മലപ്പുറത്തെ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് പച്ചക്കൊടി വീശിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മലബാറിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന സ്റ്റേഷനുകളിലൊന്നായ തിരൂരിന്‍റെയും താനൂരിന്‍റെയും വികസനമാണ് മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്. സ്റ്റേഷനുകളിലെ അടിസ്ഥന സൗകര്യ വികസനത്തിനൊപ്പം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരിപ്പോൾ.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരൂർ റെയിൽവേ സ്റ്റേഷന്‍റെ പ്ലാറ്റ്‍ഫോം നീട്ടി വികസിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതായി പൊന്നാനി എംപി അബ്ദുസമദ് സമദാനി പറഞ്ഞു. ഇപ്പോഴുള്ള നടപ്പുപദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ അമൃതഭാരത് സ്റ്റേഷനുകളുടെ അടുത്ത ഘട്ട പട്ടികയിൽ താനൂരിനെ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകളുടെ വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം സ്വീകരിക്കവെയാണ് അശ്വിനി വൈഷ്ണവ് പൊന്നാനി എംപിയെ ഇക്കാര്യം അറിയിച്ചത്. നിർത്താത്ത ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് എംപി മുഖ്യമായും നിവേദനത്തിൽ ഉന്നയിച്ചത്. അതേക്കുറിച്ച് മന്ത്രിയുമായി ചർച്ച നടത്തി.
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് റെയിൽ പാളത്തിന്‍റെ അപര്യാപ്തത കാരണം മറ്റു നിരവധി വണ്ടികളുടെ സമയത്തെയും ഓട്ടത്തെയും ബാധിക്കുമെന്ന് മന്ത്രി വിശദീകരിച്ചെങ്കിലും ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ ജനങ്ങളും ആശ്രയിക്കുന്ന മർമ്മപ്രധാനമായ സ്റ്റേഷൻ എന്ന നിലയിൽ തിരൂരിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം മന്ത്രിയോട് എംപി ഉന്നയിച്ചു.
സംസ്ഥാനത്തെ പ്രമുഖ സ്റ്റേഷനുകളിൽപ്പെട്ട തിരൂർ ദക്ഷിണേന്ത്യയിലെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന അൻപത് സ്റ്റേഷനുകളിൽ ഒന്നാണ്.