എം പി ഫണ്ട് വിനിയോഗം : ഇരിങ്ങാലക്കുട മണ്ഡലത്തെ പാടെ അവഗണിച്ചതായി സി പി ഐ

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നാലര വർഷം പിന്നിട്ടപ്പോൾ ടി എൻ പ്രതാപൻ എം പിയുടെ പ്രാദേശിക വികസനഫണ്ട് നാല് പഞ്ചായത്തുകൾക്ക് അനുവദിച്ചില്ലെന്ന പരാതിയുമായി സി പി ഐ രംഗത്ത്. പടിയൂർ, കാറളം, കാട്ടൂർ, പൂമംഗലം എന്നീ ഗ്രാമ പഞ്ചായത്തുകളെ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എം പി ഫണ്ട് അനുവദിച്ചപ്പോൾ പരിഗണിച്ചില്ല എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇക്കാലയളവിൽ എം പി ക്ക് പ്രാദേശിക വികസന ഫണ്ട് ഉൾപ്പെടെ 9,99,18,000 രൂപയാണ് ലഭിച്ചത്. അതിൽ 7,15,91,000 രൂപ ചെലവഴിക്കപ്പെട്ടു. ഇരിങ്ങാലക്കുട, ഗുരുവായൂർ, ചാവക്കാട് നഗരസഭകളും, തൃശൂർ കോർപ്പറേഷനും, 44 ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ മൊത്തം 74 പദ്ധതികൾക്കായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഏഴ് റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെവികസനത്തിനായി എം പിയുടെ വികസന ഫണ്ടിൽ നിന്ന് ഒന്നും തന്നെ ചെലവഴിച്ചിട്ടില്ല. പ്രാദേശിക വികസന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിലും പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിലും എം പി സമ്പൂർണ്ണപരാജയമായിരുന്നു എന്നും സി പി ഐ മണ്ഡലം സെക്രട്ടറി പി മണി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിച്ചു.

Leave a Comment