ഇരിങ്ങാലക്കുട : നെയ്തെടുത്ത സ്വപ്നങ്ങളെല്ലാം അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുതിർന്ന അവസ്ഥയിലാണ് കരുവന്നൂരിലെ കർഷകർ. കരുവന്നൂർ കർഷക സംഘങ്ങളുടെ പാടശേഖര സമിതികളിൽ പുഞ്ചകൃഷിയ്ക്കായുള്ള ഏക്കറു കണക്കിന് നെൽകൃഷി ഇപ്പോഴും വെള്ളത്തിനടിയിലാണ്. കരുവന്നൂർ ബംഗ്ലാവിനു സമീപം കൃഷിഭവനോടു ചേർന്നുള്ള കിഴക്കേ പുഞ്ചപ്പാടം, തൊട്ടിപ്പാൾ മാടപ്പുറം തുടങ്ങിയ പാടശേഖരങ്ങളിലെ നെൽകൃഷിയാണ് ഇപ്പോഴും വെള്ളത്തിനടിയിലുള്ളത്. കരുവന്നൂർ കർഷക സംഘം, കരിക്കാകുളം പാടശേഖര സമിതി എന്നിവടങ്ങളിലെ കർഷകർ ഇതു സംബന്ധിച്ച് കൃഷിഭവനിൽ പരാതി നൽകിയിട്ടുണ്ട്. ഏകദേശം 500 ഏക്കറോളം നെൽകൃഷിയാണ് ഇപ്പോഴും വെള്ളത്തിനടിയിലുള്ളത്. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനായി 50 എച്ച് പി യുടെ നാല് മോട്ടോറുകൾ രണ്ടാഴ്ച്ചയോളമായി തുടർച്ചയായി പ്രവർത്തിപ്പിക്കുന്നുണ്ട്. എന്നിട്ടും അവിടെയുള്ള വെള്ളത്തിന്റെ അളവ് കാര്യമായി കുറഞ്ഞിട്ടില്ല. ഇപ്പോഴും നെൽചെടികൾ രണ്ടടിയോളം വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. വെള്ളത്തിൽ മുങ്ങിക്കിടന്ന നെൽച്ചെടികൾ പറിച്ചപ്പോൾ അവയുടെ വേരുചീഞ്ഞ നിലയിലായിരുന്നു. കൃഷി ഭവനിൽ നിന്നും ലഭിച്ച ഉമ വിത്താണ് ഇവർ വിതച്ചത്. വിത്ത് മാത്രമാണ് സൗജന്യമായി ലഭിച്ചത്. ഒരു ഏക്കറിന് 25000 രൂപയാണ് ഇവർക്ക് കൃഷിയിറക്കാൻ ചിലവായിരിക്കുന്നത്.
യോഹന്നാൻ മൂർക്കനാട്ടുക്കാരൻ, ശശിധരൻ വല്ലത്ത്, പോൾ തെക്കൂടൻ, രാധാകൃഷ്ണൻ കോവാത്ത്, ജോസ് മങ്കിടിയാൻ, മനോഹരൻ, മുരളി കോവാത്ത് എന്നിവരുടെ കൃഷിയാണ് നശിച്ചത്. മുൻ വർഷങ്ങളിൽ നല്ല വിളവ് ലഭിച്ചിരുന്നതായി കർഷകർ തന്നെ സമ്മതിക്കുന്നുണ്ട്. പൊറത്തിശേരി പറപ്പൂക്കര കൃഷി ഭവനിലെ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ആദ്യം ഇഷ്‌ടിക കളമായിരുന്ന ഈ പ്രദേശം ജെ സി ബി ഉപയോഗിച്ച് നികത്തി ഭീമമായ തുക ചിലവു ചെയ്താണ് നെൽകൃഷിക്ക് അനുയോജ്യമാക്കിയത്. കോന്തിപുലം, താമരവളയം താത്കാലിക തടയണകൾ മാറ്റി സ്ഥിരം സംവിധാനം ഏർപ്പെടുത്തുക, പ്രളയത്തിൽ മണ്ണിടിഞ്ഞ് ആഴം കുറഞ്ഞ ബണ്ട് തോടിന്റെയും ഉൾത്തോടുകളുടെയും ആഴം കുട്ടുക, ബണ്ടുകളിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോർ ഷെഡുകൾ ഉയർത്തി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് ഇവിടത്തെ കർഷകർ ഉയർത്തുന്നത്.