തൃശ്ശൂർ: നഗരം കീഴടക്കി പാപ്പാമാരുടെ സാംസ്കാരിക ഘോഷയാത്ര വർണ്ണാഭമായി. തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള പള്ളികളുടെ യൂണിറ്റുകളിൽ നിന്നും 15000 ത്തോളം പേരാണ് ഇന്നലെ നടന്ന ബോൺ നതാലെയിൽ പങ്കെടുത്തത്. തൃശ്ശൂർ പൗരാവലിയുടെയും തൃശ്ശൂർ അതിരൂപതയുടെയും നേതൃത്വത്തിൽ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മേയർ എം കെ വർഗീസിന് നതാലെയുടെ ഫ്ലാഗ് കൈമാറിയതോടെയാണ് സാംസ്കാരിക ഘോഷയാത്രയ്ക്ക് തുടക്കമായത്.
അതിരൂപത പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഒറ്റപ്പെട്ടവന്റെയും കൂടെ ആണെന്നുള്ള സന്ദേശം കൂടി ബോൺ നതാലെ മുന്നോട്ടുവയ്ക്കുന്നു. അംഗവൈകല്യം ബാധിച്ചവരും രോഗികൾ ആയവരും പാപ്പാമാരുടെ വേഷത്തിൽ വീൽചെയറിലും സ്കേറ്റിംഗ് പാപ്പാമാരും സൈക്കിൾ പാപ്പാമാരും ചലിക്കുന്ന പുൽക്കൂടും ബോൺ നതാലെയെ ആകർഷകമാക്കി.
ബോൺ നതാലെയുടെ പത്താം വാർഷികമാണ് ഈ വർഷം നടന്നത്. 2013ൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ ആശയത്തിൽനിന്നാണ് ബോൺ നതാലെ എന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് തൃശ്ശൂരിൽ തുടക്കം കുറിക്കുന്നത്. 2014 ൽ 18,112 പേരെ പങ്കെടുപ്പിച്ച ബോൺ നതാലെ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. പത്തുവർഷത്തിനിടയിൽ ബോൺ നതാലെയുടെ ഫണ്ടിൽ നിന്നും അതിരൂപതയുടെ നേതൃത്വത്തിൽ നൂറിലധികം വീടുകൾ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. നതാലേയിൽ ടി എൻ പ്രതാപൻ എംപി, അതിരൂപതാം മെത്രാൻ ടോണി നീലങ്കാവിൽ എന്നിവരും പങ്കെടുത്തു.