തൃശൂർ : പണികൾ പൂർത്തിയാകാത്ത റോഡ് സുഖകരമല്ലാത്ത യാത്രയിൽ ടോൾ കൊടുക്കേണ്ടി വരിക. വിവരങ്ങൾ രേഖപ്പെടുത്താതെ മാഞ്ഞു പോകുന്ന രശീതിയും നൽകിയെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ ഇൻഷൂറൻസ് ഇൻവെസ്റ്റിഗേറ്റർ ജോർജ്ജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് പാലിയേക്കര ടോൾ ബൂത്ത് നിയന്ത്രിക്കുന്ന തൃശൂരിലെ ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ, എറണാകുളത്തുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ളിമെന്റേഷൻ യൂണിറ്റ് എന്നിവർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.
ജോർജ്ജ് തട്ടിൽ ടോൾ നൽകി തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്കാണ് യാത്ര ചെയ്തത്. ടോൾ ബൂത്തിൽ നിന്ന് തനിക്ക് ലഭിച്ച ബില്ലിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല എന്നും, നിയമ വിരുദ്ധവും മാഞ്ഞു പോകുന്നതും, പൂർണ്ണമായി റോഡ് പണികൾ പൂർത്തിയാക്കാതെയുമാണ് ടോൾ പിരിച്ചതെന്നും ജോർജ്ജ് തട്ടിൽ ആരോപിച്ചു. സർവ്വീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാതെയും തെരുവ് വിളക്കുകൾ സ്ഥാപിക്കാതെയും പാലത്തിന് മുകളിൽ ഫുട്പാത്ത് യാത്രക്കാർക്ക് സഞ്ചരിക്കുവാൻ സൗകര്യം ഒരുക്കാതെയുമാണ് അവർ ടോൾ പിരിച്ചിരുന്നത്. തുടർന്നാണ് ജോർജ്ജ് തട്ടിൽ ഹർജി ഫയൽ ചെയ്തത്.അപ്പോഴേക്കും രശീതി മാഞ്ഞു തുടങ്ങിയിരുന്നു. ഹർജി തെളിവിനായി പരിഗണിച്ച വേളയിൽ രശീതി സമ്പൂർണ്ണമായി മാഞ്ഞു പോയിരുന്നു. രശീതിയുടെ കാലാവധി വെറും 24 മണിക്കൂർ മാത്രമാണെന്നും അതുകൊണ്ടു തന്നെ രശീതി മാഞ്ഞു പോകുന്നുവെന്ന വാദത്തിന് പ്രസക്തിയില്ലെന്നുമായിരുന്നു എതിർ കക്ഷികളുടെ വാദം. ഹർജിക്കാരൻ യാത്ര ചെയ്‌തിരുന്ന സമയത്ത് റോഡ് സംബന്ധമായ പണികൾ പൂർത്തിയായിരുന്നില്ല എന്നും കോടതിയിൽ തെളിയിക്കപ്പെട്ടു. 90% പണികളും പൂർത്തിയായിരുന്നുവെന്ന് കോടതി വിലയിരുത്തി.തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർറാം മോഹൻ എന്നിവർ ഉൾപ്പെട്ട തൃശൂർ ഉപഭോക്തൃ കോടതി ടോൾ തുകയായി ഈടാക്കിയ 55 രൂപയിൽനിന്ന് 10% പണികൾ പൂർത്തിയാക്കാത്തതിന്റെ അടിസ്ഥാനത്തിൽ 6 രൂപ തിരികെ നൽകുവാനും, എതിർ കക്ഷികളുടെ സേവനവീഴ്ച്ച നഷ്ട പരിഹാരമായി 10,000 രൂപ നൽകുവാനും, ആവശ്യമായ വിവരങ്ങൾ അടങ്ങുന്ന മായാത്ത ബില്ലുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ നൽകിത്തുടങ്ങണമെന്നും കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.