തൃശ്ശൂർ: സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉത്പാദിപ്പിക്കുക മാത്രമല്ല കുറച്ചെങ്കിലും വിൽക്കാൻ സാധിക്കുന്ന നിലയിലാണ് വിവേകോദയം സ്‌കൂൾ. നൂറോളം കംപ്യൂട്ടറുകൾ, ക്ലാസ് മുറികളിൽ ഹൈ- ടെക് സംവിധാനത്തിന്റെ ഭാഗമായ പ്രൊജക്ടർ ഉൾപ്പെടെയുള്ളവ, ലൈറ്റ്, ഫാൻ, നിരീക്ഷണ ക്യാമറ, മോട്ടോർ… ഇവിടെ എല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്, ഈ ഉപയോഗം കഴിഞ്ഞ് മിച്ചംവരുന്ന കുറച്ച് വൈദ്യുതി ഗ്രിഡിലേക്ക് കൊടുക്കാനും സാധിക്കുന്നു.
മൂവായിരത്തിയഞ്ഞൂറോളം വിദ്യാർഥികളുള്ള വിവേകോദയം ബോയ്സ്, ഗേൾസ് സ്‌കൂളുകളാണ് ഊർജത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത നേടിയത്. പൂർവവിദ്യാർഥിയായ പി.കെ.അനന്തനാരായണൻ സ്‌കൂളിനോടുള്ള ആദരവായാണ് ഈ സംവിധാനം സമർപ്പിച്ചത്. സ്കൂളിനെ നിയന്ത്രിക്കുന്ന വിവേകോദയം സമാജത്തിൻ്റെ മുൻ അധ്യക്ഷനായ പി.എൻ. കൃഷ്‌ണയ്യരുടെ ഓർമയ്ക്കുകൂടിയാണ് ഈ സമർപ്പണം.
24 കിലോവാട്ട് ശേഷിയുള്ള സൗരോർജ സംവിധാനമാണ് ഇവിടെ ഒരുക്കിയത്. 44 പാനലുകളാണ് സ്കൂളിന്റെ മേൽക്കൂരയിൽ ഇതിനായി സ്ഥാപിച്ചത്. ഇവയിൽ നിന്ന് ദിവസം 108 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഉപയോഗം കഴിഞ്ഞ് 25 യൂണിറ്റോളം പ്രതിദിനം കെ.എസ്.ഇ.ബി.ക്ക് നൽകാനും ഇവർക്ക് സാധിക്കുന്നു. ഇത്തരത്തിൽ ഊർജ സ്വയംപര്യാപ്തത നേടുന്ന വിരലിലെണ്ണാവുന്ന സ്കൂളുകൾ മാത്രമാണ് കേരളത്തിലുള്ളത്.
പാരമ്പര്യേതര ഊർജസ്രോതസ്സിലേക്ക് ചുവടുമാറണമെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണിത്. 2022-ൽ ഇസാഫ് ബാങ്കിന്റെ സി.എസ്.ആർ.ഫണ്ടുപയോഗിച്ച് ഈശ്രമത്തിന് തുടക്കംകുറിച്ചു. സംവിധാനം നിലവിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ഇതിന്റെ ഔപചാരിക ഉദ്ഘാടനം 26-ന് നടക്കുമെന്ന് സ്‌കൂൾ മാനേജർ തേറമ്പിൽ രാമകൃഷ്ണൻ അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന പൂർവവിദ്യാർഥി സംഗമത്തിലാണ് സോളാർ പദ്ധതി ഗുരുദക്ഷിണയായി സമർപ്പിക്കുന്നത്.