തിരുവനന്തപുരം: വെഞ്ഞാറമൂട് (venjaramoodu)കൊലപാതകക്കേസിൽ അഫാനു മുന്നിൽ വിങ്ങിപൊട്ടി പിതാവ് റഹിം. രണ്ടുപേരെയും പൊലീസ് സംഘം ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത് .മകനു മുന്നിൽ റഹിം പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോർട്ട്. എല്ലാം തകർത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടികരഞ്ഞുകൊണ്ട് റഹിം അഫാനോട് ചോദിച്ചത്. ഇതിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ നൽകിയ മറുപടി.
കൂട്ടക്കൊലപാതകത്തിനു പിന്നിൽ വൻ സാമ്പത്തിക ബാധ്യതയെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങളുടെ കടബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മയെന്നാണ് പൊലീസ് സ്ഥിരീകരണം. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. ഈ സമയത്താണ് അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിക്കുന്നതെന്നാണ് വിവരം.
കൊലപാതകത്തിനു തലേ ദിവസം കാമുകിയിൽ നിന്നും 200 രൂപ കടം വാങ്ങി. ഇതിൽ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോൾ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടിൽ പണം കടം ചോദിക്കാൻ പോയത്. 100 രൂപയ്ക് അഫാനും ഉമ്മയും ഒരു കടയിൽ കയറി ദോശ കഴിച്ചു. വീട്ടിൽ പണം ചോദിച്ച് കടക്കാർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ ചെയ്തതെന്നാണ് അഫാന്റെ മൊഴി.
ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടം ഉണ്ടായിരുന്നുവെന്നാണ് അഫാന്റെ അമ്മയുടെ മൊഴി. സംഭവം നടന്ന ദിവസം 50,000 രൂപ കടം വാങ്ങിയവർക്ക് തിരികെ നൽകണമായിരുന്നു. പണത്തിനായി തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയി ചോദിച്ചപ്പോൾ മകനെ അധിക്ഷേപിച്ചെന്നും ഇത് മകന് സഹിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ഷെമീന മൊഴി നൽകിയത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായും ഷെമീന മൊഴി നൽകിയിട്ടുണ്ട്.
അമ്മ ഉൾപ്പെടെ ആറു പേരെയാണ് അഫാൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ അഞ്ചു പേർ മരിച്ചു. അഫാന്റെ മുത്തശ്ശി സൽമാ ബീവി (88), സഹോദരൻ അഫ്സാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), അഫാന്റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അഫാന്റെ മാതാവ് ചികിത്സയിലാണ്.