വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകളുമായി മൂന്ന് പടുകൂറ്റന്‍ കപ്പലുകള്‍ തീരമണഞ്ഞിരുന്നു. എങ്കിലും പദ്ധതിയുടെ സാമൂഹികാഘാതം ഇപ്പോഴും പല വേദികളിലും സജീവ ചര്‍ച്ചയാണ്. പ്രകൃതിദത്ത തുറമുഖമായ ഇവിടെ പരിസ്ഥിതി ഒരുക്കിയ ജൈവവൈവിധ്യത്തിന്‍റെ കലവറ കൂടിയുണ്ട്.
ചിപ്പി തേടി കടലാഴങ്ങളിലേക്ക് ഊളിയിടുന്ന ഇവിടുത്തെ മനുഷ്യരെ പോലെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണ് ഇവിടുത്തെ കടല്‍ ജീവികളും. കടൽ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ചില സാഹചര്യങ്ങളെ കുറിച്ച് കേരള സര്‍വകലാശാലയുടെ അക്വാട്ടിക് ബയോളജി വിഭാഗം ചില പഠനങ്ങൾ നടത്തിയിരുന്നു.വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ചിപ്പിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. കിട്ടുന്ന ചിപ്പിക്ക് പഴയ ഗുണമേന്മയുമില്ല. 1800കള്‍ മുതലാണ് വിഴിഞ്ഞം തീരത്തെ ജൈവവൈവിധ്യത്തെ കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത്. ഇതുവരെ 1500ത്തോളം കടല്‍ ജീവികളെ വിഴിഞ്ഞം പ്രദേശത്ത് മാത്രം കണ്ടെത്തിയിട്ടുണ്ട്.
പല തരത്തിലുള്ള ചിപ്പികള്‍ക്ക് പുറമെ വിവിധ പവിഴ ജീവികള്‍, കടല്‍ പായലുകള്‍, പഞ്ഞിക്കെട്ടിന്‍റെ രൂപാകൃതിയിലുള്ള സ്‌പോഞ്ചുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. പ്രകൃതിദത്തമായ പാരുകളും വിഴിഞ്ഞം തീരത്തിന്‍റെ സവിശേഷതയാണ്. തുറമുഖത്തെ അടിക്കടിയുള്ള ഡ്രഡ്‌ജിങ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ അപ്പാടെ തകര്‍ക്കുമെന്ന് കേരള സര്‍വകലാശാലയുടെ അക്വാട്ടിക് ബയോളജി വിഭാഗം നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.