ബിന്ദു സന്തോഷ്
ദോശയ്ക്ക് മാർദ്ദവം കിട്ടാൻ…
ദോശയ്ക്കും ഇഡ്ഡലിക്കും അരി ആട്ടുമ്പോൾ അതിൽ കുറച്ച് ചോറ് ചേർത്ത് അരച്ചാൽ മാർദ്ദവം കൂടും
ഉറയൊഴിക്കാൻ തൈര് ഇല്ലെങ്കിൽ…
പാലിൽ ഉറയൊഴിക്കാൻ തൈര് ഇല്ലെങ്കിൽ അൽപം വിനാഗിരിയോ ചെറുനാരങ്ങാ നീരോ ചേർത്താൽ മതി.
പച്ചരിച്ചോറ് കട്ട കിട്ടാതിരിക്കാൻ…
പച്ചരി ചോറ് വയ്ക്കുമ്പോൾ വെള്ളത്തിൽ അല്പം ചെറുനാരങ്ങാനീര് ചേർക്കുക. ചോറ് കട്ട കെട്ടുകയുമില്ല, ചോറിനു നല്ല നിറം കിട്ടുകയും ചെയ്യും.
ചപ്പാത്തിമാവ് ഉണങ്ങിപ്പോകാതിരിക്കാൻ…
ചപ്പാത്തിക്ക് കുഴച്ച മാവ് നനഞ്ഞ തുണിയിൽ പൊതിഞ്ഞുവച്ചാൽ ഉണങ്ങിപ്പോകില്ല.
കടല പെട്ടെന്ന് വെന്തുകിട്ടാൻ…
കടല വേവിക്കുമ്പോൾ ഒരു നുള്ളു സോഡാപ്പൊടി ചേർത്താൽ പെട്ടെന്ന് വെന്തുകിട്ടും, നല്ല മാർദ്ദവവും കാണും.
ചിപ്സിനു കരുകരുപ്പ് കിട്ടാൻ…
ഉപ്പ് തളിച്ചശേഷം ഏത്തയ്ക്ക വറത്തുകോരുക….നല്ല കരുകരുപ്പ് കിട്ടും.
ഉണ്ണിയപ്പത്തിന് മാർദ്ദവം കിട്ടാൻ…
ഉണ്ണിയപ്പത്തിന് മാവു കുഴയ്ക്കുമ്പോൾ ഒരു പച്ചപപ്പടം കൂടെ ചേർക്കുക. ഉണ്ണിയപ്പത്തിന് നല്ല മാർദ്ദവവും രുചിയും ലഭിക്കും.
മീൻ വറക്കുമ്പോൾ ഉള്ള മണം പോകാൻ…
നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ അര മണിക്കൂർ ഇട്ടുവച്ചശേഷം മീൻ വറുത്താൽ മണം പുറത്തേക്കു വരില്ല
പാവയ്ക്കയുടെ കയ്പ് മാറ്റാൻ…
അരി കഴുകിയ വെള്ളത്തിൽ കുറച്ചു സമയം മുക്കിവച്ചശേഷം പാവയ്ക്കകൊണ്ട് എന്തുണ്ടാക്കിയാലും കയ്ക്കില്ല.
പലഹാരം വെളിച്ചെണ്ണയിൽ ഉണ്ടാക്കിയതുപോലിരിക്കാൻ…
വട , മുറുക്ക് തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ മാവ് വെളിച്ചെണ്ണയിൽ കുഴച്ചശേഷം മറ്റേത് എണ്ണയിൽ മൊരിയിച്ചെടുത്തലും വെളിച്ചെണ്ണയിൽ ചുട്ടതുപോലത്തെ മണവും രുചിയും കിട്ടും.