ഭര്‍ത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ പോലീസിനെ സമീപിച്ചിരിക്കുകയാണ് കിഴുവിലം സ്വദേശിയും അംഗപരിമിതയുമായ ആര്‍. പ്രിയ. സ്ത്രീധനത്തിന്റെ പേരില്‍ തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹ്നയും കോഴിക്കോട് ഷബ്ന എന്ന യുവതിയും മരിച്ചതിന് തൊട്ടുപിന്നലെയാണ് പ്രിയയുടെ പരാതി.
ഭര്‍ത്താവ് കൊല്ലം സ്വദേശി സജീവ് മുന്‍പ് രണ്ടു വിവാഹം കഴിച്ചത് മറച്ചുവച്ച് വഞ്ചിച്ചു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും പ്രിയ പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് സജീവ് പ്രിയയെ വിവാഹം ചെയ്തത്. 80 ശതമാനം ശാരീരിക വൈകല്യം ഉണ്ടെന്നും സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനല്ലാതെ മറ്റ് വരുമാനമില്ലെന്നും നേരത്തെ പ്രിയയുടെ ബന്ധുകള്‍ പറഞ്ഞിരുന്നു. 20 പവന്‍ സ്വര്‍ണവും ഒരു കാറും സ്ത്രീധനമായി നല്‍കി. കടം വാങ്ങിയാണ് പ്രിയയുടെ വീട്ടുകാര്‍ ഇത് നല്‍കിയത്. എന്നാല്‍ പുതിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് പ്രിയ പറയുന്നു. സജീവ്, ഭർതൃമാതാവ് പ്രസന്നകുമാരി, സഹോദരി സീമ എന്നിവര്‍ക്കെതിരെ ചിറയിന്‍കീഴ് പോലീസിലാണ് പരാതി നല്‍കിയത്.
പീഡനം പതിവായതോടെ പുതിയ കാര്‍ വാങ്ങാന്‍ സമ്മതിച്ചു. ആറു ലക്ഷം രൂപ കാറിനായി വാങ്ങിയെങ്കിലും മൂന്ന് ലക്ഷത്തിന്റെ കാര്‍ വാങ്ങിയ ശേഷം ബാക്കി തുക സജീവ് കൈക്കലാക്കി. പാമ്പിനെ വിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. നിലവില്‍ രണ്ടാം ഭാര്യയോടൊപ്പമാണ് സജീവെന്നും ഒന്‍പത് മാസമായി ചിലവിന് തരുന്നില്ലെന്നും പ്രിയ പറഞ്ഞു. ‘കടം വാങ്ങിയാണ് കാര്‍ വാങ്ങാന്‍ പണം നല്‍കിയത്. ഇപ്പോള്‍ ഞങ്ങള്‍ കടക്കെണിയിലാണ്. പ്രായമായ അമ്മയും ഞാനും മാത്രമേ ഉള്ളു. നേരത്തെയും പോലീസില്‍ പരാതി കൊടുത്തിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പണം തിരികെ നല്‍കാമെന്ന് അന്ന് പറഞ്ഞിരുന്നു. പറഞ്ഞ അവധി കഴിഞ്ഞിട്ടും ഇതുവരെ പണം നല്‍കിയില്ല. അത്കൊണ്ടാണ് വീണ്ടും പോലീസില്‍ പരാതി നല്‍കിയത്’- പ്രിയ പറഞ്ഞു.
സ്ത്രീധന നിരോധന നിയമം നിലവില്‍ വന്ന് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്ത്രീധനത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ആത്മഹത്യയ്ക്കും ഒരു കുറവുമില്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ തെളിയിക്കുന്നു. എട്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 72 മരണങ്ങളാണ് സ്ത്രീധന പീഡനം മൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016ല്‍ 25, 2017ല്‍ 12, 2018ല്‍ 17, 2019ല്‍ 8, 2020ല്‍ 6, 2021ല്‍ 9, 2022ല്‍ 8, 2023ല്‍ 7 എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തിലുമുണ്ടായ സ്ത്രീധന പീഡന മരണങ്ങള്‍. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ആക്രമിച്ചതിന് 28047 കേസുകളാണ് സംസ്ഥാനത്ത് 8 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വര്‍ഷാവര്‍ഷം ബോധവത്കരണത്തിനടക്കം കോടികള്‍ ചിലവാക്കുന്നതില്‍ മാത്രം ഒതുങ്ങുകയാണ് നമ്മുടെ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങള്‍ എന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്.