തൃശൂർ: എല്ലാ മേഖലയിലും തകർന്നടിഞ്ഞ കേരള സർക്കാർ, കുടുംബങ്ങളിലും തകർച്ചയുണ്ടാക്കാനാണ് സപ്ലൈകോ വഴി മദ്യം വിൽക്കുവാൻ നീക്കം നടത്തുന്നതെന്ന് കേരള കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ്. സപ്ലൈകോ വഴി മദ്യം വിൽക്കുവാനുള്ള സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് മദ്യവിമോചന സമര സമിതി തൃശൂർ ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ മദ്യശാലയാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിൽ ആദ്യമായി സമരം നടത്തുന്നത് തൃശ്ശൂരിലാണ്. പണ്ട് വിമോചന സമരം ആരംഭിച്ചതും തൃശ്ശൂരിൽനിന്നായിരുന്നുവെന്ന് കുര്യാക്കോസ് അനുസ്മരിച്ചു.
ധർണ്ണയിൽ കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ്പ്രസിഡന്റ് വിത്സൺ പണ്ടാരവളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സമരസമിതി ജില്ലാ വർക്കിങ് ചെയർപേഴ്സൺ കെ എ മഞ്ജുഷ അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന ജനറൽ കൺവീനർ ഇ എ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. മദ്യവിമോചന സമര സമിതി ജില്ലാ ജനറൽ കൺവീനർ ശശി നെട്ടിശ്ശേരി, ഭാരത് ജനറൽ കൺസ്യൂമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ സി കാർത്തികേയൻ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ടി എസ് അബ്രഹാം, കേരള മദ്യനിരോധന സമിതി തൃശൂർ ജില്ല ട്രഷറർ പോൾ ചെവിടൻ, കെ എസ് ശിവരാമൻ, ചന്ദ്രപ്പൻ തിരുനിലത്ത്, സുഭാഷ് ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.