തൃശ്ശൂർ, മുല്ലശേരി: പാറപ്പാടം കിഴക്കേത്തല കോൾപാടത്തെ നെൽക്കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചതായി പരാതി. കതിരിട്ട നെൽച്ചെടികളെല്ലാം കുത്തിമറിച്ചിട്ട നിലയിലാണ്. ഏകദേശം മൂന്നേക്കറിലധികം സ്ഥലത്തെ കൃഷി ഇതിനകം നശിപ്പിച്ചു. താണവീഥി ഇറക്കത്തിലും മോട്ടർ പുരയുടെ സമീപത്തുമാണ് നാശം കൂടുതൽ. 14 ഏക്കർ വരുന്ന പടവിൽ 17 കർഷകരാണ് ഉള്ളത്. 70 – 75 ദിവസം പ്രായമായ നെൽച്ചെടികളാണ് നശിപ്പിച്ചത്. രാത്രിയിൽ നാൽപതിലധികം വരുന്ന കാട്ടുപന്നി കൂട്ടമാണ് പാടത്തെത്തുന്നത്. വിജനമായ കുറ്റിക്കാടുകളിലും പുൽക്കാടുകളിലുമാണ് ഇവയുടെ വാസം. നെൽച്ചെടി മാത്രമല്ല സമീപത്തെ പറമ്പുകളിലെ പച്ചക്കറി, കിഴങ്ങു വർഗങ്ങൾ, വാഴ, തൈതെങ്ങുകൾ തുടങ്ങിയവയെല്ലാം നശിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഇവിടെ 6 ഏക്കറിലെ കൃഷി നശിപ്പിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇൗ അനുഭവമുള്ളതിനാൽ ഇത്തവണ കൃഷിയിറക്കുന്നതിന് മുൻപുതന്നെ മുല്ലശേരി പഞ്ചായത്തിന് പാടശേഖര സമിതി ഭാരവാഹികൾ പന്നികളെ നശിപ്പിക്കാൻ കത്തു നൽകിയിരുന്നു. ഇത്തവണയും പന്നികൾ കൃഷി നശിപ്പിക്കാനെത്തിയപ്പോൾ ഭാരവാഹികൾ പഞ്ചായത്തിൽ പരാതി നൽകി. പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർമാരെത്തി കൃഷി നശിപ്പിക്കാനെത്തിയ 2 കാട്ടുപന്നികളെ വെടിവച്ചു കൊന്നെങ്കിലും പന്നികളുടെ ശല്യം തുടരുകയാണ്. പന്നികൾ കൃഷി നശിപ്പിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും പടവ് ഭാരവാഹികളായ എൻ.കെ. വിനു, ആനന്ദൻ ചീരോത്ത് എന്നിവർ ആവശ്യപ്പെട്ടു.