Thursday, April 3, 2025

ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; വീണാ ജോർജ്

Must read

- Advertisement -

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്രവണ വൈകല്യം നേരിടുന്ന അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം.

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ശ്രുതിതരംഗം പദ്ധതി ഏറ്റെടുത്തത് മുതൽ ദ്രുതഗതിയിലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൃത്യമായി സാങ്കേതിക സമിതി യോഗങ്ങൾ ചേർന്നാണ് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തുന്നത്. പുതിയ ഉപകരണങ്ങൾ ഇംപ്ലാന്റ് ചെയ്യുന്നതിനായി സമർപ്പിക്കപ്പെട്ട 84 അപേക്ഷകളിൽ 25 ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആശുപത്രികൾക്ക് തുക കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ 112 പേർക്ക് അറ്റകുറ്റപ്പണികൾക്കായി സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അറ്റകുറ്റപണികൾക്കൊപ്പം പ്രോസസർ അപ്ഗ്രഡേഷന് വേണ്ടി ലഭ്യമായ 120 അപേക്ഷകളിൽ 117 നും സംസ്ഥാന ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഇവയും സമയബന്ധിതമായി പൂർത്തിയാക്കും. അർഹരായ എല്ലാ കുട്ടികളേയും പരിഗണിക്കാനുള്ള നടപടികൾ പുരോഗമിക്കവേ ഇത്തരം പ്രചാരണം കുട്ടികളേയും രക്ഷിതാക്കളേയും ആശങ്കപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

എംപാനൽ ചെയ്ത ആറ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കുന്നുണ്ട്. നിലവിൽ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ സമയ ബന്ധിതമായി നടപ്പിലാക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കമ്പനികളെ കണ്ടെത്തി കെ.എം.എസ്.സി.എൽ. മുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിരുന്നു. മുൻകാലങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിലാണ് ഈ കമ്പനികളെ തെരഞ്ഞെടുത്തിട്ടുള്ളത്.

മെയിന്റനൻസ് നടപടികൾക്കായുള്ള തുക, കോക്ലിയർ ഇംപ്ലാന്റ് ചെയ്ത ഓരോ കുട്ടിക്കും 50,000 രൂപ വീതം അതത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ വകയിരുത്തി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറുവാനാണ് സർക്കാർ നിർദേശം. ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നൽകാനില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കോക്ലിയർ ഇംപ്ലാന്റേഷനുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്കും ഏതെങ്കിലും ആശുപത്രിയിൽ നിന്നും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ 0471-4063121, 2960221 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

See also  അയോദ്ധ്യയും തിരുവനന്തപുരം പൗർണ്ണമിക്കാവും; അറിയപ്പെടാതെ പോയ അത്ഭുത ചരിത്രം.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article