തൃശ്ശൂര്‍ : തൃശ്ശൂർ വടക്കാഞ്ചേരിയില്‍ ജഡ്ജിയുടെ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ പ്രതികള്‍ റിമാന്‍റില്‍. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻന്റ് ചെയ്തത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ആർ മിനിയുടെ കാറാണ് പ്രതികള്‍ തടഞ്ഞ് അസഭ്യം പറഞ്ഞത്. ചെറുതുരുത്തി സ്വദേശി അലി ബാബു, വടക്കാഞ്ചേരി ചരൽപ്പറമ്പ് സ്വദേശി രമേഷ് എന്നിവരാണ് വടക്കാഞ്ചേരി പോലീസിന്‍റെ പിടിയിലായത്. രണ്ട് ദിവസംമുൻപ് വടക്കാഞ്ചേരി പാലസ് റോഡിൽ ആര്യാസ് സൂപ്പർ മാർക്കറ്റിന് സമീപത്തായിരുന്നു സംഭവം. ജഡ്ജി വടക്കാഞ്ചേരി കോടതി സമുച്ചയത്തിന്റെ ഭാഗത്തു നിന്നും പാലസ് റോഡിലൂടെ എത്തി പ്രധാന റോഡിലേക്ക് തിരിയുന്നിടത്ത് വെച്ചായിരുന്നു തര്‍ക്കം. എതിരെ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ജഡ്ജിയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും തട്ടിക്കയറുകയും ചെയ്തു. ജഡ്‌ജിയുടെ കാർ പിറകോട്ട് എടുക്കുന്നതിനിടയിൽ ഓട്ടോ ഒരു മിനിറ്റ് നിർത്തേണ്ടിവന്നതിലുള്ള രോഷപ്രകടനം അതിരുവിട്ടതാണ് പരാതിയിലേക്ക് നയിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാന്റ് ചെയ്തു.