തൃശ്ശൂര്‍ – കുറ്റിപ്പുറം (സംസ്ഥാന പാത 69) റോഡില്‍ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെ നാലുവരിപ്പാതയാക്കി റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നു. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നാലുവരിപ്പാതയായി റോഡ് വികസനം നടത്താന്‍ 96.47 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കി. സംസ്ഥാന പാത 69 ല്‍ 1.8 കിലോമീറ്റര്‍ വരുന്ന മുണ്ടൂര്‍ – പുറ്റേക്കര ഭാഗം റോഡിന് വീതി കുറവായതിനാല്‍ കുപ്പിക്കഴുത്ത് ആയിരുന്നു. യാത്രാദുരിതത്തിനും ഒട്ടനവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതിനും പരിഹാരമായി.
2021 ആഗസ്റ്റ് 13 ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിയമസഭയില്‍ ഈ പ്രശ്നം സബ്മിഷനായി ഉന്നയിക്കുകയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അനുകൂല മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ദിവസം സ്ഥലം സന്ദര്‍ശിച്ച മന്ത്രി വിഷയം പരിഹരിക്കുമെന്ന ഉറപ്പ് നല്‍കി. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് റോഡ് നാലുവരിയാക്കി വീതി കൂട്ടുന്നതിനായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. 96.47 കോടി രൂപയുടെ ഭരണാനുമതി ഇതിനായി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്ഥലം ഏറ്റെടുപ്പിനായി മാത്രം 56.99 കോടി രൂപയാണ് അനുവദിച്ചത്. തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡ് നാലുവരിയാക്കി വികസിപ്പിക്കല്‍ പദ്ധതിയുടെ ഭരണാനുമതി പുതുക്കിക്കൊണ്ടാണ് ഇപ്പോള്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, കെഎസ്ഇബി എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിങിനായി 60.37 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഭരണാനുമതി ലഭ്യമായ സാഹചര്യത്തില്‍ സാമൂഹ്യ ആഘാത പഠനത്തിനും, സ്ഥലം ഏറ്റെടുപ്പിനുമുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അറിയിച്ചു. തൃശ്ശൂര്‍ ജില്ലയുടെയും വടക്കാഞ്ചേരി മണ്ഡലത്തിന്റെയും പ്രധാന വികസന ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്. അമല നഗറില്‍ സമാന്തര മേല്‍പ്പാലം 2023 – 24 സംസ്ഥാന ബജറ്റില്‍ കിഫ്ബി മുഖേന ഏറ്റെടുത്തിരുന്നു. മുണ്ടൂര്‍ – പുറ്റേക്കര ഭാഗത്തെ കുപ്പിക്കഴുത്തിനും പരിഹരാരമാകുന്നതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളെ വടക്കന്‍ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ എസ്.എച്ച് 69 ലെ ഗതാഗതം സുഗമവും അപകടരഹിതവുമാക്കാനാവും.