കൊച്ചി: കേരളത്തിലെ ഒമ്പത് സർവകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ചാൻസലർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. കഴിഞ്ഞ ഒരു വർഷമായി കേരളത്തിലെ ഒമ്പത് സർവകലാശാലകളിൽ വിസിമാരെ നിയമിക്കാത്തതു മൂലം സർവകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. കേരള, എംജി, കുസാറ്റ്, കണ്ണൂർ, കെ.റ്റി.യു, മലയാളം, അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്.
ചാൻസലർ, ചീഫ് ജസ്റ്റിസ്, കേരള സർക്കാർ, യുജിസി, എ. ഐ.സി. ടി.ഇ, ബാർ കൗൺസിൽ,എല്ലാ യൂണിവേഴ്സിറ്റി രജിസ്ട്രാർമാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ: മേരി ജോർജ്ജാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. ഹർജി തുടർ വാദത്തിനായി ജനുവരി 11ന് മാറ്റി.