(Venjaramoodu Murder Case)തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രധാന പ്രതി അഫാൻ പോലീസ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണു. പാങ്ങോട് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ അഫാനെ പോലീസ് കല്ലറ പിഎച്ച്‌സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. രാത്രിയിൽ അഫാൻ ഉറങ്ങിയില്ലെന്നും അതിനാൽ രക്തസമ്മർദ്ദം കൂടിയതാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്നും ഡോക്ടർമാർ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം അഫാനെ വീണ്ടും പാങ്ങോട് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
വ്യാഴാഴ്ചയാണ് അഫാനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മുത്തശ്ശി സൽമബീവിയെ കൊല്ലപ്പെടുത്തിയ കേസിലാണ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിൽ വിട്ടത്. പാങ്ങോട് പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ സഹോദരന്റെ കൊടും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട അഫ്‌സാന്റെ (14) മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. പ്രതി അഫാന്റെ ആക്രമണത്തിൽ ഗൂരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷെമിയെ ഇളയമകൻ മരിച്ചെന്ന വിവരം ഇതുവരെ അറിയിച്ചിരുന്നില്ല.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് ഭർത്താവ് അബ്ദുൽ റഹീമിന്റെയും സൈക്യാട്രി വിഭാഗം ഡോക്ടർമാരുടെയും സാന്നിധ്യത്തിൽ ബന്ധുക്കളാണ് വിവരമറിയിച്ചത്. എന്നാൽ അഫാനാണ് അഫ്‌സാനെ കൊലപ്പെടുത്തിയതെന്ന് ഷെമിയെ അറിയിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്നതിനിടെയും ഷെമി തുടർച്ചയായി അഫ്‌സാനെ തിരക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മരണ വിവരം ഷെമിയെ അറിയിച്ചത്.