തൃപ്രയാർ: നട്ടാൽ കുരുക്കാത്ത പച്ചനുണകൾ ആവർത്തിച്ച് സത്യമാക്കി മാറ്റാൻ കഴിയുമോ എന്നുള്ള പരിശ്രമത്തിലാണ് കേന്ദ്ര ഭരണാധികാരികൾ എന്ന് സാഹിത്യകാരൻ വൈശാഖൻ. നാട്ടിക ശ്രീനാരായണ കോളജിലെ പൂര്‍വകാല കെ.എസ്.എഫ്, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കലാ സാംസ്കാരിക സംഘടനയായ സെക്യുലര്‍ ഫോഴ്സ് ഫോര്‍ ഇന്ത്യയുടെ ‘മനുഷ്യരുണരുമ്പോൾ”എന്ന പേരില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലയില്‍ കളിമണ്ണുള്ളവര്‍ മാത്രം വിശ്വസിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വിഡ്ഢിത്തരങ്ങളാണ് അവര്‍ നിത്യേന പറയുന്നത്. ചരിത്രത്തെയും സംസ്കാരത്തെയും അവര്‍ കാവിയണിയിക്കുന്നു. വ്യാജബിംബ നിര്‍മിതിയിലൂടെയാണ് ഫാഷിസം അതിന്റെ ആശയ പ്രചാരണം സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാൻ എം.എ. ഹാരിസ് ബാബു അധ്യക്ഷത വഹിച്ചു. അശോകൻ ചരുവില്‍ മുഖ്യപ്രഭാഷണം നടത്തി.
പി.ആര്‍. കറപ്പൻ, ഭാരതി കൃഷ്ണൻ എന്നിവരെ ആദരിച്ചു. കെ.വി. പീതാംബരനുള്ള മരണാനന്തര ബഹുമതി ഭാര്യ സരസു പീതാംബരൻ ഏറ്റുവാങ്ങി. ചുവപ്പാണെന്റെ പേര് എന്ന ബുള്ളറ്റിൻ പ്രഫ. എം.വി. മധു ഡോ.കെ ആര്‍ ബീനക്ക് നല്‍കി പ്രകാശനം ചെയ്തു. എ. എസ്. ദിനകരൻ, വി.എൻ. രണദേവ്, ടി.പി. ബാബു, വി.എ.സുരേന്ദ്രൻ, ടി.പി. ബെന്നി എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം നടന്ന സാംസ്കാരിക സദസ്സ് കവി പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിനിമ സംവിധായകൻ പ്രിയനന്ദനൻ, സി.എസ്. ചന്ദ്രിക, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരൻ, സജീവ് നമ്പിയത്ത് ഡോ.കെ.ആര്‍. ബീന, പി. സലിംരാജ്, അഡ്വ. അജിത് മാരാത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാട്ടുസദസ്സിന് എം.എ. റിയാദ്, എ.വി. സതീഷ്, ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയൻ എന്നിവര്‍ നേതൃത്വം നല്‍കി.
ഭരത് ആര്‍. നായരുടെ വയലിൻ, ഗോപിക നന്ദനയുടെ നൃത്തം, സജീവ് നമ്പിയത്തിന്റെ തീയേറ്റര്‍ പെര്‍ഫോമൻസ്, ടി.എസ്. സന്തോഷിന്റെ കാരിക്കേച്ചര്‍ രചന, തിരുവാതിരക്കളി, സാര്‍വദേശീയഗാനം, പ്രതിരോധജ്വാല എന്നിവ അരങ്ങേറി.