റാന്നി: ഉതിമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടൻ്റെ ഭാര്യയുടെ സമരം. ഒരുവര്‍ഷത്തിലേറെയായി നിരന്തരം കയറിയിറങ്ങിയിട്ടും പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വിമുക്തഭടന്‍ റാന്നി ഉതിമൂട് മരുതന കാര്യാട്ട് പരേതനായ ചന്ദ്രശേഖരൻ്റെ ഭാര്യ തങ്കമണിയമ്മയാണ് ബാങ്കില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചത്.
ഒരുവര്‍ഷം മുമ്പും ഇവര്‍ പ്രതിഷേധസമരം നടത്തിയിരുന്നു. ഉടനെ പണം തിരികെ നല്‍കാമെന്ന് ഉറപ്പു നല്‍കി ഇവരെ അനുനയിപ്പിച്ച് മടക്കുകയായിരുന്നു അന്ന്. എന്നാല്‍, ഇതുവരെ പണം പൂര്‍ണമായി തിരികെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം നടത്തിയത്. ഡിസംബര്‍ 31-നുള്ളില്‍ പണം നല്‍കുമെന്ന് പൊലീസിൻ്റെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പിന്മേലാണ് തിങ്കളാഴ്ച വൈകീട്ട് സമരം അവസാനിപ്പിച്ചത്.
രാവിലെ 10 മണിക്കാണ് ഇവര്‍ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടത്.പണം ലഭിക്കാത്തതിനെ തുടര്‍ന്ന് നിലത്ത് ഷീറ്റിട്ട് ഇരുന്നു. ഭിക്ഷയ്ക്കല്ല വന്നതെന്നും നിക്ഷേപിച്ച പണം തിരികെകിട്ടാന്‍ വേണ്ടിയാണ് വന്നതെന്നും ബാങ്ക് അധികാരികളോട് തങ്കമണിയമ്മ പറഞ്ഞു. വലിയ തുകകളുടെ വായ്പാതിരിച്ചടവ് മുടങ്ങിയതിനാലും നിക്ഷേപകര്‍ പണം പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുറെക്കാലമായി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്.
അഞ്ചുവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ പണം നിക്ഷേപിച്ചത്. പലിശയടക്കം 10 ലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നു. ഇനിയും നാലരലക്ഷം രൂപ കൂടി കിട്ടാനുണ്ടെന്ന് തങ്കമണിയമ്മ പറഞ്ഞു. വീട് നിര്‍മിക്കുന്നതിനായിട്ടാണ് പണം തിരികെ ചോദിക്കുന്നത്. വീട് പണി ഏറിയപങ്കും പൂര്‍ത്തിയായി. പണം നല്‍കാത്തതിനാല്‍ വീടിന്റെ താക്കോല്‍ ലഭിക്കുന്നില്ല. വീട് പണി നടക്കുമ്പോള്‍ പണം നല്‍കാമെന്ന ബാങ്കധികൃതരുടെ ഉറപ്പിന്മേലാണ് പണി തുടങ്ങിയത്. എന്നാല്‍, ഇതുവരെ ലഭിച്ചിട്ടില്ല. മക്കളില്ലാത്ത ഇവര്‍ ഇപ്പോള്‍ ബന്ധുവീട്ടിലാണ് കഴിയുന്നത്.