ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹർജ്ജിയും നൽകും. ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ചനടത്തും. വണ്ടിപ്പെരിയാരിലെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട അർജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടതിനെതിരെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് അപ്പീൽ നൽകും.
കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയിട്ടും വിധിയിൽ തുടർ നടപടി സംബന്ധിച്ച് പരമാർശമില്ലാത്തതായിരിക്കും പ്രധാനമായും ഉന്നയിക്കുക. നിലവിലെ വിധി റദ്ദ് ചെയ്യുന്നതിനും കേസിൽ അർജുനെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തണമെന്ന ആവശ്യം കുടുംബം ഡി ജി പിയെ അറിയിക്കും. പ്രതി അർജുൻ തന്നെയാണെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്.
ഇതോടൊപ്പം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ പി സി സി യുടെ നിർദ്ദേശപ്രകാരം അഭിഭാഷക കോൺഗ്രസും അടുത്ത ദിവസം ഹൈക്കോടതിയിൽ ഹർജി നൽകും.
സംസ്ഥാന ബാലാവകാശ കമ്മിഷനും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വെറുതെ വിട്ട വിധിയുടെ ആഘാതത്തിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസം പകരാൻ വിവിധ സംഘടനകളിൽ നിന്നുള്ളവർ വീട്ടിലെത്തുന്നുണ്ട്. നാളെ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.