ഇന്ന് തിരുവാതിര; വടക്കുംനാഥന് നിറചാർത്ത്

Written by Taniniram1

Updated on:

“അങ്ങനെ ഞാൻ അങ്ങു പോവതെങ്ങനെ…” നളചരിതത്തിലെ ഈരടികൾക്കൊപ്പം തിരുവാതിര ചുവടുകൾ വച്ച് ഒരു കൂട്ടം അമ്മമാർ. ഡിസംബർ 14 മുതൽ വൈകിട്ട് നാലിന് ശേഷം ആതിരോത്സവത്തിന്റെ ഭാഗമായി തിരുവാതിരപ്പാട്ടിന്റെ ശീലുകൾ കൊണ്ട് മുഖരിതമായിരുന്നു വടക്കുംനാഥന്റെ ക്ഷേത്രമുറ്റം. വെയിൽ ചാഞ്ഞ് തൃസന്ധ്യ കനക്കുന്നതോടെ ക്ഷേത്ര നടപ്പന്തലിൽ തീർത്ത വേദിയിൽ തിരുവാതിരോത്സവത്തിന്റെ നാളുകളിലായിരുന്നു തൃശൂർ. വടക്കുംനാഥനെ എന്നും മുടങ്ങാതെ വണങ്ങാൻ വരുന്നവർക്ക് ആനന്ദോത്സവം തന്നെയായിരുന്നു ആതിരോത്സവ നാളുകൾ.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള തിരുവാതിര സംഘങ്ങൾ ഭഗവാന്റെ മുൻപിൽ കാണിക്കയായി സമർപ്പിക്കാൻ തിരുവാതിരച്ചുവടുകളുമായി ക്ഷേത്രത്തിലേക്ക് എത്തുന്നു. തൃപ്പൂണിത്തുറ ‘പൂർണ്ണ പ്രഭ’ തിരുവാതിരക്കളി സംഘത്തിന്റെ നേതൃത്വം വഹിക്കുന്ന ശ്രീദേവി വർമ്മയ്ക്ക് ആത്മസായൂജ്യത്തിന്റെ നിറവാണ് വടക്കുംനാഥന്റെ മുൻപിൽ തിരുവാതിര കളിക്കാൻ കഴിഞ്ഞതിൽ. ശ്രീദേവി വർമ്മ ‘ഒരുത്തി’ എന്ന സിനിമയിൽ തന്റെ 108 ഓളം വരുന്ന ശിഷ്യഗണങ്ങളും ചേർന്ന് ഈ സിനിമയിൽ അഭിനയിച്ചിരുന്നു. ശ്രീദേവി വർമ്മ ഈ ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായും നിറഞ്ഞുനിന്നു. മഞ്ജു വാര്യർക്കൊപ്പം ഒരു പരസ്യ ചിത്രത്തിലും ശ്രീദേവി വർമ്മ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ അവരുടെ കണ്ണുകളിൽ പൂത്തിരി കത്തുന്ന പൂർണ്ണ പ്രഭ.

തൃശ്ശൂരിലെ നൃത്താധ്യാപിക ഡോ. സന്ധ്യയുടെ നേതൃത്വത്തിൽ ‘അഷ്ടപൗർണമി’ തിരുവാതിര സംഘം 10 വർഷത്തിലേറെയായി ആദിരോത്സവത്തിൽ പങ്കെടുക്കുന്നു. തൃശ്ശൂർ പൂങ്കുന്നം സുന്ദര നൃത്ത കലാക്ഷേത്ര സംഘത്തിന്റെ അരങ്ങേറ്റമായിരുന്നു വടക്കുംനാഥനു മുന്നിൽ സാർത്ഥകമായത്. വീട്ടമ്മമാരായ വിജയലക്ഷ്മി, സുഷ, ശൈലജ, സരോജിനി, അംബുജം, ഗീത, സതി, ദേവി, ഗിരിജ എന്നിവരെല്ലാം ആദ്യമായാണ് സ്റ്റേജിൽ കയറുന്നത്. ഭഗവാന്റെ മുൻപിൽ ചുവടുവെക്കാൻ കഴിഞ്ഞത് ആത്മനിർവൃതിയാണെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. അടുത്തവർഷവും ആതിരോത്സവത്തിൽ പങ്കെടുക്കണം എന്ന ആഗ്രഹത്തോടെയും ആത്മവിശ്വാസത്തോടെയും അവർ ഭഗവാന്റെ മുൻപിൽ തൊഴുകൈയോടെ വിടപറഞ്ഞു.

ആതിരോത്സവത്തിന്റെ സമാപനദിവസമായ ഇന്ന് ഭഗവാന് പ്രതിവിധി നെയ്യാട്ടം, മഹാഗണപതി ഹോമം, ശ്രീരുദ്ര യജ്ഞം, എന്നിവയും വടക്കുംനാഥന് കലശമാടൽ, ശ്രീപാർവതിക്ക് പുഷ്പാഭിഷേകം എന്നിവയും നടന്നു. തുടർന്ന് അന്നദാനമണ്ഡപത്തിൽ തിരുവാതിര ഊട്ടും ആറിന് നിറമാലയും ലക്ഷദ്വീപവും തെളിയിക്കും. ഇതോടെ ഈ വർഷത്തെ ആതിരോത്സവത്തിന് തിരശ്ശീല വീഴും. ഭക്തജനങ്ങൾ അടുത്ത ആണ്ടിലെ ആതിരോത്സവത്തിന്റെ ദർശന സായൂജ്യത്തിനായി കാത്തിരിപ്പ് തുടരും…

കെ.ആർ. അജിത

See also  ഫെയ്‌സ് ഫൗണ്ടേഷന്റെ ചാരിറ്റി അവാർഡ് സമ്മാനിച്ചു.

Related News

Related News

Leave a Comment