾ പങ്കുവച്ചു.

35 വർഷം മുൻപ് പാർട്ണർഷിപ്പിൽ വാപ്പയായി തുടങ്ങിയ സ്ഥാപനം. കളിപ്പാട്ട വിൽപനയായിരുന്നു തുടക്കത്തിൽ. ചില്ലറ കച്ചവടത്തിൽ നിന്നു ലഭിക്കുന്നതാകാട്ടെ തുച്ഛമായ വരുമാനവും. കടബാധ്യതകൾ തലയ്ക്ക് മുകളിലായതോടെ ജീവിതം വഴി മുട്ടി. നോട്ടു നിരോധനം, ജി.എസ്.ടി പ്രശ്നങ്ങൾ. എന്നാൽ വിധിയെ തോൽപ്പിക്കാൻ ഷബീറും കുടുംബവും തീരൂമാനിച്ചു.

കയറിക്കിടക്കാൻ ആകെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റു ബിസിനസ് മെച്ചപ്പെടുത്താൻ ശ്രമിച്ചു. ഓരോ സീസണിലും അതുമായി ബന്ധപ്പെട്ട് കച്ചവടം നടത്താൻ തലച്ചോർ ഉപദേശിച്ചു. സംഗതി ഫലിച്ചു. ക്രിസ്മസിന് ഡിസംബർ 1 മുതൽ 24 വരെ ഷബീറിന് കണ്ണടയ്ക്കാൻ പോലും നേരം ഉണ്ടായില്ല. കച്ചവടം പൊടി പൊടിച്ചു. സ്റ്റാളിലെ സ്റ്റാറുകൾ ഒന്നൊന്നായി മാനത്തെ നക്ഷത്രങ്ങളേക്കാൾ വീടുമുറ്റങ്ങളിൽ പ്രകാശിച്ചു. കേരളഫാൻസി സ്റ്റോറിലെ തിരക്ക് പൂരത്തിന് സമമായി. പതിവ് പോലെ ഈ ക്രിസ്മസിനും
സൂപ്പർ സ്റ്റാറായി പേപ്പർ സ്റ്റാറുകൾ.

പേപ്പർ സ്റ്റാറിൽ നവകേരളയ്ക്കാണ് തലയെടുപ്പ്. ഈ സ്റ്റാറിൽ പതിനൊന്ന് നിറങ്ങൾ വിടരുമ്പോൾ മനം കവരുന്ന വിസ്മയം തെളിയും. നോർമൽ എൽഇഡി സ്റ്റാറുകൾ ഒൻപത് വ്യത്യസ്ത മോഡലുകളിൽ എത്തിയാണ് വിപണി കീഴടക്കിയത്. അതിൽ തന്നെ പിക്സൽ എൽഇഡി വൈവിധ്യം പകരുന്നു. നിയോൺ സ്റ്റാർസിലെ മൾട്ടികളർ സ്റ്റാറായ ‘മെർളി സ്റ്റാർ’ പൂർണമായി വിറ്റഴിഞ്ഞു. സൗന്ദര്യം വഴിഞ്ഞൊഴുകിയ മോഡൽ പീപ്പി വെച്ച മാലാഖ സ്റ്റാറാണ്. ബെൽ സ്റ്റാർ കുട്ടികളുടെ ഇഷ്ടതാരവും. വ്യത്യസ്തമായ തൊപ്പികൾ മറ്റൊരു പ്രത്യേകതയായി. ക്രിസ്മസ് ട്രീ മറ്റൊരു സവിശേഷതയാണ്. ഒരടി മുതൽ ഇരുപത് അടി വരെ വലുപ്പമുള്ള ട്രീകൾ ആരെയും അമ്പരിപ്പിക്കും. ഇതിൽ ‘സ്നോ ട്രീ ‘ യുടെ അടുത്തു പോയാൽ വല്ലാത്ത മഞ്ഞ് തൊട്ടടുത്തുള്ളതു പോലത്തെ ഫീൽ ഉണ്ടാകും.

പുൽക്കൂടുകളെ വ്യത്യസ്തതയോടെ അണിയിച്ചൊരുക്കിയാണ് ക്രിസ്മസ് കാലത്തെ വരവേൽക്കുന്നത്. പുല്ലും വൈക്കോലും മേഞ്ഞ മുള, ചൂരൽ മൾട്ടി വുഡ്, പ്ലൈവുഡ് പ്ലാസ്റ്റിക് എന്നിങ്ങനെ നിരവധി നിർമ്മാണ സാമഗ്രികൾ കൊണ്ട് തയ്യാറാക്കി ബോളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച ഇടത്ത് മാതാവും ഉണ്ണിയേശുവും. വൈക്കോൽ വെച്ച് നിർമ്മിച്ച കൂടുകൾ എല്ലാം ഒന്നാംന്തരം . ഉപയോഗശേഷം അഴിച്ചെടുത്ത് മറ്റൊരു അവസരത്തിൽ ഉപയോഗിക്കാവുന്നതാണ് ഇവയെല്ലാം.
അശക്തർ എന്ന് മുദ്രകുത്തപ്പെട്ടവർ നേടിയ വിജയമാണ് തൻ്റെതെന്ന് ഷബീർ പറയുന്നു.

കേന്ദ്ര മന്ത്രിയുടെ കുടുംബ സ്വത്ത് അല്ല ചോദിച്ചതെന്ന് ഉദനിധി; സൂക്ഷിച്ച് സംസാരിക്കണമെന്ന് നിര്‍മ്മല സീതാരാമന്‍; രൂക്ഷ വാക്‌പോരില്‍ മന്ത്രിയും കേന്ദ്രമന്ത്രിയും

0

ചെന്നൈ : ചെന്നൈയിലുണ്ടായ പ്രളയത്തിന്റെ പേരില്‍ ഉദയനിധി സ്റ്റാലിനും നിര്‍മ്മല സീതാരാമനും തമ്മിലുള്ള വാക്‌പോര് രൂക്ഷം. പ്രളയദുരിതാശ്വസത്തിനായി കൂടുതല്‍ ഫണ്ട് വേണമെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു..

എന്നാല്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടിഎം അല്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയാണ് ഇവര്‍ തമ്മിലുള്ള വാക്‌പോരിന് തുടക്കം. ഈ പ്രസ്താവനയ്ക്കാണ് തമിഴ്‌നാട് കായികമന്ത്രി കൂടിയായ ഉദയനിദി മറുപടി നല്‍കിയത്.

”കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയും സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയുടെ അര്‍ഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്’ ഇതായിരുന്നു ഉദയനിദിയുടെ മറുപടി..

എന്നാല്‍ സൂക്ഷിച്ച് സംസാരിക്കണമെന്ന് മറുപടി നല്‍കിയ നിര്‍മല സീതാരാമന്‍, അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്ന് തിരിച്ചു ചോദിച്ചാല്‍ എന്താകും എന്നും കൂട്ടിച്ചേര്‍ത്തു.. ഒരു പദവിയില്‍ ഇരിക്കുന്ന ആള്‍ വാക്കുകള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണം. മുത്തച്ഛനായ കരുണാനിധി വാക്കുകളുടെ ഉപയോഗം മനസ്സിലാക്കിയിരുന്ന സാഹിത്യകാരനാണെന്നത് അദ്ദേഹം മറക്കുന്നുവെന്നും നിര്‍മല വിമര്‍ശിച്ചു.

എന്നാല്‍ കരുണാനിധിയും പെരിയാറും തങ്ങളെ എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് പഠിപ്പിച്ചിട്ടുണ്ടെന്നും ഓരോരുത്തരോടും അവരവരുടെ നിലവാരത്തിന് അനുസരിച്ചാണ് സംസാരിക്കുകയെന്നും ഉദയനിധി തിരിച്ചടിച്ചു. കൂടാതെ കേന്ദ്രമന്ത്രിയുടെ ശ്രമം പ്രളയ ദുരിതാശ്വാസഫണ്ടില്‍ പോലും രാഷ്ട്രീയം കലര്‍ത്താനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.