തിരുവനന്തപുരത്തും കടലിനുമീതേ നടക്കാം, വർക്കലയിലേത് ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്…..

Written by Taniniram Desk

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശമുള്ള ജില്ലകളിലെല്ലാം ഫ്ലോട്ടിങ് ബ്രിഡ്ജെന്ന ലക്ഷ്യത്തിലേക്കടുത്ത് കേരളം. ടൂറിസം വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് എന്നലെ വർക്കലയിൽ ആരംഭിച്ചത്. ഇതോടെ തീരദേശമുള്ള ഒൻപത് ജില്ലകളിൽ ഏഴിടത്തും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചുകഴിഞ്ഞു. മറ്റുരണ്ടിടത്തും വൈകാതെ തന്നെ ഇവ സ്ഥാപിക്കും.

കോഴിക്കോട്, കണ്ണൂർ, കാസർകോട്, തൃശൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ആലപ്പുഴ, കൊല്ലം ജില്ലകളിൽകൂടി ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ആരംഭിക്കുന്നതോടെ ഒൻപത് തീരദേശ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജുകൾ എന്ന ലക്ഷ്യം പൂർത്തിയാകും. തലസ്ഥാന ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. തീരദേശ ടൂറിസവും സാഹസിക ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കടലിനുമീതെ നടക്കാനുള്ള അവസരം ടൂറിസം വകുപ്പ് ഒരുക്കുന്നത്.

കോഴിക്കോട് (ബേപ്പൂര്‍), കണ്ണൂര്‍ (മുഴപ്പിലങ്ങാട്), കാസര്‍കോട്‌ (ബേക്കല്‍), മലപ്പുറം (താനൂർ തൂവല്‍ തീരം), തൃശൂർ (ചാവക്കാട്), എറണാകുളം (വൈപ്പിൻ കുഴുപ്പിള്ളി) എന്നിവിടങ്ങൾക്ക് ശേഷമാണ് വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്. കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനനുസരിച്ച് നടക്കാമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ പ്രത്യേകത.

100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമാണ് പ്ലാറ്റ് ഫോം. ഇവിടെനിന്ന് കടൽക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെൻസിറ്റി ഫ്ളോട്ടിങ് പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചത്.

ഫ്ലോട്ടിങ് ബ്രിഡ്ജുകൾക്ക് ഏറെ ജനീപ്രതി ലഭിച്ചെന്നും കൂടുതൽ ഇടങ്ങളിലായി ഇത് വ്യാപിപ്പിക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് കാലാവസ്ഥാ മാറ്റം കാരണം അഴിച്ചുമാറ്റിയപ്പോൾ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചാവക്കാടെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  ആണവനിലയം യാഥാർഥ്യമാകുമോ?

Related News

Related News

Leave a Comment