ശബരിമല ദർശനത്തിന് എത്തിയ ട്രാൻസ്ജെൻഡറെ പൊലീസ് മടക്കി അയച്ചു. ട്രാൻസ്ജെൻഡർക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മടക്കി അയച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം സന്നിധാനം നടപ്പന്തലിൽ വച്ചാണ് സംഭവം. ചെന്നൈയിൽ നിന്നും ദർശനത്തിനെത്തിയ സതീഷ് കുമാറിനെയാണ് (25) പൊലീസ് തടഞ്ഞത്. തുടർന്ന് പരിശോധനയ്ക്കായി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. അതിനു പിന്നാലെ ദർശനം നടത്താൻ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പതിനെട്ടാം പടി കയറുന്നതിനു മുൻപുള്ള നടപ്പന്തലിൽ പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് സതീഷ് കുമാറിനെ ശ്രദ്ധിക്കുകയും തുടർന്ന് നടപടിയെടുക്കുകയും ചെയ്തത്. അതേസമയം സതീഷ് കുമാറിനൊപ്പം എത്തിയവർ ദർശനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിരവധി പ്രശ്നങ്ങൾ മുൻപ് നടന്നിരുന്നതിനാൽ ഇക്കാര്യത്തിൽ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തുകയാണ്. നിലവിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമല ദർശനം നടത്താറില്ല. ഇക്കാര്യത്തിൽ സ്ഥായിയായ തീരുമാനം ഉണ്ടാകുന്നതുവരെ ഈ രീതി തന്നെ തുടർന്നാൽ മതിയെന്നാണ് നിലവിൽ ദേവസ്വം ബോർഡും സർക്കാരും തീരുമാനിച്ചിരിക്കുന്നതും.