വിഡി സതീശൻ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Written by Taniniram Desk

Published on:

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സതീശൻ എന്ന് വിളിച്ചത്. വിഡി എന്നാൽ വെറും ഡയലോഗ് എന്നായി മാറി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. പാർട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വിഡി സതീശൻ. സിപിഎമ്മിനോട് നേർക്കുനേർ പോരാടാൻ കോൺഗ്രസ് ഇറങ്ങിയാൽ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

നവ കേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തങ്ങളുടെ പ്രവർത്തകരെ സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഇന്നലെ സംഘര്‍ഷത്തിൽ കലാശിച്ചിരുന്നു. പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശൻ രംഗത്ത് വന്നിരുന്നു. ഇതിനോട് രൂക്ഷമായി തന്നെ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പിന്തുണച്ചാണ് മന്ത്രി റിയാസും രംഗത്ത് വന്നത്.

അതിനിടെ നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ രാത്രിയാണ് നവകേരള സദസ്സ് വർക്കലയിൽ എത്തിയത്. ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും രാവിലെ നടക്കും. ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്.

മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്. വർക്കലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു..

See also  ബാലാവകാശ കമ്മിഷനിൽ പുതിയ 4 അംഗങ്ങൾ കൂടി

Related News

Related News

Leave a Comment