ഇരിങ്ങാലക്കുട :കണ്ടാൽ ഏറെ അത്ഭുതം എന്ന് തോന്നിക്കുന്ന നീല നിറത്തിലുള്ള തിമിംഗലം. 50 വർഷം മുൻപ് ലഭിച്ച നീല തിമിംഗലത്തിന്റെ ഫോസിൽ കൊണ്ട് ജീവൻ തുടിക്കുന്ന തിമിംഗല മാതൃക സൃഷ്ടിച്ച് ക്രൈസ്റ്റ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ഫോസിലുകളിൽ പഞ്ഞിയും പ്ലാസ്റ്റർ ഓഫ് പാരീസും മറ്റും ചേർത്ത് ചാരുതയാർന്ന തിമിംഗലത്തിന്റെ മാതൃകയാണ് ഇവർ തീർത്തത്. തിമിംഗലത്തിന് ചുറ്റും എൽ ഇ ഡി ബൾബുകൾ അലങ്കരിച്ച് കടലിൽ തിമിംഗലത്തെ കാണുന്ന ഒരു പ്രതീതിയാണ് പ്രേക്ഷകർക്ക് അനുഭവവേദ്യമാകുക.
ഏകദേശം 50 വർഷങ്ങൾക്കു മുൻപ് കോളേജിനു ലഭിച്ച നീലത്തിമിംഗലത്തിന്റെ അസ്ഥികൂടം ഉൾക്കൊള്ളിച്ചാണ് പുതിയ മാതൃക കോളേജിൽ ഒരുക്കിയിരിക്കുന്നത്. 1970ലാണ് കോളേജിൻറെ അന്നത്തെ പ്രിൻസിപ്പാൾ ആയിരുന്ന പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ചിറമേലിന്റെ ശ്രമഫലമായി നീലതിമിംഗലത്തിന്റെ യഥാർത്ഥ അസ്ഥികൂടം കോളേജിന് ലഭിച്ചത്. കോളേജിലെ അന്നത്തെ ടാക്സിഡെർമിസ്റ്റായിരുന്ന കെ. കെ. അംബുജാക്ഷൻ ഈ അസ്ഥിപഞ്ജരം ശേഖരിച്ച് കേട് കൂടാതെ കോളേജ് മ്യൂസിയത്തിൽ സൂക്ഷിച്ചു. പിന്നീട് കോളേജിന്റെ പുനരുദ്ധാരണ സമയത്ത് ഇത് സമീപത്തുള്ള ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലേക്ക് മാറ്റിയെങ്കിലും വിദ്യാർഥികൾക്കും ഗവേഷകർക്കും കൂടുതൽ ഉപകാരപ്പെടുന്നതിനായി ക്രൈസ്റ്റ് കോളേജിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
ഏകദേശം 50 അടി നീളമുണ്ട് നീലത്തിമിംഗലത്തിന്. തിമിംഗലത്തിൻ്റെ ആവാസവ്യവസ്ഥ അതേ രീതിയിൽ പുനഃസൃഷ്ടിച്ചാണ് ഇത് സംരക്ഷിച്ചിരിക്കുന്നത്. നീലതിമിംഗലത്തിന്റെ പ്രത്യേകതകളും ആവാസവ്യവസ്ഥകളും ജീവിതരീതിയുമൊക്കെ വിശദീകരിക്കുന്ന ദൃശ്യ-ശ്രാവ്യ സംവിധാനവും ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നു. കോളേജിലെ സുവോളജി ബ്ലോക്കിനോട് ചേർന്നു ഒരുക്കിയിരിക്കുന്ന ഈ മാതൃക നിരവധി പേർ ഇതിനോടകം സന്ദർശിച്ചു.
കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിലും പ്രിൻസിപ്പാൾ ഡോ. ഫാദർ ജോളി ആൻഡ്രൂസും ചേർന്ന് തിമിംഗല മാതൃക വിദ്യാർഥികൾക്കായി തുറന്നുകൊടുത്തു. നിരവധി കലാകാരൻമാരുടെ ശ്രമഫലമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ആവാസ മാതൃക വിജ്ഞാന കുതുകികൾക്ക് ഉപകാരപ്രദമാകുമെന്ന് ഈ സംരംഭത്തിന് ചുക്കാൻ പിടിച്ച കോളേജ് ബസാർ ഫാ. വിൻസെൻറ് നീലങ്കാവിൽ അഭിപ്രായപ്പെട്ടു.