തിരുവല്ലം: വെള്ളായണിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള ടെൻഡറിന് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി . മന്ത്രി സഭ യോഗത്തിലാണ് തീരുമാനം. 28.6 കോടി രൂപ ചെലവഴിച്ചാണ് പൂങ്കുളം കാക്കാമൂല റോഡിനെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമിക്കുക. ടെൻഡർ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ക്വോട്ട് ചെയ്ത അനുമതി നൽകിയത്.
പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെള്ളായണി സന്ദർശിച്ചപ്പോൾ പാലം പണി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് പദ്ധതി മന്ത്രിസഭ യോഗത്തിൻ്റെ പരിഗണനയ്ക്ക് എത്തിയത്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരും എം വിൻസന്റ് എം.എൽ.എയും പഞ്ചായത്ത് ഭരണാധികാരികളും പാലം നിർമ്മാണം സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
.വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡ് മാറ്റി പാലം നിർമ്മിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് ഭരണാനുമതി ലഭിച്ചത്.കാർഷിക കോളേജിനെയും കാക്കാമൂലയെയും ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ മഴക്കാലത്ത് വെള്ളം കയറിയതോടെയാണ് പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്. നിരന്തര ഇടപെടലുകൾക്ക് ശേഷം പാലം നിർമ്മിക്കാൻ സർക്കാർ അനുമതി ലഭിച്ചു. അന്നുമുതൽ പൊതുമരാമത്ത് അധികൃതർ പാലം നിർമ്മാണത്തിനുള്ള നടപടികൾ തുടങ്ങി രൂപരേഖ തയാറാക്കിയെങ്കിലും ടെൻഡർ നടപടികൾ വൈകി.
പ്രഖ്യാപനങ്ങൾ
വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന
പാലത്തിൽ നിന്ന് ചൂണ്ടയിടുന്നതിനും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും സൗകര്യം
പാലവുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡും നിർമ്മിക്കും
300 മീറ്റർ നീളത്തിലും14 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്
പാലത്തിൽ ആകർഷകമായ ലൈറ്റുകൾ സ്ഥാപിക്കും
സമാന്തര ചെറുപാലത്തിൽ കേബിൾ ഡക്ടുകൾ വരും
ടൂറിസം സാദ്ധ്യതകൾ
ആഴാകുളത്തു നിന്ന് വെള്ളായണിയിലേക്ക് ആധുനിക രീതിയിലുള്ള റോഡ് വരുന്നതോടുകൂടി ഇവിടെയും സഞ്ചാരികളെത്തും. ഇത് വെള്ളായണിയിലെ ടൂറിസം സാദ്ധ്യത കൂടുതലാക്കും.
പ്രയോജനം ഏറെ
പാലം വരുന്നതോടെ ദേശീയപാതയും കഴക്കൂട്ടം – കാരോട് ബൈപ്പാസുമായുള്ള യാത്രാദൂരം കുറയും. മഴക്കാലത്തുണ്ടാകുന്ന ഗതാഗതതടസ്സം ഒഴിവായിക്കിട്ടും. ശുദ്ധജല തടാകത്തിന്റെ ഒഴുക്ക് തടസ്സമില്ലാതെ സുഗമമാകും