Saturday, April 5, 2025

ടൂറിസം വികസിപ്പിക്കാൻ വാട്ടർ മെട്രോ കൂടുതൽ സർവീസ് ഒരുക്കും

Must read

- Advertisement -

കൊച്ചി: ഒന്നാം വർഷത്തിലേക്ക് കടക്കുന്ന കൊച്ചി വാട്ടർ മെട്രോ (WATER METRO) ടൂറിസം സാധ്യതകൾകൂടി ലക്ഷ്യമിട്ട് സർവീസ് വിപുലീകരിക്കുന്നു. വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകളാണ് വാട്ടർ മെട്രോ പദ്ധതിയിടുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച വാട്ടർ മെട്രോയ്ക്ക് ഇത് പിറന്നാൾ മാസം. അതാത് മേഖലകളിലെ ടൂറിസം (TOURISM)സാധ്യകൾ പരിഗണിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പദ്ധതികൾതയ്യാറാക്കുവാൻതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്നാണ് മെട്രോ അധികൃതർ പറയുന്നത്. ദ്വീപുനിവാസികൾക്ക് വരുമാനമാകുന്ന തരത്തിൽ ഫിഷിങ്, കലാപരിപാടികൾ, മറ്റ് ആക്റ്റിവിറ്റികൾ എന്നിവ ക്രമീകരിച്ച് വാട്ടർ മെട്രോയിൽ സഞ്ചാരികളെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് മാതൃകയിൽ ദ്വീപുകളിലേക്ക്എത്തിക്കുന്നതിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്യും. കൂടുതൽ ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് ടൂറിസം സാധ്യതകൾ വിനിയോഗിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകൾ ക്രമീകരിക്കുന്നതും ആലോചനയിലാണ്.

ഒൻപത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്കും വാട്ടർ മെട്രോ അധികം വൈകാതെയെത്തും. ഇതിന് മുന്നോടിയായി നടപ്പാതകളും വഴിവിളക്കുകളും മാറ്റി സ്ഥാപിച്ച് കെഎംആർഎൽ ഫോർട്ട് കൊച്ചിയുടെ മുഖം മിനുക്കിയിട്ടുണ്ട്.

ടൂറിസം സാധ്യതകൾക്ക് പുറമെ ദ്വീപ് നിവാസികളുടെ യാത്രാമാർഗമായി കൊച്ചി വാട്ടർ മെട്രോയെ മാറ്റുന്നതിനാണ് ഊന്നൽ നൽകുന്നത്. 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കെ വിവിധ യാത്രാപാസുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം. സൗത്ത് ചിറ്റൂരിൽ നിന്ന് ബസിൽ ഹൈക്കോർട്ടിലേക്കെത്താൻ 18 രൂപ വേണമെന്നിരിക്കെ കൊച്ചി വാട്ടർ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഇതേ ദൂരം യാത്ര ചെയ്യാം. പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ വെല്ലുവിളിയാകുന്നുണ്ട്. സർവീസുകളുടെ എണ്ണത്തിലെ പരിമിതികൾ സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ റൂട്ടുകൾ സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിനും വെല്ലുവിളിയാണ്. പുതിയ റൂട്ടുകൾക്കായി അവശേഷിക്കുന്ന ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യാർഡ് എത്രയും വേഗം നൽകുമെന്നാണ് പ്രതീക്ഷ. കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്.

See also  കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം പാടില്ല: പോക്സോ ചുമത്താമെന്ന് ഹൈക്കോടതി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article