തിരുവല്ലം: ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് യുവ വനിതാ ഡോക്ടറുടെ വലത് കാലിൽ മാരകമായ പരിക്ക്. ഇന്ന് രാവിലെ തിരുവല്ലം ജംഗ്ഷനിൽ 10:30 നോടുകൂടിയാണ് അപകടം നടന്നത് . തിരുവല്ലത്ത് നിന്ന് പൂന്തുറയിലേക്ക് പോകുകയായിരുന്നു സ്കൂട്ടർ യാത്രക്കാരി. അതേ ദിശയിൽ പോയ ടൂറിസ്റ്റ് ബസ്സ് ഹൈവേയിൽ വെച്ച് പൊടുന്നനെ ഇടത്തേയ്ക് തിരിഞ്ഞ് കയറുമ്പോഴാണ് അപകടം സംഭവിച്ചത്. പൂന്തുറ ഐ ഡി പി കോളനിയിൽ താമസിക്കുന്ന യുവ ഡോക്ടർ സ്റ്റെഫിയാണ് ബസ്സിനടിയിൽ പെട്ടത്. വനിതയുടെ വലത് കാൽപാദത്തിന്റെ മാംസം അടർന്ന് പോയി. ടൂറിസ്റ്റ് ബസ്സിന്റെ ക്ലീനർ കണ്ടിട്ടും ഡ്രൈവറോട് ബസ്സ് നിർത്താൻ പറയാത്തതും ,ഡ്രൈവർ ഇടത് വശത്തെ കണ്ണാടിയിൽ സ്കൂട്ടറിൽ തട്ടിയിട്ടും നിർത്താതെ മുന്നോട്ട് എടുത്തതും അപകടകാരണമായി ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവർമാർ പറയുന്നു.
ഈ അപകടം സംഭവിച്ച ഉടൻ തിരുവല്ലം പോലീസിൽ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ കൺട്രോൾ റൂമിൽ വിളിച്ച് പറഞ്ഞ് അര മണിക്കൂർ കഴിഞ്ഞിട്ടാണ് പോലീസ് സ്ഥലത്ത് എത്തി വാഹനങ്ങൾ മാറ്റിയത്. അതുവരെ നൂറിലധികം വാഹനങ്ങൾ അരമണിക്കൂറോളം ഗതാഗത കുരുക്കിൽ പെടുകയായിരുന്നു. ഇത്രയധികം വാഹനങ്ങൾ പോകുന്ന ജംഗ്ഷനിൽ, പ്രായമായ വനിതാ ട്രാഫിക് വാർഡനെയാണ് ഗതാഗതം നിയന്ത്രിക്കുവാൻ നിർത്തിയിരിക്കുന്നത്. എന്നാൽ ഇത് വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കാനേ ഇടയാക്കൂ എന്ന് നാട്ടുകാർ ആരോപിക്കുന്നു. തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിയിൽ വനിതാ ഡോക്ടറെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയിരിക്കുകയാണ്.