തൃശൂര്‍: രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റുന്ന ഗവര്‍ണറെക്കുറിച്ച് കോണ്‍ഗ്രസിന് ഒന്നും പറയാനില്ലേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മുന്‍മന്ത്രിയും സിപിഐ നേതാവുമായിരുന്ന വിവി രാഘവന്റെ ജന്മശതാബ്ദി ആഘോഷം റീജിയണല്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ എന്ന പദവി രാഷ്ട്രീയക്കാരന്റേതല്ല. എന്നാല്‍ ഗവര്‍ണര്‍ ആര്‍എസ്എസുകാരനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫോ ആര്‍എസ്എസോ ബിജെപിയോ ആരാണ് തങ്ങളുടെ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-ബിജെപി ബാന്ധവമാണിപ്പോള്‍ കാണുന്നത്. ഇത് വലിയ വിപത്താണ്. ഫാസിസ്റ്റുകള്‍ കൊലപ്പെടുത്തിയ മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റേയും ആശയങ്ങള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുകയാണെങ്കില്‍ തങ്ങളത് ഏറ്റെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജനാധിപത്യത്തെ ഇഷ്ടമില്ലാത്ത മോദി സര്‍ക്കാര്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ശബ്ദങ്ങള്‍ ഇല്ലാതാക്കി. പുറത്താക്കപ്പെട്ട എംപിമാര്‍ക്കു പുറമേ പത്രക്കാര്‍, മുന്‍ എംപിമാര്‍, മന്ത്രിമാരുടെ പിഎമാര്‍ എന്നിവര്‍ക്കും പാര്‍ലമെന്റില്‍ പ്രവേശനമില്ല. ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടന്നിരുന്ന ആ വേദിയെ ഇല്ലാതാക്കി ഫാസിസത്തിന്റെ തേര്‍വാഴ്ച നടക്കുമ്പോള്‍ അതിനെതിരേ പോരാടുന്നതിനു പകരം ബിജെപിയുമായി കൂട്ടുകൂടാനാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കണം. എംപിമാര്‍ക്ക് പ്രവേശനം നിഷേധിച്ച പാര്‍ലമെന്റില്‍ ബിജെപി എംപിയുടെ കത്തുമായി രണ്ടുപേര്‍ കയറി. അവരുടെ പക്കല്‍ വിഷവാതകമോ സ്‌ഫോടകവസ്തുക്കളോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. പാര്‍ലമെന്റിലെ ആക്രണത്തെക്കുറിച്ചു സഭയില്‍ വിശദീകരണം വേണം. മാത്രമല്ല, ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി എന്താണ് സംസാരിച്ചതെന്നു മോദി ജനങ്ങളോട് പറയണമെന്നുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ഫാസിസ്റ്റുകള്‍ക്ക് പാര്‍ലമെന്റിനോട് യാതൊരു ആദരവുമില്ല. വേണ്ടിവന്നാല്‍ അവര്‍ പാര്‍ലമെന്റ് കത്തിക്കുകയും ചെയ്യും. 1930ല്‍ ഫാസിസ്റ്റുകള്‍ ജര്‍മന്‍ പാര്‍ലമെന്റ് കത്തിച്ച ചരിത്രാനുഭവം നമ്മുടെ മുന്നിലുണ്ട്. പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍ എവിടെയാണ് ജനാധിപത്യം. പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു കോട്ടയാണ്. സെവൻ സ്റ്റാർ ഹോട്ടൽ പോലെ. അവിടെ ചര്‍ച്ചകളില്ല. വിമര്‍ശനങ്ങളില്ല. ചോദ്യങ്ങളില്ല. ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് താനടക്കമുള്ളവരെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യയിൽ മഹാഭൂരിപക്ഷം വരുന്ന കാർഷിക മേഖല വരണ്ടു പോകുന്ന ഒരു സ്ഥിതിയാണ് ഇന്നുള്ളത്. നരേന്ദ്രമോദി കൃഷിക്കാർക്ക് കൊടുത്ത വാഗ്ദാനം പാലിക്കണം. ന്യായമായ പ്രതിഫലം കിട്ടാതെ കർഷകർ അപമാനിതരാവുകയാണെന്നും കർഷകന്റെ വേദന നരേന്ദ്രമോദിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് അധ്യക്ഷത വഹിച്ചു. എംഎൽഎ പി ബാലചന്ദ്രൻ, വിഎസ് സുനിൽകുമാർ, സിഎൻ ജയദേവൻ, കെപി രാജേന്ദ്രൻ, രാജാജി മാത്യു തോമസ്, ഷീല വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.