പേര് ചോദിച്ചപ്പോഴല്ല പ്രകോപിതനായത്’; എം വിജിന്‍ എംഎല്‍എ

Written by Taniniram Desk

Published on:

കാസർകോട്: പൊലീസുമായുണ്ടായ വാക്കേറ്റത്തിൽ വിശദീകരണവുമായി കല്യാശേരി എംഎൽഎ എം വിജിൻ. പേര് ചോദിച്ചപ്പോഴല്ല താൻ പ്രകോപിതനായത്. ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത് ആ സംഭവത്തിന്റെ ഏറ്റവും അവസാനം നടന്ന കാര്യമാണ്. എസ് ഐ പ്രകോപിതരാക്കുന്ന രീതിയിലാണ് പെരുമാറിയത്. സമരം നടന്നുകൊണ്ടിരിക്കവെ എസ് ഐ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. എസ് ഐ മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് താൻ സുരേഷ് ​ഗോപി സ്റ്റൈൽ എന്ന് പറഞ്ഞതെന്നും എം വിജിൻ വ്യക്തമാക്കി.

പൊലീസ് ഉണ്ടായില്ല എന്നതുകൊണ്ടാണ് കളക്ടറേറ്റ് ​ഗ്രൗണ്ടിന് അകത്തേക്ക് സമരക്കാർ കടന്നത്. രണ്ടു പൊലീസ് ഉദ്യോ​ഗസ്ഥർ അവിടെ വന്നപ്പോൾ സമരക്കാർ പുറത്തേക്ക് പോവട്ടെ എന്ന് ചോദിച്ചു. എന്നാൽ പൊലീസ് വിരട്ടി എന്നാണ് സമരക്കാർ പറഞ്ഞത്. വ്യക്തമായി പുറത്തുപോകാൻ പറഞ്ഞിട്ടില്ല. എസ് ഐ വന്നത് മുതൽ ഷോ ആയിരുന്നു. കളക്ടറേറ്റിന് ഉളളിലേക്ക് കയറിയോ, കളക്ടറേറ്റ് ചേംബറിലേക്ക് കയറിയോ എന്നൊക്കെ പൊലീസ് ചോദിച്ചു. വളരെ മോശമായ പെരുമാറ്റമാണ് എസ് ഐയുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് എംഎൽഎ വിശദമാക്കി.

ഉദ്ഘാടകൻ എന്ന നിലയിൽ തന്നോട് എസ് ഐ ക്ക് കളക്ടറേറ്റിന് പുറത്തേക്ക് പോയി സംസാരിക്കാമെന്നെങ്കിലും പറയാം. കളക്ടറേറ്റിന് പുറത്തേക്ക് പോകാമെന്ന് അവിടെ ഉണ്ടായിരുന്ന മാധ്യമ സുഹൃത്തുക്കളോട് താൻ പറഞ്ഞതാണ്. ഇതിന് അകത്ത് നിന്ന് സമരം ചെയ്യുന്നത് ശരിയല്ല നമ്മുക്ക് പുറത്തേക്ക് പോകാമെന്നും താൻ അഭിപ്രായപ്പെട്ടു. പക്ഷെ എസ് ഐ ആണ് കേസ് എടുക്കും എന്നൊക്കെ പറഞ്ഞ് മോശമായി സംസാരിച്ചതെന്ന് വിജിൻ പറഞ്ഞു.

നിങ്ങൾ കേസ് എടുക്കുമെങ്കിൽ താൻ ഇവിടെ നിന്ന് തന്നെ സംസാരിക്കുമെന്ന് വ്യക്തമാക്കിയതോടെ പൊലീസ് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നും എംഎൽഎ പറഞ്ഞു. ഒരുപാട് സമരങ്ങളിൽ പങ്കെ‌ടുത്തിട്ടുണ്ട്. മൈക്ക് പിടിച്ചുവാങ്ങുന്ന പൊലീസ് ഉദ്യോ​ഗസ്ഥനെ താൻ ആദ്യമായാണ് കാണുന്നത്. അതാണ് പ്രകോപനത്തിന് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News

Related News

Leave a Comment