Tthiruvairanikulam temple opening date 2025 :ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവം 2025 ജനുവരി 12 ന് ആരംഭിക്കും. ജനുവരി 23 വരെ നീളുന്ന ഉത്സവത്തിൽ ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് സംവിധാനമടക്കം ഒരുക്കിയിട്ടുണ്ട്.
ഇത്തവണ സമ്പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഉത്സവാഘോഷങ്ങൾ നടക്കുന്നത്. തിരുവൈരാണിക്കുളം ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളുമായി വ്യത്യസ്തമാക്കുന്നത് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന നടതുറപ്പ് മഹോത്സവമാണ്. കൂടാതെ, സ്ത്രീകളുടെ ശബരിമല എന്നും തിരുവൈരാണിക്കുളം ക്ഷേത്രം അറിയപ്പെടുന്നു.
വർഷത്തിൽ 12 ദിവസം മാത്രമാണ് ക്ഷേത്രനട തുറക്കുക. അതിനാൽ ആയിരക്കണക്കിന് ഭക്തരാണ് മഹോത്സവത്തിൽ പങ്കെടുക്കാനായി ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ നിന്നായി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുക. ക്ഷേത്ര മഹോത്സവ നടതുറപ്പു ചടങ്ങുമുതൽ ശ്രീപാർവതി ദേവിയുടെ തോഴിമാരെന്ന സങ്കൽപത്തിൽ ‘ബ്രാഹ്മണിയമ്മ’ എന്നറിയപ്പെടുന്ന സ്ത്രീ കൂടി ഒപ്പം നിന്നാണ് പ്രധാന പൂജകൾക്കെല്ലാം നേതൃത്വം നൽകുന്നത്.
ധനുമാസത്തിലെ തിരുവാതിര മുതൽ 12 ദിവസം മാത്രം ദർശനം അനുവദിക്കുന്ന ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഇവിടെ എത്തുന്ന ഭക്തരിൽ നല്ലൊരു വിഭാഗവും സ്ത്രീകളാണ്.
വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്തിയാൽ ദേവസ്വം പാർക്കിങ് ഗ്രൗണ്ടുകളായ സൗപർണിക, കൈലാസം എന്നിവിടങ്ങളിലെ വേരിഫിക്കേഷൻ കൗണ്ടറിൽ ബുക്കിങ് രസീത് നൽകി ദർശന പാസ് വാങ്ങാം. ഇവർക്ക് സാധാരണ ക്യൂവിലൂടെയും ദർശനത്തിന് അവസരമൊരുക്കും. ക്ഷേത്രത്തിന്റെ വെബ്സൈറ്റായ www.thiruvairanikkulamtemple.org വഴി ഭക്തജനങ്ങൾക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്.