മൂന്ന് പതിറ്റാണ്ടിലേറെ കാത്തിരിപ്പിനൊടുവിൽ കടവല്ലൂർ പഞ്ചായത്തിലെ തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി. തലമുറകളായി സ്ഥലത്തെ സ്ഥിര താമസക്കാരായിരുന്നെങ്കിലും ഈ കുടുംബങ്ങളുടെ കയ്യില്‍ ഭൂമി സംബന്ധിച്ച ഒരു രേഖയും ഉണ്ടായിരുന്നില്ല. ഭൂനികുതിയും അടച്ചിരുന്നില്ല. അതിനാല്‍ അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.
കൂലിപ്പണിയാണ് ഏക വരുമാന മാർഗം.
എ സി മൊയ്തീൻ എം എൽ എ ഇടപെട്ടാണ് ഈ കുടുംബങ്ങള്‍ക്ക് കൈവശ ഭൂമിയില്‍ അവകാശം നല്‍കാനുള്ള നടപടികള്‍ കൈക്കൊണ്ടത്. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ അടുത്ത ദിവസം തന്നെ കുടുംബങ്ങൾക്ക് മിച്ചഭൂമി പട്ടയം കൈമാറും. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി സ്വന്തമാകുന്നതിന്റെ സന്തോഷത്തിലാണ് കടവല്ലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ 27 കുടുംബങ്ങള്‍.
പട്ടയം ലഭിക്കാത്തതിനാൽ സ്വന്തം പറമ്പിൽ അന്യരെ പോലെ കഴിയേണ്ടി വന്ന അവസ്ഥയ്ക്ക് ഇതോടെ വിരാമമാകുകയാണ്. വിവിധ സര്‍ട്ടിഫിക്കറ്റിന് ഉള്‍പ്പെടെ സമീപിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് വടക്കേ ലക്ഷം വീട് കോളനി നിവാസികൾ. പഞ്ചായത്തിലെ മോളു കുന്ന്, പരിവകുന്ന്, പൂയംകുളം പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടയങ്ങളും സർക്കാരിന്റെ പരിഗണനയിലാണ്.
സംസ്ഥാന സർക്കാരിന്റെ സമുചിതമായ പ്രവർത്തനത്തിന്റെ ഭാഗമായി പാരമ്പര്യമായി കൈമാറി കിട്ടിയ ഭൂമിക്കും കിടപ്പാടത്തിനും രേഖയില്ലാതെ ദുരിതമനുഭവിക്കുന്ന നിരവധി കുടംബങ്ങളാണ് ഭൂമിയുടെ അവകാശികളായി മാറിയത്.