(Venjaramoodu murder case)തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻറെ ആവശ്യങ്ങൾ നിറവേറ്റി പോലീസ്. ഇഷ്ട ഭക്ഷണങ്ങൾ ഓരോന്നായി ആവശ്യപ്പെടുകയായിരുന്നു അഫാൻ . തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ അഫാനെ വെള്ളിയാഴ്ച രാത്രി പാർപ്പിച്ചത് പാങ്ങോട് പോലീസ് സ്‌റ്റേഷനിലായിരുന്നു.
വൈകീട്ട് ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് അഫാനോട് കാര്യം തിരക്കിയ പോലീസ് ഞെട്ടി. താൻ വൈകീട്ട് പൊറൊട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അഫാൻ പോലീസിനോട് വ്യക്തമാക്കി.
ഇതോടെ അഫാന് ഇഷ്ടമുള്ള പൊറൊട്ടയും ചിക്കനും പോലീസ് വാങ്ങി നൽകി. തനിക്ക് വെറും തറയിൽ കിടക്കാനാകില്ലെന്ന് പറഞ്ഞ് അഫാന് രാത്രി ഉറങ്ങാനായി പായും പോലീസ് സംഘടപ്പിച്ച് നൽകി.
കഴിഞ്ഞ ദിവസം വൈകീട്ട് തെളിവെടുപ്പിനായി കൊണ്ടുപോകാൻ നേരം കട്ടൻ വേണമെന്ന അഫാൻ ആവശ്യം ഉന്നയിച്ചു. താൻ സ്ഥിരമായി നാലുമണിക്ക് കട്ടൻ കുടിക്കാറുണ്ടെന്നും ഇല്ലെങ്കിൽ തലവേദന എടുക്കുമെന്നുമാണ് പ്രതി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതോടെ ഒരു പോലീസുകാരൻ പ്രതിക്ക് കട്ടൻ വാങ്ങിക്കൊടുത്തു.
കസ്റ്റഡിയിൽ വാങ്ങിയശേഷം പാങ്ങോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിക്ക് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഊണ് വാങ്ങി നൽകിയിരുന്നു. എന്നാൽ ഊണിന് ഒപ്പം മീൻ കറിയില്ലേ സാറേ എന്നാണ് അഫാൻ പോലീസിനോട് തിരക്കിയത്. അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും.