തൃശൂര്‍: മണൽത്തരികളിൽ വർണ്ണപകിട്ട് വിടരാൻ പത്ത് ദിനങ്ങള്‍ മാത്രം കാത്തിരിക്കുക. വര്‍ണക്കുടകള്‍ വിടരുന്ന തെക്കേഗോപുരനടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണല്‍ചിത്രം മറ്റൊരു വിസ്മയക്കാഴ്ചയാകും.
തേക്കിന്‍കാട് മൈതാനത്ത് തെക്കേഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മണല്‍ ചിത്രകലാകാരനായ ബാബു എടക്കുന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണല്‍ ചിത്രം ഒരുക്കുന്നത്. പത്ത് ദിവസത്തിനകം മോദിയുടെ ബഹുവര്‍ണ മണല്‍ ചിത്രം പൂര്‍ത്തിയാകും. ഏറെ സവിശേഷതകളുള്ള മണല്‍ ചിത്രം ജനുവരി 2ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് സമ്മാനിക്കും.
വിവിധ നിറത്തിലുള്ള മണല്‍ത്തരികള്‍ മാര്‍ബിളില്‍ നിന്നാണ് തയ്യാറാക്കുന്നത്. ഭാരതത്തിലെ 51 സ്ഥലങ്ങളില്‍ നിന്നുള്ള മണല്‍ ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതില്‍ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണലും ഉള്‍പ്പെടും. പത്ത് ദിവസത്തിനകം ചിത്രം പൂര്‍ത്തിയാക്കും. ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേര്‍ ഈ ഉദ്യമത്തിലുണ്ട്. ഗോകുലം ഗ്രൂപ്പാണ് നിര്‍മ്മാണ ചെലവ് വഹിക്കുന്നത്. 51 അടി ഉയരമുള്ള ചിത്രം ലോക റെക്കോര്‍ഡ് ആകും. നിറങ്ങള്‍ക്ക് പകരം മണല്‍ പൊടികളാണ് ഉപയോഗിക്കുന്നത്.
മോദിയോടുള്ള ആരാധനയാണ് ഇത്തരമൊരു ചിത്രം തയ്യാറാക്കാന്‍ പ്രേരണയായതെന്ന് ബാബു എടക്കുന്നി പറഞ്ഞു. നിരവധി വിദേശരാജ്യങ്ങളില്‍ ബാബു എടക്കുന്നി മണല്‍ ചിത്രം ഒരുക്കിയിട്ടുണ്ട്. തൃശൂരില്‍ ഫൈനാര്‍ട്‌സ് കോളേജില്‍ പഠിച്ച ബാബു മണല്‍ ചിത്രരചന സ്വയം പഠിച്ചെടുത്തതാണ്. മോഹന്‍ലാല്‍ അടക്കമുള്ള ചലച്ചിത്രതാരങ്ങള്‍ക്കും, മുഖ്യമന്ത്രി പിണറായി വിജയനും മണല്‍ചിത്രം വരച്ച് നല്‍കി.
ചിത്രരചനയുടെ ഉദ്ഘാടനം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് നിർവഹിച്ചു. ‘ഏക ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കൽപ്പത്തെ ഉറപ്പിക്കുന്നതാണ് ഭാരതത്തിലെ വ്യത്യസ്ത കോണുകളിൽ നിന്നുള്ള മണൽ കൊണ്ടുള്ള ഈ പ്രയത്നമെന്ന് എം.ടി രമേശ് പറഞ്ഞ ബി.ജെ പി സംസ്ഥാന സമിതിയംഗം ടി.പി സുൽഫത്ത് ജില്ല പ്രസിഡണ്ട് കെ കെ അനീഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.