Friday, April 4, 2025

വണ്ടിപ്പെരിയാറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ചപോലെ, അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അട്ടിമറി.

Must read

- Advertisement -

ശ്യാം വെണ്ണിയൂർ

ഇടുക്കി : വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയെ പീഡിപ്പിച്ച് ​കൊന്ന കേസ്സ് അട്ടിമറിച്ചതിന് സമാനമായി കുഞ്ഞിന്റെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച ​കേസും അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി തെളിവുകൾ പുറത്ത്. കഴിഞ്ഞ ആറാം തീയതി രാവിലെ വണ്ടിപ്പെരിയാർ സത്രം ജംഗ്ഷനിൽ വെച്ച് പെൺകുട്ടിയുടെ പിതാവിനു കുത്തേറ്റിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന അർജുൻ്റെ ബന്ധുവായ പാൽ രാജാണ് കുട്ടിയുടെ പിതാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. മുതുകിലും വയറിലും കുത്തും കാലിനു വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. പ്രതി പാൽ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ വെച്ച് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ അർജുനാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. അതിക്രൂരമായി കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതിയായിരുന്ന അർജുൻ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. അതുകൊണ്ടുതന്നെ ഈ കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്ന് വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ പിന്നിടുള്ള പോലീസിൻ്റെ നടപടികൾ ഏറെ സംശയം ജനിപ്പിക്കുന്നതും പ്രതിക്ക് അനുകൂലവും ആയിരുന്നു. കൊലപാതകം നടന്ന ഉടൻ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചു എന്ന് വരുത്തിത്തീർക്കാനായിരുന്നു പൊലീസിൻ്റെ ശ്രമം. എന്നാൽ, ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെയാണ് അന്വേഷണത്തിന്‍റെ ഗതി മാറിയത്. പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ വെളിവായിട്ടില്ലെന്ന് അന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു.

കേസ് വിചാരണ ആരംഭിച്ചപ്പോൾ നേരത്തെ ഉയർന്ന ആരോപണത്തെ ബലപ്പെടുത്തുന്ന രീതിയിൽ കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇത് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി. മഞ്ജു പ്രതിയെ വെറുതെ വിടുകയായിരുന്നു.

തുടർന്ന് പ്രതി അർജുന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈകോടതി വണ്ടിപ്പെരിയാര്‍ പൊലീസിന് നിർദേശം നല്‍കി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജ്ജുന്റെ അച്ഛന്‍ സുന്ദറും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് കോടതി നിർദേശിച്ചു.

കൊലപാതകത്തിൽ പ്രതി അർജുനോട് പൊലീസ് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് തുടക്കം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. പട്ടികജാതിക്കാരനല്ലാത്ത പ്രതി​യെ പട്ടികജാതിക്കാരനാക്കിയാണ് പൊലീസ് അവതരിപ്പിച്ചതെന്നും പരാതിയുണ്ടായിരുന്നു. പ്രതിക്ക് ഇളവ് കിട്ടാൻ വേണ്ടിയാണു പോലീസ് ഈ ഗൂഢ ശ്രമം നടത്തിയതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കൾ ഹൈകോടതിയെ വ​രെ സമീപിച്ചിരുന്നു.

സമാനമായ രീതിയിലാണ് ഇപ്പോൾ കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ, പ്രതിയായ പാൽ രാജിനെതിരെ എഫ്‌ഐആറിൽ പട്ടിക ജാതി -പട്ടിക വർഗ പീഡന നിരോധന നിയമം അനുസരിച്ചു ഒരു വകുപ്പു പോലും ചേർത്തിട്ടില്ല എന്ന ഗുരുതരമായ വീഴ്ചയാണ് പുറത്തു വന്നിരിക്കുന്നത്. വണ്ടിപ്പെരിയാർ പോലീസ് 0017/ 2024 ആയി രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് ഗുരുതരമായ അട്ടിമറി ശ്രമം നടന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണമുണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ‘തനിനിറ’ത്തോടു പറഞ്ഞു.

See also  ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി

വണ്ടിപ്പെരിയാർ കേസിൽ പോലീസ് പട്ടിക ജാതി -പട്ടിക വർഗ പീഡന നിരോധന നിയമം ഒഴിവാക്കി എഫ്ഐആർ ഇട്ടത് പ്രതിയെ രക്ഷിക്കാനെന്ന് ‘അട്ടപ്പാടി മധു നീതി സമര സമിതി’ ചെയർമാൻ വി എം മാർസർ ആരോപിച്ചു.

അതിനിടെ വണ്ടിപ്പെരിയാർ സംഭവം ഉന്നാവോ പീഡനക്കൊലയെ അനുസ്മരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article